ദുബായ്- നാട്ടിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട എത്യോപ്യന്‍ യാത്രക്കാരിക്ക് സഹായവുമായി ദുബായിലെ എമര്‍ജന്‍സി സര്‍വീസ്.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് മൂന്ന് കുട്ടികളുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായിരുന്നു യാത്രക്കാരി.
വിമാനമിറങ്ങിയ ശേഷം അടുത്ത യാത്രക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്നതിനിടെയാണ് പ്രസവ വേദന തുടങ്ങിയത്. എയര്‍പോര്‍ട്ടിലെ ആംബുലന്‍സ് ടീം പെട്ടെന്ന് സഹായത്തിനെത്തി. പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂടെയുള്ള കുട്ടികളെ കുറിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
മൂന്ന് കുട്ടികളോടൊപ്പമായിരുന്നതിനാല്‍ അവരെ നോക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ത്ത് യാത്രക്കാരി പരിഭ്രാന്തയായി വിഷമിച്ചിരുന്നുവെന്ന് ദുബായ് പോലീസിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അതിഖ് ബിന്‍ ലഹേജ് പറഞ്ഞു.
ക്ലിനിക്കിലെ ഓപ്പറേഷന്‍ സജ്ജമാക്കാന്‍ അറിയിച്ച ശേഷമാണ് യാത്രക്കാരിയെ അവിടെ എത്തിച്ചതെന്നും അവര്‍ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ആംബുലന്‍സ് ടീം യാത്രക്കാരിയെ ലത്തീഫ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് എത്തിച്ചത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ജീവനക്കാരനും ദുബായ് പോലീസ് ടീമും കുട്ടികള്‍ക്ക് പൂര്‍ണ്ണ പരിചരണം നല്‍കി എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റി.