മൂന്ന് ദശകം പിന്നിട്ട രാഷ്ട്രീയ അസ്ഥിരത ഇന്ത്യന്‍ ജനത ഒറ്റ ബട്ടണ്‍ കൊണ്ട് അവസാനിപ്പിച്ചു-മോഡി

ബെര്‍ലിന്‍- മൂന്ന് ദശകങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടണ്‍ കൊണ്ട് ജനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും  പ്രശംസിക്കാനുമാണ് തനിക്ക് താല്‍പര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ എന്നുപറയുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഇന്ത്യക്കാരെ കുറിച്ചുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.  

ഇന്ത്യന്‍ ജനത സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാന്‍. മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തിന് ഒരു ബട്ടണ്‍ അമര്‍ത്തിക്കൊണ്ടാണ്  ഇന്ത്യയിലെ ജനങ്ങള്‍ അന്ത്യം കുറിച്ചത്. 30 വര്‍ഷത്തിന് ശേഷം 2014ല്‍ പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ അതേ സര്‍ക്കാരിനെ ഇന്ത്യന്‍ ജനത കൂടുതല്‍ ശക്തമാക്കി. സര്‍ക്കാര്‍ വിവിധ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ രാജ്യം മുന്‍പന്തിയിലാണ്. രാജ്യവും  ഓഫീസുകളും എല്ലാം പഴയതാണ്. പക്ഷെ അതില്‍നിന്ന് ലഭിക്കുന്ന ഫലം മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ടതാണ്- പ്രധാനമന്ത്രി പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ജര്‍മനിയുടെ മികച്ച പങ്കാളിയെന്ന് ജര്‍മന്‍ അദ്ദേഹം കൂടിക്കാഴ്ചയില്‍ പറഞ്ഞു. സുരക്ഷാ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ ഇരുരാജ്യങ്ങളും പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News