'എന്റെ മകള്‍ സ്വന്തം കാലില്‍ നില്‍ക്കാറായി. അവളിപ്പോള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വീട്ടിലിരുന്ന് ബോറടിക്കുന്നില്ലേ, വീണ്ടും അഭിനയിച്ചുകൂടേ എന്നൊക്കെ അവളാണ് എന്നോട് ചോദിച്ചത്. അത് കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ നല്ല സിനിമകള്‍ വന്നാല്‍ ചെയ്യാമെന്ന് കരുതിയിരിക്കുമ്പോഴാണ് 'ജനഗണമന'യ്ക്കായി ഡിജോ വിളിക്കുന്നത്. ശബാന എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. തിരിച്ചുവരവിനുള്ള അവസരമാണ് ഇതെന്ന് എനിക്ക് തോന്നി. മംമ്തയുടെ അമ്മയുടെ കഥാപാത്രമാണ്. ആദ്യമായാണ് ഞാന്‍ ഇത്തരമൊരു റോള്‍ ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്' - നടി ശാരി പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ശാരി. പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ഡിജോ ജോസ് ചിത്രം 'ജനഗണമന'യിലൂടെയാണ് ഏഴു വര്‍ഷത്തിനു ശേഷം ശാരി വെള്ളിത്തിരയിലെത്തുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൊണ്ടാണ് താന്‍ ഇടവേളകള്‍ എടുത്തതെന്നും മകളാണ് തിരിച്ചുവരവിന് പ്രേരിപ്പിച്ചതെന്നും ശാരി പറയുന്നു.






