പ്രശാന്ത് കിഷോറിനെ ആർക്കാണ് പേടി?

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമാണ്. തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ച വെച്ചുകൊണ്ട് ഒന്നുകിൽ ജീവിക്കുക, അല്ലെങ്കിൽ പോരാടാൻ പോലും കഴിയാതെ ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങുക. ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. പോരാട്ടത്തിനുള്ള ബാല്യം ഒരിക്കൽ കൂടി അവശേഷിക്കുന്നുണ്ടെന്ന് കരുതിയതിനാലാകണം സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ചേർന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കോൺഗ്രസ് ഉന്നതാധികാര സമിതിയുടെ ഭാഗമാകാൻ ക്ഷണിച്ചത്. നിലവിലുള്ള  പാർട്ടി നേതൃത്വത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് നേതൃത്വം തിരിച്ചറിഞ്ഞത് തന്നെ പാർട്ടിയുടെ മുജ്ജന്മ സുകൃതമാണ്.


ആവനാഴിയിലെ അമ്പുകളെല്ലാം തീർന്ന് നിരായുധരായി നിൽക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ആദ്യം വേണ്ടത് കടുത്ത ആത്മവിശ്വാസമാണ്. രണ്ടാമത് വേണ്ടത് ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ നേതൃത്വത്തിനുള്ള കഴിവാണ്. മൂന്നാമത് വേണ്ടത് ബി.ജെ.പി - സംഘപരിവാർ വിരുദ്ധ വോട്ടുകളെ വലിയൊരു പരിധി വരെ പാർട്ടി അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങളാണ്. നാലാമത് വേണ്ടത് പ്രാദേശിക മതേതര പാർട്ടികളെ ഫലപ്രദമായി ഉപയോഗിക്കാനും അവരോട് കൂട്ടുകൂടാനുമുള്ള കഴിവാണ്. ഇപ്പറഞ്ഞതൊന്നും ഇപ്പോൾ കോൺഗ്രസിൽ ഇല്ലെന്നതിന്റെ തെളിവാണ് അവരുടെ തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ. ഇതേ രീതിയിൽ പോയാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിട്ടുന്ന സീറ്റുകൾ എണ്ണി നോക്കാൻ വലിയ അധ്വാനമൊന്നും വേണ്ടിവരില്ല.
കാര്യങ്ങളുടെ സ്ഥിതി അവസാന നിമിഷത്തിലെങ്കിലും ബോധ്യമായതുകൊണ്ടാകാം പാർട്ടിയുടെ രക്ഷക ദൗത്യം പ്രശാന്ത് കിഷോറിനെ ഏൽപിക്കാൻ സോണിയാ ഗാന്ധിയും മക്കളും തീരുമാനിച്ചത്. ഇവരുടെ ആവശ്യ പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനെ സമൂലമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് പ്രശാന്ത് കിഷോർ സോണിയാ ഗാന്ധിക്ക് സമർപ്പിക്കുകയും ചെയ്തു. പാർട്ടിയുടെ രക്ഷക ദൗത്യം താൻ ഏറ്റെടുക്കണമെങ്കിൽ തനിക്ക് സ്വതന്ത്രമായ ഇടപെടൽ പാർട്ടിക്കുള്ളിൽ നടത്താൻ അവസരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് കിഷോർ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനത്തെക്കുറിച്ചും പഠിക്കാൻ സോണിയാ ഗാന്ധി എട്ടംഗ സമിതിയെ നിയോഗിച്ചു. അതോടെ തീർന്നു എല്ലാം. 


നെഹ്‌റു കുടംബത്തെക്കുറിച്ചുള്ള സ്തുതികൾ പാടാൻ മാത്രം കഴിവുള്ള, ദൽഹിയിൽ പണിയൊന്നുമില്ലാതെ വെറുതെയിരുന്ന്  വേരുറച്ചു പോയ നേതാക്കളിൽ പലർക്കും പ്രശാന്ത് കിഷോറിനെ ദഹിച്ചില്ല. അദ്ദേഹം പാർട്ടിയിലെത്തിയാൽ സ്വസ്ഥമായി ദൽഹിയിൽ കാലും നീട്ടിയിരിക്കുന്ന തങ്ങൾക്ക് പണികിട്ടുമെന്ന് ഇവർക്കറിയാം. മാത്രമല്ല, ആരുടെയൊക്കെ തലയാണ് തെറിക്കാൻ പോകുന്നതെന്ന ഭയവുമുണ്ട്. അപ്പോൾ പിന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയവും പരാജയവുമൊന്നുമല്ല വിഷയം, പ്രശാന്ത് കിഷോറിനെതിരെ എല്ലാവരും ഒന്നിച്ചു. സോണിയയുടെ അതിവിശ്വസ്തർ പോലും പണികൊടുത്തു. പ്രശാന്തിനെ കോൺഗ്രസിന് വേണ്ടെന്നാണ് അവർ റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് നേതാക്കളുടെ ആധി മുൻകൂട്ടി അറിയുന്നതുകൊണ്ടാകാം താൻ കോൺഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോർ നേരിട്ട് തന്നെ വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസിന് ഇപ്പോൾ തന്നേക്കാൾ ആവശ്യം ശക്തമായ നേതൃത്വത്തെയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പിൻമാറിയത്. ഏതായാലും ഇപ്പോൾ സന്തോഷമായത് ദൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിരുന്ന് തുരുമ്പെടുക്കുന്ന മസ്തിഷ്‌കങ്ങൾക്കാണ്. പാർട്ടി ഇല്ലാതായാലും തരക്കേടില്ല, പ്രശാന്ത് കിഷോറിന് പാര പണിതല്ലോയെന്ന ആശ്വാസം.


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ എങ്ങനെയങ്കിലും കരയ്ക്കടുപ്പിക്കുകയെന്ന സോണിയയുടെ നീക്കത്തിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് എത്തുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്താൽ ചെറിയ പ്രതീക്ഷക്ക് വകയുണ്ടെന്ന ബോധ്യം സോണിയ ഗാന്ധിക്കുണ്ട്. അതിനെയാണ് മറ്റു നേതാക്കൾ ചേർന്ന് തകിടം മറിച്ചത്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലും അതിനെ വിജയിപ്പിച്ചെടുക്കുന്നതിലും മികച്ച ട്രാക്ക് റെേക്കോർഡുള്ളയാളാണ് പ്രശാന്ത് കിഷോറെന്ന് അദ്ദേഹത്തെ പാരവെച്ച കോൺഗ്രസ് നേതാക്കൾക്ക് അറിയാഞ്ഞിട്ടല്ല. 2012 ൽ ഗുജറാത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതും 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രാജ്യത്തിന്റെ ഭരണം നേടിക്കൊടുത്തതിലും പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. 2015 ൽ ബിഹാറിൽ ജനതാദൾ യുനൈറ്റഡും 2017 ൽ പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും അധികാരം പിടിച്ചത് പ്രശാന്ത് കിഷോറിന്റെ സഹായത്താലാണ്. 
2019 ൽ ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിനെയും 2020 ൽ ദൽഹിയിൽ ആം ആദ്മി പാർട്ടിയെയും 2021 ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും തമിഴ്‌നാട്ടിൽ ഡി.എം.കെയെയും അധികാരത്തിലെത്തിച്ചതിന് പിന്നിൽ പ്രശാന്ത് കിഷോറിന്റെ കരങ്ങളുണ്ടായിരുന്നു. 2017 ൽ ഉത്തർപ്രദേശിൽ  കോൺഗ്രസിനെ ജയിപ്പിക്കാൻ കഴിയാതെ പോയതാണ് അദ്ദേഹത്തിന്റെ പാളിപ്പോയ പരീക്ഷണം. അതുകൊണ്ട് പ്രശാന്ത് കിഷോർ ചില്ലറക്കാരനല്ലെന്ന് കോൺഗ്രസ് നേതാക്കളും കരുതുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ കോൺഗ്രസിൽ എത്തിച്ചാൽ കളി ഗുരുക്കളുടെ നെഞ്ചത്താകുമെന്ന് കരുതുന്നവരാണ് ദേശീയ നേതൃത്വത്തിൽ കൂടുതലുള്ളത്. പ്രശാന്ത് കിഷോർ പാർട്ടിയിലെ വലിയ അധികാര കേന്ദ്രമായി മാറുമോയെന്ന ഭയമാണ് നേതാക്കൾക്കുള്ളത്. 


2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അജണ്ട സെറ്റ് ചെയ്യുന്നതിലും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിലുമടക്കം തനിക്ക് അധികാരം വേണമെന്ന നിബന്ധനയാണ് പ്രശാന്ത് കിഷോർ സോണിയാ ഗാന്ധിക്ക് മുന്നിൽ വെച്ചതെന്നാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്ന  റിപ്പോർട്ടുകൾ. പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ആദർശങ്ങളുമായി ഒത്തുപോകുന്ന ആളല്ലെന്ന വിമർശനം മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് ഉൾെപ്പടെയുള്ളവർ ഉയർത്തിയിരുന്നു. സോണിയ ഭക്തനായ എ.കെ. ആന്റണി അടക്കമുള്ളവർ രണ്ടും കൈയും കൂട്ടിയടിച്ച് അതിനെ പിന്താങ്ങുകയും ചെയ്തു. 
പ്രശാന്ത് കിഷോറിന്റെ പിൻമാറ്റം തിരിച്ചടിയാകുക കോൺഗ്രസിന് തന്നെയാണ്. കോൺഗ്രസിനെ രക്ഷിക്കാനുള്ള കച്ചിത്തുരുമ്പായാണ് സോണിയ ഗാന്ധി പ്രശാന്ത് കിഷോറിനെ കണ്ടിരുന്നത്. തെരഞ്ഞെടുപ്പിൽ ഫലപ്രദമായ രാഷ്ട്രീയ തന്ത്രങ്ങൾ മുന്നോട്ട് വെക്കാനുള്ള മികച്ച അവസരമാണ് പാർട്ടി നഷ്ടപ്പെടുത്തിയത്. കോൺഗ്രസിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ബി.ജെ.പി വിരുദ്ധരായ മറ്റേതെങ്കിലും പാർട്ടിയുടെയോ സഖ്യത്തിന്റെയോ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ നേതൃത്വം നൽകാൻ സാധ്യതയുണ്ട്. പ്രശാന്തിനെ കൈവിട്ടതിന്റെ ദോഷം അപ്പോഴാണ് കോൺഗ്രസ് നേതൃത്വത്തിന് ബോധ്യമാകുക.


2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്കുള്ളിലുണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതായിരിക്കില്ല. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ സുരക്ഷിത സ്ഥാനം തേടി പാർട്ടി വിടാനാണ് സാധ്യത. പ്രവർത്തകരുടെ ആത്മവിശ്വാസവും പൂർണമായും നഷ്ടപ്പെടും. തിരിച്ചുവരാൻ കഴിയാത്ത രീതിയിലുള്ള പതനമായിരിക്കും സംഭവിക്കുക. ഇതില്ലാതാക്കാനുള്ള ഒറ്റമൂലിയാണ് പ്രശാന്ത് കിഷോർ എന്ന വിശ്വാസമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് വലിയ താൽപര്യത്തോടെ സോണിയയും മക്കളും പ്രശാന്തിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്.  അത് തകർന്നതോടെ പാർട്ടിയിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Latest News