സിനിമാ രംഗത്തെ സ്ത്രീപീഡനം;  സാംസ്‌കാരിക മന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം- സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 11ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് പ്രധാന ചര്‍ച്ചാ വിഷയം. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, സാംസ്‌കാരിക ക്ഷേമനിധി തുടങ്ങിയവയുടെ ഭാരവാഹികളും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ച ചെയ്താണ് കരടു നിയമത്തിനു രൂപം നല്‍കിയത്. ഇ ടിക്കറ്റിംഗ് തുടങ്ങി ചലച്ചിത്ര മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതില്‍ ഉണ്ടാകും.
ഇത് സംബന്ധിച്ച് എല്ലാ സംഘടനകളുടെയും അഭിപ്രായം അറിയുന്നതിനാണ് മന്ത്രിതല ചര്‍ച്ച. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ യോഗത്തില്‍ പ്രതിനിധികള്‍ പ്രതിഷേധം അറിയിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിരുന്നു.
 

Latest News