Sorry, you need to enable JavaScript to visit this website.

പുണ്യരാവിൽ പെയ്തിറങ്ങിയ മാതൃചിന്തകൾ

ഇരുന്നൂറ് മൈൽ അകലെ താമസിക്കുന്ന അമ്മയ്ക്ക് കുറച്ച് പൂക്കൾ പാർസൽ  ചെയ്യാൻ ഓർഡർ നൽകാൻ ഒരാൾ പൂവിൽപന കടയിൽ എത്തി. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു പെൺകുട്ടി കരയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. എന്താണ് കരച്ചിലിന്റെ കാരണമെന്ന് അദ്ദേഹം ആ ബാലികയോട്  ചോദിച്ചു.  'എനിക്ക് എന്റെ അമ്മയ്ക്ക് ഒരു ചുവന്ന റോസാപ്പൂവ് വാങ്ങണം. എന്നാൽ എന്റെ കൈവശം എഴുപത്തഞ്ച് സെന്റ് മാത്രമേ ഉള്ളൂ, ഒരു റോസാപ്പൂവിന്റെ വില രണ്ട് ഡോളറാണ് -അവൾ വിതുമ്പി മറുപടി പറഞ്ഞു. 
ആ മനുഷ്യൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'എന്റെ കൂടെ വരൂ.  നിനക്ക് റോസാപ്പൂ ഞാൻ വാങ്ങിത്തരാം.അവൻ ആ കൊച്ചു പെൺകുട്ടിക്ക് ഒരു റോസാപ്പൂവ് വാങ്ങിച്ചു നൽകി.  സ്വന്തം അമ്മയ്ക്കയക്കാനുള്ള  പൂക്കൾ ഓർഡർ ചെയ്തു. 'കയറിക്കോളൂ..  വീട്ടിലിറക്കിത്തരാം അയാൾ പെൺകുട്ടിയോട് പറഞ്ഞു. നിങ്ങൾ എന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാമോ? അവൾ അയാളെ  ഒരു സെമിത്തേരിയിലേക്ക് നയിച്ചു. അവൾ കൈയിലെ  റോസാപ്പൂവ് പുതുതായി കുഴിച്ച കുഴിമാടത്തിൽ വെച്ചു. 
ആ മനുഷ്യൻ തിരികെ പോയത് പൂക്കടയിലേക്കായിരുന്നു. പാർസൽ ഓർഡർ റദ്ദാക്കി. അദ്ദേഹം പകരം ഒരു ഫ്‌ളവർ  ബൊക്കെ  വാങ്ങിച്ചു. തുടർന്ന് ഇരുന്നൂറ് മൈൽ  ദൂരെയുള്ള  അമ്മയുടെ വീട്ടിലേക്ക് കാറോടിച്ചു പോയി. 
ഈ കഥയിപ്പോൾ ഓർമ വരാനൊരു കാരണമുണ്ട്.  കഴിഞ്ഞ രാത്രി  മക്കയിൽ നിന്നും ജിദ്ദയിലേക്ക് തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മടങ്ങിയത് ഒരു നന്മ നിറഞ്ഞ സൗദി പൗരനോടൊത്തായിരുന്നു. പുണ്യരാവിലെ പ്രാർത്ഥനയ്ക്കുത്തരമെന്ന പോലെ ഹറമിൽ നിന്നും ഖുദൈയിലേക്കുള്ള ബസ് യാത്രയിൽ ഒരു പുഞ്ചിരിയിൽ വിരിഞ്ഞ മനോഹര സൗഹൃദം. ജിദ്ദയിലേക്കാണെങ്കിൽ എന്റെ കൂടെ പോന്നോളൂ അദ്ദേഹം പറഞ്ഞു. എസ്.ടി.സിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന  അഹമ്മദ് സഹറാനിയുടെ സ്‌നേഹപൂർവമുള്ള ക്ഷണം ഞാനും കുടുംബവും ആദരപൂർവം സ്വീകരിച്ചു. 
തുടർന്ന്, വാക്കുകൾക്കതീതമായ പ്രശാന്തി നിറഞ്ഞ നിശീഥിനിയിൽ മക്കാ റോഡിലൂടെയുള്ള ഞങ്ങളുടെ യാത്ര  അവിസ്മരണീയമായ നുറുങ്ങ് വർത്തമാനങ്ങൾ കൊണ്ടും പ്രാർഥനകൾ കൊണ്ടും ധന്യമായിരുന്നു. 

അഹമ്മദിന്റെ  സൗദി ജീവിതത്തിലെ  അനുഭവങ്ങളും കുടുംബ കഥകളും വിഷയമായി. സർവതുറകളിലും സൗദി അറേബ്യ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി ഏറെ മാതൃകാപരമാണെന്ന് അഭിമാനപൂർവം പറഞ്ഞ സഹ്‌റാനി വളർന്നത് അനാഥനായിട്ടായിരുന്നു. 
അനുജൻ അബ്ദുല്ലയ്ക്ക് ഒരു മാസം പ്രായമായപ്പോൾ ബാപ്പ ഒരു കാറപകടത്തിൽ മരണപ്പെട്ടു. തന്റേടിയും തികഞ്ഞ ഭക്തയുമായ  മാതാവ്,
അബ്ദുല്ല ഉൾപ്പെടെ  അഞ്ചു മക്കളെയും  ഉന്നത വിദ്യാഭ്യാസവും സംസ്‌കാരവും പകർന്ന് നൽകി വളർത്തി വലുതാക്കി.  ഉമ്മ അത്തീക്കയ്ക്ക് ഇപ്പോൾ പ്രായം എഴുപത് കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട ഉമ്മ എന്റെ കൂടെയാണിപ്പോൾ. ഈറൻ തിളങ്ങുന്ന  കണ്ണുകളിൽ  പ്രാർത്ഥനയുടെ വേലിയേറ്റം.  ചെറുതല്ലാത്ത അഭിമാനത്തോടെയാണ് അഹമ്മദ് സഹ്‌റാനി ഉമ്മയെ കുറിച്ച് പറഞ്ഞത്. മൂന്ന് ആൺ മക്കളും രണ്ട് പെൺമക്കളും ആ വിധവയായ  മാതാവിന്റെ സ്‌നേഹലാളനകളിൽ വളർന്ന് വന്നതിന്റെ കൃതജ്ഞതാ ബോധം ലൈലത്തുൽ ഖദ്‌റ് പ്രതീക്ഷിക്കുന്ന  രാവിനെ മാതൃസ്‌നേഹ സമൃദ്ധിയിൽ കൂടുതൽ ദീപ്തമാക്കി. കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിൽ  കെമിക്കൽ എൻജിനീയറിംഗ്   പ്രൊഫസറും സാബിക് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നിരവധി അവാർഡുകൾ ഏറ്റുവാങ്ങിയ   പ്രശ്‌സ്ത ഗവേഷകൻ സഈദ് സഹ്‌റാനി അഹമ്മദിന്റെ മൂത്ത സഹോദരനാണ്. മറ്റൊരു സഹോദരനായ അബ്ദുല്ല സഹ്‌റാനിയും യൂനിവേഴ്‌സിറ്റി പ്രൊഫസറാണ്. അസ്സ, റിദ എന്നീ സഹോദരികൾ  സ്‌കൂൾ അധ്യാപികമാരാണ്. 
അഹമ്മദിന്റെ മൂന്ന് മക്കളും മെഡിക്കൽ ബിരുദധാരികളാണ്. ഉപ്പയുടെ മരണ ശേഷം ഉമ്മ നിരാശയായി തളർന്നു പോവാതെ ഉപ്പ പകർന്നേകിയ ഉൽകൃഷ്ടമായ മതമൂല്യങ്ങളുടെ പിൻബലത്തോടെ  ഞങ്ങളെ  വളർത്തിയെടുത്തത് ഏറെ മാതൃകാപരമാണെന്നും ഉമ്മ ഇപ്പോഴും ഏറെ ആരോഗ്യവതിയാണെന്നും അഹമ്മദ് പറയുമ്പോൾ ജീവിതത്തിൽ 
വന്ന് ഭവിക്കുന്ന സുഖദുഃഖങ്ങളെയും പരീക്ഷണങ്ങളെയും  എങ്ങനെ  സംയമനത്തോടെ എതിരേൽക്കണമെന്ന പാഠം കൂടുതൽ കൂടുതൽ  തെളിഞ്ഞ് വരുന്നതനുഭവിക്കാം. അചഞ്ചലമായ ദൈവ സ്മരണയൊരുക്കുന്ന  സുശക്തവും സുവ്യക്തവുമായ  പന്ഥാവിൽ മുന്നേറുമ്പോൾ ജീവിതത്തിന് അതുല്യമായ  അർത്ഥവും വ്യാപ്തിയും കൈവരുന്നു.   സ്‌നേഹ സേവന കാരുണ്യങ്ങൾ കൊണ്ട് ജീവിതമാസകലം അപ്പോൾ പ്രദീപ്തമാവും.  വൈധവ്യം പോലും അപാര പുണ്യം കരസ്ഥമാക്കാനുള്ള അവസരമായി തിരിച്ചറിയപ്പെടും. അനാഥകളെയും  വിധവകളെയും പരിചരിക്കുന്നതിന്റെയും  സംരക്ഷിക്കുന്നതിന്റെയും മഹത്വം കൂടുതൽ ബോധ്യപ്പെടും. 
സ്വർഗം മാതാവിന്റെ കാൽകീഴിലാണെന്ന പ്രവാചക വചനത്തിന്റെ  അകപ്പൊരുൾ ജീവിത സരണിയായി മാറും.  ആരെയാണ് കൂടുതൽ സ്‌നേഹിക്കേണ്ടതെന്ന ചോദ്യത്തിന് പ്രവാചകൻ  മൂന്ന് തവണയും മാതാവിനെ എന്നാവർത്തിച്ച് പറഞ്ഞത് വെറുതെയല്ലല്ലോ.

Latest News