മഞ്ജു വാര്യരെ അപമാനിച്ചെന്ന പരാതിയില്‍  സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

കൊച്ചി- നടി മഞ്ജു വാര്യരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പിടികൂടിയത്. പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നുമാണ് മഞ്ജു പരാതി നല്‍കിയിരുന്നത്. കൊച്ചി എളമക്കര  പോലീസാണ് സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ച്ചയായി സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നല്‍കിയ മൊഴിയില്‍ പറയുന്നു. കുറെകാലമായി തുടര്‍ന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാന്‍ തുടങ്ങിയപ്പോഴാണ് താന്‍ പരാതിപ്പെട്ടതെന്നും മഞ്ജു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മഞ്ജു വാര്യരുടെ ജീവന്‍ തുലാസില്‍ ആണെന്നും അവര്‍ തടവറയിലാണെന്നും സൂചിപിച്ച് കൊണ്ട് സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവെച്ച പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ  മാറ്റിയതെന്നും, സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചിലരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. 
 

Latest News