Sorry, you need to enable JavaScript to visit this website.

പുതിയ സഹകരണ കരാറില്‍ ഇന്ത്യയും യു.എ.ഇയും: ഉല്‍പന്നങ്ങള്‍ക്ക് വില കുറയും

ദുബായ്-  ഇന്ത്യയും യു.എ.ഇയും പരസ്പര സഹകരണത്തിന്റെ ഉറച്ച അധ്യായമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (കോംപ്രിഹെന്‍സീവ് ഇക്കോണമിക് പാര്‍ട്ണര്‍ഷിപ് എഗ്രിമെന്റ് (സെപ) തുറക്കുന്നതെന്ന് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍.

ഉറച്ച സഹകരണത്തിന്റെയും മുന്നോട്ടുള്ള സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണ് ആദ്യ കയറ്റുമതി നടത്താന്‍ അവധി ദിവസങ്ങളായിരുന്നിട്ടും ഇരുപക്ഷത്തെയും ഉദ്യോഗസ്ഥര്‍ ഓഫീസുകളിലെത്തിയതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സെപയിലൂടെ ഇന്നലെ ദുബായിലെത്തിയ 7500 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും ഏറ്റുവാങ്ങുകയായിരുന്നു അവര്‍.

ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ട്രാന്‍സ് ഗാര്‍ഡ് ആസ്ഥാനത്ത് പ്രത്യേക ചടങ്ങു നടത്തിയായിരുന്നു കൈമാറ്റം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, സിറോയ ജ്വല്ലേഴ്‌സ്, ജ്വല്‍ വണ്‍ ജ്വല്ലറി എന്നിവയുടെ ആഭരണങ്ങളും രത്‌നങ്ങളുമാണ് എത്തിയത്. ഈ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇവ ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയില്‍നിന്ന് വാണിജ്യ സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്‌മണ്യമാണ് കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തത്.

38 ലക്ഷത്തിലധികം രൂപയുടെ നികുതി ഇളവുകളാണ് കഴിഞ്ഞ ദിവസം വന്ന ഉത്പന്നങ്ങള്‍ക്ക് ലഭിച്ചത്.  ഇന്ത്യയിലേക്കും കഴിഞ്ഞദിവസം സ്വര്‍ണക്കട്ടി കയറ്റുമതി ചെയ്തതായി യു.എ.ഇ രാജ്യാന്തര വ്യാപാര അസി. സെക്രട്ടറി ജുമ മൂഹമ്മദ് അല്‍ കെയ്ത് വ്യക്തമാക്കി. സ്വര്‍ണ വ്യാപാരത്തില്‍ ലോകത്തെ ഏറ്റവും വലിയ ഇടമായ ദുബായ് ഈ മേഖലയിലെ മോശം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

വ്യവസായികള്‍ക്ക് സെപ പുതിയ വഴി തുറക്കുകയാണ്. ചില നിബന്ധനകള്‍ക്ക് വിധേയമായാല്‍ നികുതിയില്ലാതെ സാധനങ്ങള്‍ കയറ്റിറക്കു നടത്താം. ഇത് ഇരുരാജ്യത്തെയും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയെപോലും സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എ.ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യു.എ.ഇ ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യയെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. ഇന്ത്യ ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യവുമാണ് യു.എ.ഇ.

 

Latest News