സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് ഇടക്കാല ജാമ്യം

കൊച്ചി- സഹോദരിമാരെ നടുറോഡിലിട്ട് മര്‍ദിച്ച കേസില്‍ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മെയ് 19 വരെയാണ് ജാമ്യം. ഇക്കാലയളവില്‍ പ്രതിയെ അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഏപ്രില്‍ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയില്‍ ദേശീയപാതയില്‍ സഹോദരിമാരായ ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെ ഇബ്രാഹിം ഷബീര്‍ മര്‍ദിച്ചത്. കേസില്‍ ഷബീറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വേനലവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിംഗ് സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാര്‍ ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. അമിതവേഗത്തില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിംഗിനെതിരെ പ്രതികരിക്കുകയും ചെയ്തു.

 

Latest News