Sorry, you need to enable JavaScript to visit this website.

ഏഷ്യയിലും ബ്രസീൽ

തെക്കൻ കൊറിയ-ജപ്പാൻ, 31 മെയ്-30 ജൂൺ, 2002

അട്ടിമറികളുടെ ലോകകപ്പായിരുന്നു അത്. തുടക്കം തന്നെ വെടിക്കെട്ടോടെയായി. ചാമ്പ്യന്മാരായ ഫ്രാൻസിനെ കന്നിക്കാരായ സെനഗൽ വീഴ്ത്തി. ആ പ്രഹരത്തിൽനിന്ന് ഫ്രാൻസ് ഉണർന്നില്ല. ഒരു ഗോൾ പോലുമടിക്കാതെ അവർ വിടവാങ്ങി, നിലവിലെ ചാമ്പ്യന്മാരുടെ ഏറ്റവും മോശം പ്രകടനം. സെനഗൽ അവിടെ നിന്നില്ല.

മൂന്നു രാജ്യങ്ങളാണ് 2002 ലെ ലോകകപ്പിനായി രംഗത്തുണ്ടായിരുന്നത്. മെക്‌സിക്കോയും ജപ്പാനും തെക്കൻ കൊറിയയും. മെക്‌സിക്കൊ വേദി നേടിയെടുക്കുമെന്ന് ജപ്പാനും കൊറിയയും ആശങ്കിക്കുകയും ഒരുമിച്ച് ലോകകപ്പ് നടത്താമെന്ന നിർദേശം മുന്നോട്ടുവെക്കുകയും ചെയ്തു. അത് ഫിഫക്കും സ്വീകാര്യമായി. അങ്ങനെയാണ് ഏഷ്യയിൽ ആദ്യമായി ലോക ഫുട്‌ബോൾ മാമാങ്കം വിരുന്നെത്തുന്നത്. 
20 സ്റ്റേഡിയങ്ങളിൽ ലോകകപ്പ് നടത്താമെന്നായിരുന്നു നിർദേശം. ആകെയുണ്ടായിരുന്നത് ജപ്പാനിലെ രണ്ടെണ്ണമാണ്. 18 പുതിയ സ്റ്റേഡിയങ്ങൾ ശൂന്യതയിൽ നിന്ന് ഉയർന്നു വന്നു. 
രണ്ട് ആതിഥേയ രാജ്യങ്ങൾക്കും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനും നേരിട്ട് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നൽകിയതോടെ 29 ടീമുകളെ കണ്ടെത്താനാണ് യോഗ്യതാ റൗണ്ട് നടത്തിയത്. ഏഷ്യയിൽ നിന്ന് രണ്ട് ടീമുകൾക്കു കൂടിയേ സ്ഥാനമുണ്ടായിരുന്നുള്ളൂ. സൗദി അറേബ്യയും ചരിത്രത്തിലാദ്യമായി ചൈനയും ആ സ്ഥാനങ്ങൾ സ്വന്തമാക്കി. ചൈന യോഗ്യതാ റൗണ്ടിൽ മിന്നുന്ന ഫോമിലായിരുന്നു. ആഫ്രിക്കയിൽ നാടകീയമായ അവസാന മത്സരങ്ങളിൽ ഈജിപ്തിന് ലോകകപ്പ് ബെർത്ത് നഷ്ടമായി. കോൺകകാഫ് മേഖലയിൽ നിന്ന് അമേരിക്കക്കും മെക്‌സിക്കോക്കുമൊപ്പം കോസ്റ്ററീക്ക യോഗ്യത നേടി. 
ലാറ്റിനമേരിക്കയിൽ ബ്രസീൽ മാറ്റങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. യോഗ്യതാ റൗണ്ടിൽ ആറു കളികൾ അവർ തോറ്റു. മൂന്നാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അർജന്റീന ഗോളടിച്ചു കൂട്ടി. നാൽപതിലേറെ. 15 വ്യത്യസ്ത കളിക്കാർ ഗോളടിച്ചു. ബ്രസീലിനോട് മാത്രമാണ് തോറ്റത്. അർജന്റീനക്കു പിന്നിലെത്തിയ ഇക്വഡോർ ആദ്യമായി ലോകകപ്പ് ബെർത്തുറപ്പിച്ചു. പാരഗ്വായ്ക്ക് ബ്രസീലിനൊപ്പം പോയന്റുണ്ടായിരുന്നു. ഓസ്‌ട്രേലിയയെ പ്ലേഓഫിൽ തോൽപിച്ച് ഉറുഗ്വായും യോഗ്യത നേടി. അഗസ്റ്റിൻ ഡെൽഗാഡൊ ആയിരുന്നു ഇക്വഡോറിന്റെ ഹീറോ. ബ്രസീലിനും പാരഗ്വായ്ക്കും ചിലെക്കും ബൊളീവിയക്കും പെറുവിനുമെതിരായ മത്സരങ്ങളിൽ ഡെൽഗാഡൊ ഗോളടിച്ചു. കോപ അമേരിക്ക ചാമ്പ്യന്മാരായ കൊളംബിയ നിരാശപ്പെടുത്തി. 1998 ലെ ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചിലെയും യോഗ്യത നേടിയില്ല. 
യൂറോപ്പിൽ സ്‌പെയിനും സ്വീഡനും തകർപ്പൻ ഫോമിലായിരുന്നു. 1954 നു ശേഷം ആദ്യമായി തുർക്കി ലോകകപ്പിനെത്തി. അലസാന്ദ്രൊ ദെൽപിയറോയും സിമോൺ ഇൻസാഗിയും ഫ്രാഞ്ചെസ്‌കൊ ടോട്ടിയും ആക്രമണം നയിക്കുന്ന ഇറ്റലി അനായാസം മുന്നേറി. റഷ്യയെയും യൂഗോസ്ലാവ്യയെയും മറികടന്ന് സ്ലൊവേനിയ ഫൈനൽ റൗണ്ടിലെത്തിയത് അവസാന മത്സരങ്ങളിലെ വിജയങ്ങളിലൂടെയായിരുന്നു. ഇംഗ്ലണ്ടും ജർമനിയും ഒരു ഗ്രൂപ്പിലായിരുന്നു. മ്യൂണിക്കിൽ ഇംഗ്ലണ്ട് 5-1 ന് ജർമനിയെ നാണം കെടുത്തി. എന്നിട്ടും ഇഞ്ചുറി ടൈമിൽ ഗ്രീസിനെതിരെ ഡേവിഡ് ബെക്കാമിന്റെ മാസ്മരിക ഫ്രീകിക്ക് ഗോൾ വേണ്ടി വന്നു ഇംഗ്ലണ്ടിന് ഫൈനൽ റൗണ്ടിലെത്താൻ.  

ആതിഥേയർ: കൊറിയ-ജപ്പാൻ, ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 32, മത്സരങ്ങൾ: 64
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 199

ടോപ്‌സ്‌കോറർ: റൊണാൾഡൊ (ബ്രസീൽ, 8)
പ്രധാന അസാന്നിധ്യം : നെതർലാന്റ്‌സ്
ആകെ ഗോളുകൾ 161 (ശരാശരി 2.52), 
കൂടുതൽ ഗോളടിച്ചത് ബ്രസീൽ (18)
മത്സരക്രമം: നാലു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. 
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിൽ.

ബ്രസീലും ജർമനിയും ഫോമിലല്ലായിരുന്നു. അർജന്റീനക്കാണ് കിരീടസാധ്യത കൽപിക്കപ്പെട്ടത്. സ്‌പെയിനിന് നല്ല ടീമുണ്ടായിരുന്നു. ലോകകപ്പ് നേടിയ ടീമിലെ മിക്ക കളിക്കാരുമായാണ് ഫ്രാൻസ് എത്തിയത്. പക്ഷെ ഉദ്ഘാടന മത്സരത്തിൽ കന്നിക്കാരായ സെനഗൽ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചു. ഡെന്മാർക്കിനെയും ഉറുഗ്വായെയും തളച്ച് സെനഗൽ പ്രി ക്വാർട്ടറിലെത്തി. ഉറുഗ്വായ്‌ക്കെതിരെ മൂന്നു ഗോൾ ലീഡ് അവർ തുലക്കുകയായിരുന്നു. ഫ്രാൻസാവട്ടെ ഉറുഗ്വായുമായി സമനില പാലിക്കുകയും ഡെന്മാർക്കിനോട് തോൽക്കുകയും ചെയ്തു. ഒരു പോയന്റുമായി പുറത്തായി.
ഗ്രൂപ്പ് ബി-യിൽ നിന്ന് സ്‌പെയിൻ അനായാസം മുന്നേറി. കൂടെ പാരഗ്വായും. ദക്ഷിണാഫ്രിക്കയും സ്ലൊവേനിയയും പുറത്തായി. റൊണാൾഡോയും റിവാൽഡോയും റൊണാൾഡിഞ്ഞോയും അണിനിരന്ന ബ്രസീൽ തുർക്കിക്കെതിരായ മത്സരത്തിൽ വിറച്ച ശേഷം പൊടുന്നനെ ഫോമിലേക്കുയർന്നു. റിവാൽഡൊ നാടകീയമായി വീണ് നേടിയെടുത്ത പെനാൽട്ടിയിലാണ് അവർ തുർക്കിയെ തോൽപിച്ചത്. പിന്നീട് ചൈനയെ 4-0 നും കോസ്റ്ററീക്കയെ 5-2 നും തകർത്തു. അട്ടിമറികളോടെയാണ് ഗ്രൂപ്പ് ഡി തുടങ്ങിയത്. പോളണ്ടിനെ തെക്കൻ കൊറിയയും പോർചുഗലിനെ അമേരിക്കയും തോൽപിച്ചു. പോർചുഗലിനെയും കൊറിയ കീഴടക്കി. നോക്കൗട്ടിലെത്തുമെന്നു കരുതിയ പോർചുഗലും പോളണ്ടും പുറത്തായി. കൊറിയക്കെതിരായ കളി ഒമ്പതു പേരുമായാണ് പോർചുഗൽ അവസാനിപ്പിച്ചത്. 
ഗ്രൂപ്പ് ഇ-യിൽ സൗദി അറേബ്യയെ ജർമനി 8-0 ന് തകർത്തു. മിറോസ്ലാവ് ക്ലോസെ ഹെഡറുകളിലൂടെ ഹാട്രിക് തികച്ചു. കാമറൂണിനോടും അയർലന്റിനോടും സൗദി തോറ്റു. ജർമനിയായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്മാർ. ജർമനിയെ തളച്ച് അയർലന്റും ഒപ്പം മുന്നേറി. ഗ്രൂപ്പ് എഫിൽ കിരീടപ്രതീക്ഷകളായ അർജന്റീനയെ ബെക്കാമിന്റെ പെനാൽട്ടി ഗോളിൽ ഇംഗ്ലണ്ട് തോൽപിച്ചു. സ്വീഡനോടും സമനില വഴങ്ങിയതോടെ അർജന്റീന പുറത്തായി. സ്വീഡനും ഇംഗ്ലണ്ടും മുന്നേറി. ഗ്രൂപ്പ് ജി-യിൽ ഇറ്റലി ക്രൊയേഷ്യയോട് തോൽക്കുകയും മെക്‌സിക്കോയോട് സമനില വഴങ്ങുകയും ചെയ്തു. എങ്കിലും മെക്‌സിക്കോക്ക് പിന്നിൽ അവർ നോക്കൗട്ടിലെത്തി. ഗ്രൂപ്പ് എച്ചിൽ ജപ്പാൻ റഷ്യയെയും തുനീഷ്യയെയും തോൽപിച്ചു. ജപ്പാനും ബെൽജിയവും പ്രി ക്വാർട്ടറിലേക്ക് മുന്നേറി. 
ടോട്ടി ചുവപ്പ് കാർഡ് കണ്ട പ്രി ക്വർട്ടറിൽ ഇറ്റലിയെ കൊറിയ അട്ടിമറിച്ചു. സ്വീഡനെ ഗോൾഡൻ ഗോളിൽ തോൽപിച്ച് സെനഗൽ മുന്നേറ്റം തുടർന്നു. ആതിഥേയരായ ജപ്പാനെ തുർക്കി തോൽപിച്ചു. സ്‌പെയിനിന് അയർലന്റിനെ മറികടക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ജർമനി പാരഗ്വായെയും ഇംഗ്ലണ്ട് ഡെന്മാർക്കിനെയും അമേരിക്ക മെക്‌സിക്കോയെയും ബ്രസീൽ ബെൽജിയത്തെയും തോൽപിച്ചു. 
റൊണാൾഡിഞ്ഞോയുടെ അതിമനോഹരമായ ഫ്രീകിക്ക് ഗോളിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ബ്രസീൽ സെമിയിലെത്തി. തെക്കൻ കൊറിയ ഷൂട്ടൗട്ടിൽ സ്‌പെയിനിന്റെ വഴിയടച്ചു. തുർക്കി ഗോൾഡൻ ഗോളിൽ സെനഗലിനെ മറികടന്നു. മനോഹരമായി കളിച്ച അമേരിക്കയെ ജർമനി ഒരു ഗോളിന് തോൽപിച്ചു. രണ്ടു സെമി ഫൈനലും വിരസമായിരുന്നു. ജർമനിക്കു മുന്നിൽ കൊറിയയുടെ കുതിപ്പ് നിലച്ചു. ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെതിരെ കാഴ്ചവെച്ച വീര്യം തുർക്കി സെമിയിൽ മറന്നു. 
വേദികൾക്കു പുറത്ത് മിസൈലുകൾ വിന്യസിച്ചാണ് സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷമുള്ള ആദ്യ ലോക കായികമേള തെക്കൻ കൊറിയയിലും ജപ്പാനിലുമായി അരങ്ങേറിയത്. എന്നിട്ടും ഏഷ്യയിലെ കന്നി ലോകകപ്പിനെ വൻകര ഉത്സവമാക്കി. അമേരിക്കൻ വൻകരക്കും യൂറോപ്പിനും പുറത്ത് ആദ്യമായി നടന്ന ലോകകപ്പായിരുന്നു അത്, രണ്ടു രാജ്യങ്ങൾ ചേർന്നു നടത്തുന്ന ആദ്യത്തേതും. തെക്കൻ കൊറിയ സെമിയിലേക്കു മുന്നേറി, ജപ്പാൻ രണ്ടാം റൗണ്ടിലെത്തി. ഇതാദ്യമായാണ് ജപ്പാനും തെക്കൻ കൊറിയയും ലോകകപ്പിൽ വിജയം നേടുന്നത്. ആദ്യമായി ക്വാർട്ടറിൽ അഞ്ച് ഫിഫ മേഖലകളിൽനിന്ന് ടീമുകളുണ്ടായി. പക്ഷെ കലാശപ്പോരാട്ടത്തിൽ പരമ്പരാഗത വൈരികൾ തന്നെ ഏറ്റുമുട്ടി, ബ്രസീലും ജർമനിയും. നാലു വർഷം മുമ്പ് ഫൈനലിൽ നാണംകെട്ടു മടങ്ങിയ റൊണാൾഡൊ രണ്ടു ഗോളോടെ ബ്രസീലിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ചു, എട്ടു ഗോളോടെ ടോപ്‌സ്‌കോററായി. 1970 നു ശേഷം ആദ്യമായി ടോപ്‌സ്‌കോറർ ആറിലേറെ ഗോൾ നേടി. ലോകകപ്പ് നേടിയ ഏഴ് ടീമുകളും 2002 ൽ ഫൈനൽ റൗണ്ടിനുണ്ടായിരുന്നു.
അട്ടിമറികളുടെ ലോകകപ്പായിരുന്നു അത്. തുടക്കം തന്നെ വെടിക്കെട്ടോടെയായി. ചാമ്പ്യന്മാരായ ഫ്രാൻസിനെ കന്നിക്കാരായ സെനഗൽ വീഴ്ത്തി. ആ പ്രഹരത്തിൽനിന്ന് ഫ്രാൻസ് ഉണർന്നില്ല. ഒരു ഗോൾ പോലുമടിക്കാതെ അവർ വിടവാങ്ങി, നിലവിലെ ചാമ്പ്യന്മാരുടെ ഏറ്റവും മോശം പ്രകടനം. സെനഗൽ അവിടെ നിന്നില്ല. രണ്ടാം റൗണ്ടിൽ സ്വീഡനെ ഗോൾഡൻ ഗോളിൽ വീഴ്ത്തി അവർ ക്വാർട്ടറിലേക്കു മുന്നേറി. ക്വാർട്ടറിൽ ഗോൾഡൻ ഗോളിൽ തുർക്കിക്കു മുന്നിലാണ് ആ കുതിപ്പ് അവസാനിച്ചത്. 
പോർചുഗലിനെ വീഴ്ത്തിയ അമേരിക്ക അട്ടിമറിക്ക് കൊഴുപ്പു കൂട്ടി. പോളണ്ടിനെ തോൽപിച്ച് പോർചുഗൽ പ്രതീക്ഷ നിലനിർത്തിയെങ്കിലും ടൂർണമെന്റിന്റെ ടീമായി മാറിയ തെക്കൻ കൊറിയയോട് മുട്ടുമടക്കി നേരത്തേ മടങ്ങി. കിരീടം നേടുമെന്നു കരുതപ്പെട്ട അർജന്റീനയും ആഫ്രിക്കൻ വമ്പന്മാരായ നൈജീരിയയും ആദ്യ റൗണ്ട് കടന്നില്ല. ആദ്യ റൗണ്ടിൽ ഏവരും ഉറ്റുനോക്കിയ പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് അർജന്റീന തോറ്റു. 1998 ൽ അർജന്റീനക്കെതിരായ കളിയിൽ ചുവപ്പ് കാർഡ് കണ്ട ഡേവിഡ് ബെക്കാമാണ് പെനാൽട്ടിയിൽനിന്ന് വിജയ ഗോളടിച്ചത്. സ്വീഡനുമായി അവസാന കളിയിൽ സമനില പാലിച്ചതോടെ അർജന്റീന വിമാനം കയറി. 
നോക്കൗട്ട് റൗണ്ടിലും അട്ടിമറിയുടെ അമിട്ടുകൾ പൊട്ടിക്കൊണ്ടിരുന്നു. പിന്നിലായ ശേഷം ആൻ ജുംഗ് ഹ്വാനിന്റെ ഗോൾഡൻ ഗോളിൽ ഇറ്റലിയെ കൊറിയ കെട്ടുകെട്ടിച്ചു. ഇറ്റലിയിലെ പെറൂജിയ ക്ലബ്ബിന്റെ താരമായിരുന്നു ആൻ. ഇറ്റലിയെ തോൽപിച്ച ആനിനെ പെറൂജിയ പിന്നീട് കളിപ്പിച്ചില്ല. ക്വാർട്ടറിൽ സ്‌പെയിനിനെ ഷൂട്ടൗട്ടിൽ കൊറിയ വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും ജയിച്ച രണ്ടു ടീമുകളിലൊന്നായിരുന്നു സ്‌പെയിൻ. രണ്ടാമത്തെ ടീം ബ്രസീലായിരുന്നു. സ്‌പെയിനിനും ഇറ്റലിക്കുമെതിരായ കൊറിയയുടെ കളികളിലെ റഫറിയിംഗ് വൻ  വിവാദമായി.
സെമിയിൽ ജർമനിയോട് ഒരു ഗോളിന് തോറ്റ് കൊറിയയുടെ കുതിപ്പ് അവസാനിച്ചെങ്കിലും ചുവപ്പണിഞ്ഞ് തെരുവുകൾ നിറഞ്ഞ കൊറിയക്കാർ ലോകകപ്പിനെ ഹൃദയങ്ങളിലേറ്റുവാങ്ങി. ഡച്ചുകാരനായ കോച്ച് ഗുസ് ഹിഡിങ്കിന് ഓണററി പൗരത്വം നൽകി അവർ.
ഫിലിപ് ട്രൗസിയറുടെ ജപ്പാനും പിന്നിലായില്ല. റഷ്യയെയും തുനീഷ്യയെയും തോൽപിച്ച അവർ ഗ്രൂപ്പിൽ ഒന്നാമതെത്തി. പക്ഷെ 1954 നു ശേഷം ആദ്യമായി ലോകകപ്പിനു വന്ന തുർക്കിക്കു മുന്നിൽ ജപ്പാന്റെ മുന്നേറ്റം അവസാനിച്ചു. കോസ്റ്ററീക്കയെ ഗോൾവ്യത്യാസത്തിൽ മറികടന്ന് രണ്ടാം റൗണ്ടിൽ കടന്നുകൂടിയ തുർക്കി പിന്നീട് വിശ്വരൂപം കാട്ടി. ഗോൾഡൻ ഗോളിൽ സെനഗലിനെ കീഴടക്കി സെമിയിലെത്തിയ അവർ ബ്രസീലിനോട് പൊരുതിത്തോൽക്കുകയായിരുന്നു. തുർക്കിയുടെ ഹകൻ ഉൻസാലിന് ചുവപ്പ് കാർഡ് നേടിക്കൊടുക്കാൻ റിവാൽഡൊ നാടകീയമായ വീഴ്ച അഭിനയിച്ച് നാണം കെട്ടു. അതിന് 5180 പൗണ്ട് ഫിഫ പിഴയിട്ടു. കൊറിയയെ കീഴടക്കി മൂന്നാം സ്ഥാനവുമായാണ് തുർക്കിക്കാർ മടങ്ങിയത്. 
ജർമനിക്ക് അധികമാരും വില കൽപിച്ചിരുന്നില്ല. ഗോളി ഒലിവർ കാനിന്റെ മികവാണ് അവരെ നയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയെ 8-0 ന് നിലംപരിശാക്കിയെങ്കിലും ക്വാർട്ടറിൽ അമേരിക്കക്കും സെമിയിൽ കൊറിയക്കുമെതിരെ മിഷേൽ ബാലക്കിന്റെ ഏക ഗോളിൽ അവർ വിജയമൊപ്പിക്കുകയായിരുന്നു. പക്ഷെ കൊറിയയുടെ മറുപടി ഗോൾ ഫൗളിലൂടെ തടഞ്ഞ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയതോടെ ബാലക്കിന് ഫൈനൽ നഷ്ടമായി. 
നിർഭാഗ്യമെന്നു പറയാം, അതുവരെ അതികായനായി നിന്ന കാനിന്റെ പിഴവിൽ ഫൈനലിൽ ബ്രസീൽ മുന്നിലെത്തി. റിവാൽഡോയുടെ സുന്ദരമായ മുന്നേറ്റത്തിൽനിന്ന് റൊണാൾഡൊ രണ്ടാം ഗോളുമടിച്ചു. ഏതു വൻകരയിലും ലോകകപ്പുയർത്താനാവുമെന്ന് ഏഷ്യയിലും ബ്രസീൽ തെളിയിച്ചു. ഗോൾഡൻ ഗോൾ കണ്ട അവസാന ലോകകപ്പായിരുന്നു അത്. അര മണിക്കൂർ എക്‌സ്ട്രാ ടൈം ഫിഫ പുനഃസ്ഥാപിച്ചു.

Latest News