റിയാദ് - സൗദി അറേബ്യയിൽനിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുകയിൽ ആയിരം റിയാൽ വർധന. എംബാമിംഗ് ചാർജാണ് ആയിരം റിയാൽ വർധിപ്പിച്ചത്. ഇതുവരെ 5000 റിയാലായിരുന്നു എംബാമിംഗ് ചാർജ്.
മൃതദേഹം നാട്ടിലയക്കാനുള്ള എല്ലാ രേഖകളും ശരിയാക്കിയ ശേഷം എംബാമിംഗ് ചാർജായി ഇനി മുതൽ ആറായിരം റിയാൽ ഓൺലൈൻ ബാങ്ക് അക്കൗണ്ട് വഴി അടക്കണം. തുടർന്ന് മോർച്ചറിയിൽനിന്ന് ലഭിക്കുന്ന എംബാമിംഗ് അപേക്ഷ വിമാനത്താവളത്തിൽ കൊണ്ടുപോയി സീൽ ചെയ്യിക്കണം. ഈ രേഖ വീണ്ടും മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം ഫ്രീസറിൽനിന്ന് പുറത്തെടുക്കും. എംബാമിംഗ് നടപടികൾ പൂർത്തിയാകുന്നതോടെ നേരെ വിമാനത്താവളത്തിലേക്ക് അയക്കാറാണ് പതിവ്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ആറായിരം റിയാലാണ് ഇപ്പോൾ ഈടാക്കുന്നത്. 2017 ജനുവരിയിലാണ് എംബാമിംഗ് ചാർജ് 5000 റിയാലായി ഉയർത്തിയത്. നേരത്തെ വിവിധ ഘട്ടങ്ങളിലായി 2000, 3000, 4000 എന്നിങ്ങനെയായിരുന്നു ചാർജ്. 15 മാസത്തിന് ശേഷമാണ് പുതിയ ചാർജ് വർധന. മൃതദേഹം നാട്ടിലയക്കാൻ ഏൽപ്പിക്കപ്പെട്ട വ്യക്തികളോ ബന്ധുക്കളോ ആണ് നിലവിൽ ഈ ചാർജ് അടക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ഇൻഷുറൻസ് കമ്പനിയിൽ ക്ലൈയിം ചെയ്താൽ എംബാമിംഗിനും ടിക്കറ്റിനുമായി 10,000 റിയാൽ വരെ ലഭിക്കും.സൗദി അറേബ്യയിൽ ഖബറടക്കുന്നതിന് എംബാമിംഗ് ആവശ്യമില്ലാത്തതിനാൽ ഈ ചാർജ് നൽകേണ്ടതില്ല. മോർച്ചറിയിൽനിന്ന് നേരെ ഖബറടക്കുന്നതിനായി കൊണ്ടുപോകും.
നിലവിൽ സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് കിലോക്ക് 16 റിയാൽ നിരക്കിലാണ് മൃതദേഹങ്ങൾ വിമാനങ്ങളിൽ കൊണ്ടുപോകുന്നത്. അയാട്ട നിയമപ്രകാരമുള്ള ചാർജാണിത്. വിവിധ രാജ്യങ്ങൾക്കനുസരിച്ച് കിലോ നിരക്കിൽ വ്യത്യാസമുണ്ട്. പാക്കിസ്ഥാൻ എയർലൈൻസ് മാത്രമാണ് മൃതദേഹം സൗജന്യമായി കൊണ്ടുപോകുന്നത്. അവരും എംബാമിംഗ് ചാർജ് അടക്കണം.






