രാജസ്ഥാനിലെ വര്‍ഗീയ സംഘര്‍ഷം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂദല്‍ഹി- ജോധ്പൂര്‍ മേഖലയിലെ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംസ്ഥാന  അധികാരികൃതരില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ തേടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ചൊവ്വാഴ്ച ഈദിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജന്മനാടായ ജോധ്പൂരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നഗരത്തിലെ 10 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ജോധ്പൂരിലെ ജലോരി ഗേറ്റ് സര്‍ക്കിളില്‍ പതാക സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചത്.  അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.
സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് അര്‍ദ്ധരാത്രി വരെ കര്‍ഫ്യൂ തുടരാനും ജോധ്പൂര്‍ പോലീസ് ഉത്തരവിട്ടു.
കനത്ത പോലീസ് വിന്യാസത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും രാവിലെ ഈദ്ഗാഹിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സംഘര്‍ഷം വീണ്ടും രൂക്ഷമായിരുന്നു. ജലോരി ഗേറ്റ് പരിസരത്ത് കടകള്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ കല്ലേറുണ്ടായി.

ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ ഈദ് പതാകകള്‍ സ്ഥാപിച്ചതിനു പിന്നാലെ പരശുരാമജയന്തിക്ക് മുന്നോടിയായി അവിടെ സ്ഥാപിച്ച കാവിക്കൊടി കാണാതായെന്ന് ആരോപിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നു.

 

Latest News