വാട്‌സാപ്പിൽ നഗ്‌നചിത്രങ്ങൾ കൈമാറിയ കാമുകീകാമുകൻമാർക്ക് മൂന്ന് മാസം തടവ്

റാസൽഖൈമ- വാട്‌സാപ്പ് വഴി നഗ്‌നചിത്രങ്ങൾ കൈമാറുകയും പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത ഏഷ്യക്കാരായ കാമുകനേയും കാമുകിയേയും മൂന്ന് മാസം തടവിനു ശിക്ഷിച്ച കീഴ്‌ക്കോടതി വിധി റാസൽഖൈമ ക്രിമിനൽ കോടതി ശരിവച്ചു. ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രണയബന്ധം തകരാതിരിക്കാൻ 19കാരനായ കാമുകൻ 20കാരിയായ കാമുകിയെ ഭീഷണിപ്പെടുത്തിയതാണ് ഇരുവരേയും നിയമക്കുരുക്കിലാക്കിയത്. ബന്ധം വേർപ്പെടുത്തിയാൽ നഗ്‌ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ അമ്മ യുവാവിനെതിരെ റാസൽഖൈമ പോലീസിൽ പരാതി നൽകുകയായിരുന്നു. 

കേസെടുത്ത പോലീസ് ഉടൻ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇരുവരും നഗ്‌ന ചിത്രങ്ങൾ കൈമാറിയിരുന്നതായും വീട്ടിലെത്തി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായും തെളിയുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി, പ്രായപൂർത്തിയാകാത്ത കാലത്ത് പെൺകുട്ടിയുമായി പരസ്പരം നഗ്‌ന ചിത്രങ്ങൾ കൈമാറി, വിവാഹം ചെയ്യാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയത്. നഗ്നചിത്രം കൈമാറിയതും ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു പെൺകുട്ടിക്കെതിരെയും കുറ്റം ചുമത്തി. 
ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി മൂന്ന് മാസത്തെ തടവിനു ശിക്ഷിക്കുകയും ശേഷം നാടുകടത്തണമെന്നും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് കാമുകീ കാമുകൻമാർ റാസൽഖൈമ ക്രിമിനൽ കോടതിയെ സമീപിച്ചത്. എന്നാൽ കീഴ്‌ക്കോടതി വിധി ശരിവച്ചിരിക്കുകയാണിപ്പോൾ.
 

Latest News