ഇനിയും രോഗബാധിതരാകാത്തവരുടെ എണ്ണം കൂടുതലാണ് എന്ന കാര്യം ഗൗരവത്തോടെ കണ്ട് എല്ലാവർക്കും കരുതൽ ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഉടൻ ഏറ്റെടുക്കണം. കോവിഡ് നാലാം തരംഗം ആസന്നമായിരിക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ചെങ്കിലും കരുതൽ വാക്സിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരും ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ പൊതുജനങ്ങളും തിരുത്തലിനു തയാറായേ മതിയാകൂ.
കോവിഡ് നാലാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പുകൾ ഓരോ ദിവസവും ആരോഗ്യ വിദഗ്ധരിൽ നിന്നും സംഘടനകളിൽ നിന്നും സർക്കാരുകളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിലുണ്ടായ രോഗികളുടെ എണ്ണം 2927 ആണ്. ഇതുവരെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 4.30 കോടിയായും സജീവ കേസുകളുടെ എണ്ണം 16,279 ആയും ഉയർന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. മുൻദിവസത്തെ അപേക്ഷിച്ച് 643 പേർക്ക് കൂടുതലായി രോഗബാധയുണ്ടായി. പ്രതിദിന രോഗികളുടെ എണ്ണം മാർച്ച് അവസാനത്തോടെ താഴേയ്ക്ക് പോയിരുന്നുവെങ്കിൽ ഈ മാസം രണ്ടാമത്തെ ആഴ്ചയോടെ വീണ്ടും ഉയരുന്ന സ്ഥിതിയാണുള്ളത്.
മുൻ കോവിഡ് തരംഗ കാലത്തെന്നതു പോലെ രാഷ്ട്ര തലസ്ഥാനമായ ദൽഹിയിലാണ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുള്ളത്. അവിടെ മാസ്ക് നിർബന്ധമാക്കുകയും നിർദേശം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുവാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഇതേ തീരുമാനം കൈക്കൊണ്ടു. കഴിഞ്ഞ ദിവസം നമ്മുടെ സംസ്ഥാനവും മുഖാവരണം നിർബന്ധമാക്കി. മൂന്ന് തരംഗങ്ങളെയും അതീവ ജാഗ്രതയോടെയാണ് നാം നേരിട്ടത്. തരംഗങ്ങൾ പിന്നിട്ട് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതായി സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജാഗ്രത കൈവിടരുതെന്നും മുഖാവരണം ഒഴിവാക്കാറായില്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. പക്ഷേ മുഖാവരണം, സാമൂഹ്യ അകലം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾക്ക് പിഴയില്ലെന്നതുകൊണ്ടു തന്നെ ജാഗ്രതയിൽ കുറവുണ്ടായി. പോലീസിനു വേണ്ടിയാണ് ജാഗ്രതയെന്ന മനോഭാവം ജനങ്ങളിലുണ്ടായി എന്നതു പോലെയാണ് കാര്യങ്ങൾ പോകുന്നത്. അതുകൊണ്ടാണ് വീണ്ടും പിഴ ഏർപ്പെടുത്തുവാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായത്. നമ്മുടെ സംസ്ഥാനത്തും പലരും പേരിനാണ് മുഖാവരണം ഉപയോഗിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് അവസ്ഥ. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുന്നത് ഗൗരവത്തോടെ നാമെല്ലാം കാണേണ്ടതുണ്ട്. കേസുകളുടെ എണ്ണത്തിൽ അസ്വാഭാവിക വർധനയുണ്ടാകുന്ന സ്ഥിതി ഇവിടെ ഉണ്ടായിട്ടില്ലെങ്കിലും നമുക്ക് ജാഗ്രതയിൽ ഒരു കുറവുമുണ്ടാകരുത്.
മാസ്ക് ധരിക്കുകയെന്നത് കർശനമായി പാലിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുക നിർബന്ധമാണെന്നും ആരോഗ്യ വിദഗ്ധരും നിർദേശിക്കുന്നുണ്ട്. എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ നൽകി സാമൂഹ്യ പ്രതിരോധമുണ്ടാക്കുക എന്നതാണ് ആദ്യതരംഗ വേളകളിൽ രോഗികളുടെ എണ്ണവും വ്യാപനവും കറയ്ക്കുന്നതിനുള്ള പ്രതിവിധിയായി ആരോഗ്യ വിദഗ്ധർ നിർദേശിച്ചിരുന്നത്. എന്നാൽ കരുതൽ ഡോസ് കൂടി നൽകി കൂടുതൽ പ്രതിരോധം സമൂഹത്തിലുണ്ടാക്കണമെന്നാണ് പുതിയ നിർദേശമുണ്ടായിട്ടുള്ളത്. രണ്ട് ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഉത്തരവാദിത്തം ആദ്യം ജനങ്ങളുടെ തലയിലും പ്രതിഷേധം ശക്തമായപ്പോൾ സംസ്ഥാനങ്ങളുടെ തലയിലും വെയ്ക്കുകയായിരുന്നു കേന്ദ്രം ചെയ്തത്. പിന്നീട് വൻ പ്രതിഷേധമുണ്ടായപ്പോഴാണ് അർഹരായവർക്ക് വാക്സിൻ നൽകുന്നത് സൗജന്യമാക്കിയുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. അതിനാലാണ് കേന്ദ്രം ഇപ്പോൾ മേനി നടിക്കുന്നതു പോലെ സമൂഹത്തിലെ വലിയ വിഭാഗം രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് സന്നദ്ധമായത്. എന്നിട്ടും ഇരുഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 85.5 കോടി മാത്രമേ ആയിട്ടുള്ളൂ. ഇരുഡോസുകളുടെ സ്ഥിതി പോലും ഇങ്ങനെയായിരിക്കേയാണ് കരുതൽ വാക്സിനെടുക്കുന്ന കാര്യത്തിൽ ഗുരുതര അലംഭാവം നിലനിൽക്കുകയാണെന്ന വാർത്ത പുറത്തു വരുന്നത്. ജനുവരി മുതലാണ് 60 വയസ്സിനു മുകളിലുള്ളവർക്കും മുന്നണി വിഭാഗത്തിനും കരുതൽ ഡോസ് വാക്സിൻ നൽകാൻ തുടങ്ങിയത്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അടുത്ത ഘട്ടമായി ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് വില നൽകി കരുതൽ ഡോസ് സ്വീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനമുണ്ടായത്. ഈ മാസമാദ്യമാണ് പ്രസ്തുത തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കരുതൽ വാക്സിനെടുക്കുന്നവരുടെ പ്രതിദിന ശരാശരി ഒന്നര ലക്ഷത്തിനു താഴെയാണ്. ഈ നിലയിലാണ് കരുതൽ വാക്സിൻ നൽകൽ മുന്നോട്ടു പോകുന്നതെങ്കിൽ മൂന്നു വർഷമെടുത്താൽ പോലും പൂർത്തിയാകുമെന്നു തോന്നുന്നില്ല.
ഇനിയും രോഗബാധിതരാകാത്തവരുടെ എണ്ണം കൂടുതലാണ് ഇവിടെ എന്ന കാര്യം ഗൗരവത്തോടെ കണ്ട് എല്ലാവർക്കും കരുതൽ ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഉടൻ ഏറ്റെടുക്കണം. കോവിഡ് നാലാം തരംഗം ആസന്നമായിരിക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ചെങ്കിലും കരുതൽ വാക്സിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരും ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ പൊതുജനങ്ങളും തിരുത്തലിനു തയാറായേ മതിയാകൂ.






