Sorry, you need to enable JavaScript to visit this website.

ടോപ്‌സ്‌കോറർ

ലോകകപ്പിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായിരുന്നു റൊണാൾഡൊ ലൂയിസ് നസാരിയൊ ഡീലിമ എന്ന റൊണാൾഡൊ. മിറോസ്ലാവ് ക്ലോസെ ആ റെക്കോർഡ് തകർക്കുന്നതു വരെ. നാലു ലോകകപ്പുകളിൽ കളിച്ചു, 1994 ലും 2002 ലും ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായി. 2006 ലാണ് പതിനഞ്ചാം ഗോളോടെ ഗെർഡ് മുള്ളറുടെ ലോകകപ്പ് റെക്കോർഡ് ഭേദിച്ചത്. 1998 ലെ ലോകകപ്പാണ് റൊണാൾഡോയെ ലോക പ്രശസ്തനാക്കിയത്. ആ ലോകകപ്പിന്റെ സൂപ്പർ താരമാവുമെന്നു കരുതപ്പെട്ട റൊണാൾഡോക്ക് ഫൈനലിന്റെ തലേന്ന് അപസ്മാര ബാധയുണ്ടായി. എന്നിട്ടും കളിപ്പിച്ചു. ബ്രസീൽ ദയനീയമായി ഫ്രാൻസിനോട് തോറ്റു. 2002 ൽ അതിന് പകരം ചോദിച്ചു, എട്ടു ഗോളോടെ ടോപ്‌സ്‌കോററായി ബ്രസീലിനെ കിരീടത്തിലേക്കു നയിച്ചു. ബ്രസീലിൽ വീണ്ടും ലോകകപ്പ് വിരുന്നെത്തുമ്പോൾ സംഘാടക സമിതി അംഗമാണ് റൊണാൾഡൊ.
1994 ലെ ലോകകപ്പ് ടീമിൽ പതിനേഴാം വയസ്സിൽ ഇടം നേടിയെങ്കിലും ബ്രസീലിന്റെ കിരീടവിജയത്തിൽ കാഴ്ചക്കാരന്റെ റോളായിരുന്നു റൊണാൾഡോക്ക്. അടുത്ത രണ്ടു ലോകകപ്പുകളിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഈ സ്‌ട്രൈക്കർ. മൂന്നു ലോകകപ്പുകളിലും ബ്രസീൽ ഫൈനലിലെത്തി. 2006 ലെ അവസാന ലോകകപ്പിൽ മുള്ളറുടെ റെക്കോർഡ് തകർത്തെങ്കിലും ഫ്രാൻസിനോട് ഒരിക്കൽകൂടി തോറ്റ് ബ്രസീൽ ക്വാർട്ടറിൽ പുറത്തായി. 
മൂന്നു തവണ ഫിഫ ലോക ഫുട്‌ബോളർ ഓഫ് ദ ഇയറായ റൊണാൾഡൊ 1997 ലും 2002 ലും യൂറോപ്പിലെ മികച്ച കളിക്കാരനായി. 2007 ൽ ആധികാരിക പ്രസിദ്ധീകരണമായ ഫ്രാൻസ് ഫുട്‌ബോൾ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച കളിക്കാരുൾപ്പെട്ട സ്റ്റാർട്ടിംഗ് ഇലവനിൽ റൊണാൾഡൊ സ്ഥാനം നേടി. ഓൺലൈൻ സർവേയിൽ തൊണ്ണൂറുകളിലെ മികച്ച കളിക്കാരനായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്റർ മിലാനിലും ബാഴ്‌സലോണയിലും എ.സി മിലാനിലും ജന്മനാട്ടിൽ കൊറിന്തിയൻസിലുമൊക്കെ കളിച്ചു. ബാഴ്‌സയിലും പി.എസ്.വിയിലും ഒരു കളിയിൽ ഒരു ഗോളെന്ന അമ്പരപ്പിക്കുന്ന ശരാശരിക്കുടമയായിരുന്നു.  
1994 ൽ നെതർലാന്റ്‌സിൽ പി.എസ്.വി ഐന്തോവനിൽ ചേർന്നപ്പോഴാണ് റൊണാൾഡൊ ലോക ശ്രദ്ധയിലേക്കു വന്നത്. 57 കളികളിൽ 54 ഗോളടിച്ചു. 1996 ൽ ബാഴ്‌സലോണയിലേക്കു മാറിയ ശേഷം 49 കളികളിൽ 47 ഗോൾ നേടി. 1995 ൽ നെതർലാന്റ്‌സിലും 1997 ൽ സ്‌പെയിനിലും ടോപ്‌സ്‌കോററായി. ബാഴ്‌സലോണക്കൊപ്പവും പിന്നീട് ഇന്റർ മിലാനൊപ്പവും യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് സ്വന്തമാക്കി. 2002 ൽ റയൽ മഡ്രീഡിൽ ചേർന്നപ്പോഴും റൊണാൾഡൊ ഉജ്വല ഫോമിലായിരുന്നു. പിന്നീട് പരിക്കുകൾ നിരന്തരമായി അലട്ടി. 

അറിയാമോ? 

 കൊറിയ-ജപ്പാൻ 2002 എന്നോ അതോ ജപ്പാൻ-കൊറിയ 2002 എന്നോ എന്ന് പേരിനു വേണ്ടി ആതിഥേയ രാജ്യങ്ങൾ തമ്മിൽ വൻ വഴക്കുണ്ടായി. ഒടുവിൽ കൊറിയ ജയിച്ചു. 1996 ലാണ്് ജപ്പാനും കൊറിയക്കും വേദി അനുവദിച്ച തീരുമാനമുണ്ടായത.് രണ്ടു വർഷം കഴിഞ്ഞാണ് ആദ്യമായി ജപ്പാൻ ലോകകപ്പ് കളിക്കുന്നത്.  
 ഉദ്ഘാടന മത്സരത്തിൽ ഫ്രാൻസിനെ സെനഗൽ തോൽപിച്ചു. ഫ്രാങ്ക് ലിബോഫ് മാത്രമായിരുന്നു ഫ്രഞ്ച് ടീമിൽ ഫ്രാൻസിൽ കളിക്കുന്ന ഏക താരം. സെനഗൽ ടീമിലെ എല്ലാ കളിക്കാരും ഫ്രഞ്ച് ലീഗിൽ പന്ത് തട്ടുന്നവരായിരുന്നു. 
 കൊറിയക്കെതിരായ ലൂസേഴ്‌സ് ഫൈനലിൽ പതിനൊന്നാം സെക്കന്റിൽ ഹകൻ സുകൂർ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയതായി. 
 പോളണ്ടിനെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ കളത്തിലിറങ്ങിയ കൊറിയയുടെ ചാ ദൂ രി 20 സെക്കന്റിനകം മഞ്ഞക്കാർഡ് കണ്ടു. 
 സെർബിയക്കാരനായ ബോറ മിലൂട്ടിനോവിച് തുടർച്ചയായ അഞ്ചാമത്തെ ലോകകപ്പിൽ അഞ്ചാമത്തെ ടീമിന്റെ കോച്ചായി വന്നു. 1986 ൽ മെക്‌സിക്കോയെയും 1990 ൽ കോസ്റ്ററീക്കയെയും 1994 ൽ അമേരിക്കയെയും 1998 ൽ നൈജീരിയയെയും ആദ്യ റൗണ്ട് കടത്തിയ ബോറക്ക് ഇത്തവണ ചൈനയെ നോക്കൗട്ട് ഘട്ടത്തിലെത്തിക്കാനായില്ല. ആറ് ലോകകപ്പുകളിൽ പരിശീലകനായി ബ്രസീലുകാരൻ കാർലോസ് ആൽബർടൊ പെരേര പിന്നീട് ഈ റെക്കോർഡ് തിരുത്തി (1982 -കുവൈത്ത്, 1986-യു.എ.ഇ, 1994-ബ്രസീൽ, സൗദി അറേബ്യ -1998, 2006-ബ്രസീൽ, 2010-ബ്രസീൽ)
 അയർലന്റ് ടീമിൽ അമ്മാവനും അനന്തരവനുമുണ്ടായിരുന്നു. ഡിഫന്റർമാരായ ഇയാൻ ഹാർടും ഗാരി കെല്ലിയും. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലീഡ്‌സിലും ഇവർ ഒരുമിച്ചു കളിച്ചു. 
 പതിനാലാം വയസ്സിൽ റൊണാൾഡോയിലെ ഫുട്‌ബോൾ പ്രതിഭ കണ്ടെത്തിയത് ലോകപ്രശസ്ത ബ്രസീൽ താരം ജഴ്‌സിഞ്ഞൊ ആയിരുന്നു. ബ്രസീൽ യൂത്ത് ടീമിലേക്ക് റൊണാൾഡോയുടെ പേര് അദ്ദേഹം നിർദേശിച്ചു. 1994 ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ ഡിഫന്ററായി മറ്റൊരു റൊണാൾഡൊ ഉണ്ടായിരുന്നു. 

Latest News