Sorry, you need to enable JavaScript to visit this website.

മിയ വീണ്ടുമെത്തുമ്പോൾ

ഒരിടവേളയ്ക്കുശേഷം ജിമി ജോർജ് എന്ന മിയ വീണ്ടും സജീവമാവുകയാണ്. പുതിയ ചിത്രമായ 'ഇര'യിലും പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ പരോളിലുമെല്ലാം വ്യത്യസ്തമായ വേഷങ്ങളാണ് മിയയെ കാത്തിരിക്കുന്നത്.
മിനിസ്‌ക്രീനിൽ അൽഫോൻസാമ്മയെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേയ്ക്കു കടന്നുവന്ന മിയ കുറഞ്ഞ കാലംകൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടനടിയായി വളർന്നുകഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം ഈ പാലാക്കാരി കടന്നുചെന്നു. അഭിനയിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം തന്റേതായ കയ്യൊപ്പു വേണമെന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് ഈ അഭിനേത്രി.
പുതിയ വർഷത്തിൽ മികച്ച അവസരങ്ങളാണ് മിയയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോയ വർഷം ഒടുവിൽ വേഷമിട്ടത് ബിജുമേനോനോടൊപ്പം ഷെർലക് ടോംസിലായിരുന്നു. ചാനൽ റിപ്പോർട്ടറായ ഷൈനി മാട്ടുമ്മൽ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. തുടർന്ന് കുറച്ചുകാലം ഇടവേളയായിരുന്നു. ഇക്കാലത്ത് ഉങ്കരാള രാംബാബു, പെല്ലിരോജു തുടങ്ങി രണ്ട് തെലുങ്കുചിത്രങ്ങളിൽ വേഷമിട്ടു. ഇരയിലൂടെയാണ് വീണ്ടും മലയാളത്തിലെത്തിയത്. ക്രൈം ത്രില്ലറായ ഇരയിൽ കാർത്തികയായും വൈഗാ ദേവിയായും രണ്ടു വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
മമ്മൂക്കയോടൊപ്പം വേഷമിട്ട പരോൾ ആണ്  പുറത്തിറങ്ങാനുള്ളത്. മമ്മൂക്കയോടൊപ്പം ഇത് രണ്ടാമത്തെ ചിത്രത്തിലാണ് വേഷമിടുന്നത്. ആദ്യചിത്രമായ ഗ്രേറ്റ് ഫാദറിൽ ഡോക്ടറായ സൂസനെയാണ് അവതരിപ്പിച്ചത്. ചെറിയ വേഷമായിരുന്നു അത്. എന്നാൽ പരോളിൽ മമ്മൂക്കയുടെ സഹോദരിയായാണ് വേഷമിടുന്നത്. സഹോദരീസഹോദര ബന്ധത്തിന് പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണിത്.


തമിഴിലും തെലുങ്കിലുമെല്ലാം വേഷമിട്ടെങ്കിലും തെലുങ്ക് ശരിക്കും കുഴപ്പിച്ചു എന്ന് മിയ പറയുന്നു. അന്യഭാഷയിൽ അവസരം ലഭിക്കുകയെന്നാൽ ഒരു അഭിനേത്രിയുടെ വളർച്ചയുടെ ഭാഗമാണെന്നാണ് പറയുക. തമിഴിൽ ഇതിനകം ആറു ചിത്രങ്ങളിൽ വേഷമിട്ടു. തെലുങ്കിൽ രണ്ടെണ്ണവും. തമിഴ് ഭാഷ പഠിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. തെലുങ്കാണ് കുഴപ്പിച്ചത്. ക്രമേണ കുറച്ചൊക്കെ പഠിച്ചെടുക്കുകയായിരുന്നു. തെലുങ്ക് പറയുന്നതു കേട്ടാൽ മനസ്സിലാകുമെങ്കിലും മറുപടി പറയാനാവില്ല. കലാകാരന്മാർക്ക് ബഹുമാനം നൽകുന്നവരാണ് തമിഴകത്തും തെലുങ്കിലുമുള്ളവർ.
ഒതുങ്ങിയ പ്രകൃതക്കാരിയാണ് മിയ എന്നാണ് പൊതുവെയുള്ള ധാരണ. പൊതുവേദികളിലൊന്നും കൂടുതലായി കാണാത്തതുകൊണ്ടാകാം അത്തരമൊരു സംശയം. സിനിമാ സംബന്ധമായ പരിപാടികളിലാണ് കൂടുതലും പങ്കെടുക്കാറ്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ വീട്ടിലായിരിക്കും. ടി.വി പരിപാടികളും സിനിമകളുമെല്ലാം കണ്ട് സമയം ചെലവഴിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടും. ബന്ധുവീടുകൾ സന്ദർശിക്കും. ഇതൊക്കെയാണ് ഒഴിവുസമയ വിനോദം.


മുംബൈയിൽ എൻജിനീയറായിരുന്ന ജോർജിന്റെയും മിനിയുടെയും ഇളയ മകളാണ് മിയ. അഞ്ചു വയസ്സുവരെ മുംബൈയിലായിരുന്നു. തുടർന്നാണ് കോട്ടയത്തിനടുത്ത പാലായിലേയ്ക്കു കുടിയേറിയത്. സ്‌കൂൾ വിദ്യാഭ്യാസം ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു. തുടർന്ന് പാലാ അൽഫോൻസാ കോളേജിൽനിന്നും ബിരുദവും സെന്റ് തോമസ് കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
അഭിനയജീവിതത്തിലേയ്ക്കു കടന്നുവന്നത് തികച്ചും അവിചാരിതമായിട്ടായിരുന്നു. കുട്ടിക്കാലംതൊട്ടേ പാട്ടിലും നൃത്തത്തിലും മികവു തെളിയിച്ചിരുന്നു. പഠനകാലത്ത് മോഡലിങ്ങിലും ഒരു കൈ നോക്കിയിട്ടുണ്ട്. മിനിസ്‌ക്രീനിൽ അൽഫോൻസാമ്മയായി വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അഭിനയമോഹംകൊണ്ടൊന്നുമായിരുന്നില്ല വേഷമിട്ടത്. മാതാവിന്റെ വേഷമായതുകൊണ്ട് അഭിനയിച്ചു. എന്നാൽ അതൊരു നിമിത്തമായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു അൽഫോൻസാമ്മയിലേയ്ക്കുള്ള ക്ഷണം ലഭിക്കുന്നത്. അമ്മയുടെ അനുഗ്രഹം കൊണ്ടുകൂടിയാകണം അവിടെനിന്നും തുടങ്ങിയ അഭിനയയാത്ര ഇപ്പോഴും തുടരുന്നു.
ഡോ. ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിലെ തുടക്കം. തുടർന്ന് ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലും വേഷമിട്ടു. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് ചേട്ടായീസിൽ ബിജു മേനോന്റെ ഭാര്യയായ മെർലിനെ അവതരിപ്പിച്ചതിലൂടെയാണ്. ചിത്രം ഹിറ്റായതോടെ അവസരങ്ങൾ തേടിവന്നു.
അടുത്ത ചിത്രം ലാലേട്ടനൊപ്പം റെഡ് വൈനായിരുന്നു. ചിത്രത്തിൽ ദീപ്തി എന്ന കഥാപാത്രത്തിനാണ് ഭാവം പകർന്നത്. മെമ്മറീസിലെ വർഷാ മാത്യൂസ്, വിശുദ്ധനിലെ സോഫി, സലാം കാശ്മീരിലെ സുജ, മിസ്റ്റർ ഫ്രോഡിലെ സരസ്വതി, കസിൻസിലെ ആൻ, അനാർക്കലിയിലെ ഡോ. ഷെറിൻ ജോർജ്, പാവാടയിലെ സിനിമോൾ, ഹലോ നമസ്‌തെയിലെ അന്ന... തുടങ്ങി മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ വേഷങ്ങളാണ് അവതരിപ്പിച്ചത്.

 


ഞാൻ അഭിനയിച്ച ചിത്രങ്ങൾ എന്നേക്കാൾ കൂടുതൽ കണ്ടത് പപ്പയാണ്. ടിവിയിൽ വന്നാൽ കുത്തിയിരുന്ന് കാണും. പ്രോത്സാഹനവും വിമർശനവുമെല്ലാം മമ്മിയിൽനിന്നാണ് ലഭിക്കുക. ചില സീനുകൾ കണ്ടാൽ ഒന്നുകൂടെ നന്നാക്കാമായിരുന്നു എന്നു പറയും. ഡ്രസിന്റെയും മേക്കപ്പിന്റെയും കാര്യത്തിൽ മമ്മിയുടെ ശ്രദ്ധയുണ്ടാവും.
കുട്ടിക്കാലംതൊട്ടേ ക്ലാസിക്കൽ നൃത്തമാണ് പരിശീലിച്ചത്. എന്നാൽ സിനിമയിൽ അത്തരം വേഷങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല. എന്നാൽ അവാർഡ് ഷോകളിൽ നൃത്തം അവതരിപ്പിക്കാറുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം ഡാൻസുള്ള പാട്ടുകളാണ് ഏറെയും. കുട്ടിക്കാലത്ത് പാട്ടും നൃത്തവും ഒന്നിച്ചാണ് അഭ്യസിച്ചത്. നൃത്തപരിശീലനം ഇപ്പോഴും തുടരുന്നുണ്ട്. അഭിനയജീവിതത്തിലും ആരോഗ്യപരമായും നൃത്തം ഏറെ സഹായിക്കുന്നുണ്ട്.
സിനിമയിൽ അടുത്ത സുഹൃത്തുക്കൾ ഏറെയില്ല. ഭാവന, സരയൂ എന്നിവരുമായാണ് ഏറെയടുപ്പം. നായകന്മാരിൽ ബിജുചേട്ടനും. ചേട്ടായീസിൽ തുടങ്ങിയ അടുപ്പം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. സൗഹൃദങ്ങളേറെയും സിനിമയ്ക്കു പുറത്താണ്.
മനസ്സിൽ സ്വപ്നവേഷങ്ങളൊന്നുമില്ല. കിട്ടുന്ന കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുക എന്നു മാത്രമേയുള്ളു. ശക്തമായ മത്സരം നടക്കുന്ന മേഖലയാണ് സിനിമ. അർഹതപ്പെട്ട വേഷങ്ങൾ തേടിവരുമെന്നാണ് വിശ്വാസം. പ്രത്യേക വേഷങ്ങൾ മാത്രമേ സ്വീകരിക്കൂ എന്നൊന്നുമില്ല. അഭിനയപ്രാധാന്യമുള്ള, അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന വേഷങ്ങൾ സ്വീകരിക്കുക - അതാണ് നയം.
 

Latest News