Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയെ രക്ഷിക്കാൻ ടൂറിസം  

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ പലതും ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്. ഇതിൽ ശ്രീലങ്കയുടെ കാര്യമാണ് പരമ ദയനീയം. രണ്ടു വർഷമായി തകർത്താടിയ കോവിഡ് 19 മഹാമാരി ദ്വീപ് രാജ്യത്തിന്റെ വരുമാന സ്രോതസ് അടച്ചു കളഞ്ഞു. വിദേശ നാണയ ശേഖരം വറ്റി വരണ്ടു. ഇന്ധനവും അത്യാവശ്യ വസ്തുക്കളും വാങ്ങാൻ വിദേശ കറൻസി കൈവശമില്ലാത്തത് പ്രശ്‌നമായി. ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോവുകയാണ്. വിദേശികൾ  രാജ്യത്തെ അവസ്ഥയിൽ ആശങ്കാകുലരായി തങ്ങളുടെ യാത്ര ആസൂത്രണങ്ങളിൽ നിന്ന് ശ്രീലങ്കയെ ഒഴിവാക്കുന്ന അവസ്ഥയിലാണിപ്പോൾ.  എന്നാൽ ഇത് തിരിച്ചറിഞ്ഞ് അധികൃതർ പല പദ്ധതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ശ്രീലങ്കയുടെ വിനോദസഞ്ചാര വ്യവസായ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രാജ്യം ഇപ്പോൾ പതിയെ വീണ്ടെടുക്കലിന്റെ പാതയിലേക്ക് മടങ്ങാൻ തുടങ്ങിയിരിക്കുന്നു. 


കോവിഡ് പകർച്ചവ്യാധി പശ്ചാത്തലത്തിൽ മുമ്പ് ആഗോള വിനോദസഞ്ചാരം പൂർണമായും നിർത്തിവെച്ചതിനാൽ ശ്രീലങ്കയെ വിഷമകരമായ അവസ്ഥയിലേക്കാണ് നയിച്ചത്. ഇത് വളരെ വലിയ സാമ്പത്തിക തകർച്ചയിലേക്കും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കും എത്തിച്ചു. രാജ്യം മുഴുവൻ ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് രൂക്ഷമായ ക്ഷാമം നേരിട്ടു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിന് പുറമെ രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റവും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വൈദ്യുതിമുടക്കവും ജനജീവിതത്തെ കാര്യമായി ബാധിച്ചു. അത് ആഭ്യന്തരകലാപങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും കാര്യങ്ങളെ മാറ്റി. ഇതോടെ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആഗോള ടൂറിസം സജീവമായപ്പോൾ ശ്രീലങ്കയ്ക്ക് എത്താനിരുന്ന സഞ്ചാരികൾ യാത്രകൾ റദ്ദാക്കി. നിലവിൽ രാജ്യത്തുണ്ടായിരുന്ന വിദേശികൾ മടങ്ങിപ്പോവുകയും ചെയ്തു. ഇത് ശ്രീലങ്കൻ ടൂറിസത്തിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ കൊല്ലം രാജ്യത്ത് എത്തിയത് രണ്ട് ലക്ഷത്തിൽ താഴെ സഞ്ചാരികൾ മാത്രമാണ്. 


ദേശീയ വരുമാനത്തിൽ പ്രധാന സ്ഥാനം വിനോദ സഞ്ചാര രംഗത്തിനാണ്. ടൂറിസം വരുമാനം വീണ്ടുമുണ്ടാക്കി രാജ്യത്തെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് ലങ്കൻ അധികൃതർ. ഇതിനായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ഡോളർ മുടക്കാൻ തയാറുള്ള വിദേശികൾക്ക് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ ലഭിക്കും. താമസ സൗകര്യവും സർക്കാർ നൽകും. രാജ്യം നേരിടുന്ന വിദേശ നാണയ ക്ഷാമം ഇതിലൂടെ പരിഹരിക്കാനാവും. ഇതുകൂടാതെ അഞ്ച് വർഷത്തേക്കുള്ള വിസ പദ്ധതിയുമുണ്ട്. ഈ പദ്ധതി പ്രകാരം ശ്രീലങ്കയിൽ എവിടെയും ഒരു അപ്പാർട്ട്‌മെന്റ് വാങ്ങാൻ കുറഞ്ഞത് 75,000 ഡോളർ  ചെലവഴിക്കാൻ തയ്യാറുള്ള ഏതൊരു വിദേശിക്കും അഞ്ച് വർഷത്തെ വിസ ലഭിക്കും. ഗോൾഡൻ പാരഡൈസ് വിസ പ്രോഗ്രാം ഉൾപ്പടെയുള്ള പുതിയ പദ്ധതികൾ രാജ്യത്തേക്ക്, ആവശ്യമായ വിദേശ കറൻസി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി വന്ന ഗവൺമെന്റുകളുടെ സാമ്പത്തിക ദുരുപയോഗം ശ്രീലങ്കയുടെ വിദേശ കരുതൽ ശേഖരത്തിന്റെ 70 ശതമാനവും ഇതിനോടകം തന്നെ ഇല്ലാതാക്കി.വിദേശ കറൻസിയുടെ ക്ഷാമമാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം.


രണ്ടു വർഷം വിലസിയ കൊറോണ ഭീകരൻ ഇനിയും തല പൊക്കിയില്ലെങ്കിൽ ശ്രീലങ്കയ്ക്ക് ക്രമേണ പഴയത് പോലെ സഞ്ചാരികളുടെ പറുദീസയാവുമെന്നതിൽ സംശയമില്ല.  ശ്രീലങ്കയ്ക്ക് പ്രതിസന്ധി പുതിയ കാര്യമല്ല. സുദീർഘ കാലയളവിലാണ്  ആഭ്യന്തര സംഘർഷം വഴി മുടക്കിയത്. 
പുലി പ്രശ്‌നമെല്ലാം കെട്ടടങ്ങി ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക പതുക്കെ ഉണർന്നെഴുന്നേറ്റു വരികയായിരുന്നു. ടൂറിസം മേഖല രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പരമാവധി വിട്ടുവീഴ്ച ചെയ്യുകയെന്നതാണ് ദ്വീപ് രാജ്യത്തിന്റെ നയം. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നവരാണ്  എമിഗ്രേഷൻ ഉദ്യോഗസ്ഥർ, 


രാജ്യത്തുടനീളം മനോഹരമായ കടൽതീരങ്ങളും നിബിഡ വനങ്ങളുമുണ്ട്. പണ്ടു കേരളത്തിലുണ്ടായിരുന്നത് പോലെ റോഡിനിരുവശവും വിശാലമായ തെങ്ങിൻ തോപ്പുകൾ.  കാടുകളും മേടുകളും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കേരവൃക്ഷങ്ങളും കൈതച്ചക്ക കൃഷിയിടങ്ങളും നിറഞ്ഞ  ശ്രീലങ്കയിലെ പ്രകൃതിഭംഗി ആരേയും വശീകരിക്കുന്നതാണ്. 
ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക.  ലോക ബാങ്ക് അറ്റ്‌ലസിൽ പ്രതിശീർഷ വരുമാന പട്ടികയിൽ ഏറ്റവും താഴെ വരുന്ന പത്ത് രാജ്യങ്ങളിലാണ് ശ്രീലങ്കയുടെ സ്ഥാനം. തകർന്നടിഞ്ഞപ്പോഴത്തെ കാര്യം പറയാനുമില്ല.  ദരിദ്രരിൽ ദരിദ്രനാണ് ശ്രീലങ്ക. മുമ്പ് സുനാമി രാക്ഷസത്തിരമാലകൾ ആഞ്ഞടിച്ചപ്പോൾ സമ്പദ്ഘടന ആടിയുലഞ്ഞു. സുനാമി പുനരധിവാസത്തിന് ശ്രീലങ്കയിലെ ഭരണാധികാരികൾ കണ്ടെത്തിയ മാർഗം  അവിടത്തെ കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു. 


ഇന്ത്യൻ ഹോട്ടലുകൾ ധാരാളമുള്ള ശ്രീലങ്കയിൽ ബീച്ച് റിസോർട്ടുകളിൽ കടൽ വിഭവങ്ങൾ പാകം ചെയ്തു നൽകുന്ന കേന്ദ്രങ്ങളുമുണ്ട്. വടക്കേ മലബാറിൽ ഗോതമ്പു റൊട്ടിയെത്തിയത് കൊളംബോയിൽ നിന്നാണെന്ന് മനസ്സിലാക്കാൻ ഹോട്ടലുകളിലെ മെനുവിൽ കണ്ണോടിച്ചാൽ മതി. കശുവണ്ടിയും തേങ്ങാപ്പാലും ചേർത്ത് തയാറാക്കിയ ശ്രീലങ്കയിലെ മീൻ കറിക്ക് നമ്മുടേത് പോലെ എരിവില്ല. മത്സ്യക്കറിയായാലും മാംസക്കറിയായാലും അൽപം മധുരം വേണമെന്നത് നിർബന്ധം.  മധുരമുള്ള മാങ്ങാ ചട്ട്ണിയും ചേർത്ത് ഊൺ കഴിച്ച ശേഷവും ഹൽവയോട് സാദൃശ്യമുള്ള വട്ടലപ്പം കൂടി കഴിച്ചാലേ മധ്യാഹ്ന ഭോജനം  പൂർണമാവൂ. 
മൂന്ന് വർഷം മുമ്പ്  ഈസ്റ്ററിനുണ്ടായ തീവ്രവാദി ആക്രമണം ശ്രീലങ്കയുടെ വിനോദ സഞ്ചാര വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതു കഴിഞ്ഞ് നിവർന്നു വരുന്നതിനിടയ്ക്കാണ് കോവിഡ് മഹാമാരി എത്തിയത്. അത് ആഭ്യന്തരകലാപങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും കാര്യങ്ങളെ മാറ്റി. ഇതോടെ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആഗോള ടൂറിസം സജീവമായപ്പോൾ ശ്രീലങ്കയ്ക്ക് എത്താനിരുന്ന സഞ്ചാരികൾ യാത്രകൾ റദ്ദാക്കി. നിലവിൽ രാജ്യത്തുണ്ടായിരുന്ന വിദേശികൾ മടങ്ങിപ്പോവുകയും ചെയ്തു. ഇത് ശ്രീലങ്കൻ ടൂറിസത്തിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ കൊല്ലം രാജ്യത്ത് എത്തിയത് രണ്ട് ലക്ഷത്തിൽ താഴെ സഞ്ചാരികൾ മാത്രമാണ്.


രാഷ്ട്രീയ പാർട്ടികൾ ധാരണയിലെത്തിയതോടെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതകൾക്ക് ശമനമാകുമെന്ന സൂചനയാണ് നൽകുന്നത്. ഇന്ധന ക്ഷാമത്തിന്റെ കാര്യത്തിൽ ഗുണപരമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇപ്പോൾ റീഫില്ലിംഗ് സ്‌റ്റേഷനുകൾക്ക് പുറത്തുള്ള ജനങ്ങളുടെ നീണ്ട നിരകൾ കുറയുന്നു. വൈദ്യുതി വിതരണവും സജീവമാക്കി വരുന്നു. സൂപ്പർമാർക്കറ്റുകളും, ആരോഗ്യകേന്ദ്രങ്ങളും തിരച്ചുവരവിന്റെ പാതിയിലാണ്. ചരക്ക് നീക്കങ്ങളും സേവനങ്ങളും സാധാരണ നിലയിലേക്ക് വരുന്നുവെന്നും റിപ്പോർട്ടുകളിലുണ്ട്. 


ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ ശ്രീലങ്ക അതിമനോഹരമായ പ്രദേശങ്ങളാൽ സമ്പന്നമാണ്.  ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് ശ്രീലങ്കയിലെ കൊളംബോ പോർട്ട്. കടൽത്തീരങ്ങൾ, ഡൈവിംഗുകൾ, സർഫിംഗ്, വൈൽഡ് ലൈഫ് സഫാരികൾ, മലകൾ, തേയിലത്തോട്ടങ്ങൾ, ചരിത്രനഗരങ്ങൾ, പുരാതന കോട്ടകൾ തുടങ്ങിയ ഒട്ടേറെ മനോഹരമായ ഇടങ്ങളും ഇവിടെ കാണാനുണ്ട്.കൂടാതെ പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. മലയാളികൾ ഗൾഫിലെത്തുന്നതിന് മുമ്പ് നമ്മുടെ പൂർവീകർ സാധ്യതകൾ തേടി സഞ്ചരിച്ചിരുന്നത് സിലോണിലേക്കും (ശ്രീലങ്ക) ബർമ (മ്യാൻമർ) സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നുവല്ലോ. ഇതിന്റെ സ്മാരകമായി കൊച്ചിയിലും കോഴിക്കോട്ടും മറ്റും സിലോൺ, റങ്കൂൺ എന്നീ പേരുകളിലുള്ള വാണിജ്യ സ്ഥാപനങ്ങളെയും കാണാം. ഏതായാലും ഗോൾഡൻ വിസ പദ്ധതി ശ്രീലങ്കയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. 

Latest News