Sorry, you need to enable JavaScript to visit this website.

വിജയ് ബാബുവിനെ കണ്ടെത്താന്‍  ബ്ലൂ കോര്‍ണര്‍ നോട്ടീസ് 

കൊച്ചി- ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊച്ചി സിറ്റി പോലീസ്. ദുബായില്‍ ഒളിവില്‍ കഴിയുന്നു എന്ന് കരുതുന്ന വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണസംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇമെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിസിനസ്സ് പരമായ ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് വിജയന്‍ ബാബു നോട്ടീസിനു നല്‍കിയ മറുപടി.
യുവനടിയെ പീഡിപ്പിച്ച കേസില്‍ പോലീസിന് മുമ്പില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ് 19ന് ഹാജരാകാമെന്നും നടന്‍ കൊച്ചി സിറ്റി പോലീസിനെ അറിയിച്ചിരുന്നു. മെയ് 18ന് നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സാവകാശം തേടിയത്. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മെയ് 16 വരെയാണ് വേനലവധി.
ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാല്‍ മറ്റ് സമ്മര്‍ദ വഴികളിലൂടെ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. തുടര്‍ച്ചയായി ബലാത്സംഗ ചെയ്തതായി യുവനടിയാണ് വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഒന്നരമാസത്തോളം തനിക്ക് വലിയ ശാരീരിക മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവര്‍ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
 യുവതിയുടെ പീഡന പരാതിക്കു പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ദുബായില്‍ ഉണ്ടെന്നായിരുന്നു ഇതുവരെ ലഭിച്ചിരുന്ന വിവരം. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ വിജയ് ബാബുവില്‍ നിന്നും പ്രതികരണവും വന്നിരുന്നു. എന്നാല്‍, വിജയ് ബാബു ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. തമിഴ്‌നാട്ടില്‍ ഉണ്ടെന്നുള്ള സംശയം ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Latest News