Sorry, you need to enable JavaScript to visit this website.

ചൂണ്ടയിൽ കൊത്തുന്ന കടൽ മീനുകൾ

നിങ്ങൾക്ക് ഒരു ദിവസത്തേക്ക് സന്തോഷം വേണമെങ്കിൽ ഫിഷിംഗിന് പോകൂ എന്നാണ് ചൈനക്കാർ പറയാറുള്ളത്. ഈ വാചകം അക്ഷരാർഥത്തിൽ ശരിയാണെന്നാണ് ഫിഷിംഗ് ഹോബിയാക്കിയവർ സാക്ഷ്യപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലും നിരവധി പ്രവാസികളാണ് ഫിഷിംഗ് ഹോബിയായി കൊണ്ടുനടക്കുന്നത്. ജീവിത സമ്മർദങ്ങളിൽ നിന്നും ആശ്വാസം നൽകുന്നതോടൊപ്പം മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന ഹോബിയാണിതെന്നാണ് വടക്കുവീട്ടിൽ അബൂബക്കർ പറയുന്നത്.
മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വടക്കുവീട്ടിൽ അബൂബക്കർ കഴിഞ്ഞ നാല് പതിറ്റാണ്ടായി ഖത്തറിലുണ്ട്. ചെറുതും വലുതുമായ പല ജോലികളും ചെയ്ത് ഖത്തറിലെ ജീവിതത്തിൽ അവിസ്മരണീയമായ പല ഓർമകളും സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഏടുകളും പല പാഠങ്ങളും പകർന്നുനൽകുന്നതാണ്. കഠിനാധ്വാനവും സ്ഥിരോൽസാഹവുമുണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാമെന്നാണ് അദ്ദേഹം പ്രായോഗികമായി തെളിയിക്കുന്നത്. അമ്മാവനും അളിയൻ അബൂബക്കർ കല്ലായിയുമൊക്കെ തന്റെ ദോഹ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
പ്രവാസത്തിന്റെ എല്ലാ പ്രയാസങ്ങളുമനുഭവിച്ചാണ് അബൂബക്കർ ജീവിതം കെട്ടിപ്പടുത്തത്. നീണ്ട മണിക്കൂറുകൾ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും മനസ്സിൽ കുറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ നിറഞ്ഞ സന്തോഷവും സംതൃപ്തിയും മാത്രം. ഖത്തറെന്ന പുണ്യ നാട് സമ്മാനിച്ചതൊക്കെയും നന്മകളായിരുന്നു.


സ്വന്തമായ ബിസിനസും കാര്യങ്ങളുമായി മുന്നോട്ടു പോയപ്പോഴാണ് പല ഹോബികളും മനസ്സിലേക്ക് വന്നത്. കുടുംബപരമായി നായാട്ടും മീൻ പിടിത്തവും കൃഷിയുമൊക്കെ ഹോബിയായതിനാൽ ഖത്തറിലും കച്ചവടത്തിനിടക്ക് മീൻ പിടിക്കൽ ഹോബിയായി വികസിപ്പിച്ചു. മനസ്സിന്റെ സംഘർഷങ്ങളെ ലഘൂകരിക്കാനും ശാരീരിക വ്യായാമം ഉറപ്പു വരുത്തുവാനും സഹായകമായ ഹോബിയാണ് മീൻ പിടിക്കൽ എന്നാണ് അബൂബക്കർ കരുതുന്നത്.
കൂട്ടുകാരോടൊപ്പം ചേർന്ന് സ്ഥിരമായി മീൻ പിടിക്കാൻ പോയിത്തുടങ്ങിയതോടെ കടലിനെക്കുറിച്ചും മൽസ്യങ്ങളെക്കുറിച്ചുമൊക്കെ പല കാര്യങ്ങളും മനസ്സിലാക്കി. ഏതൊക്കെ ഭാഗങ്ങളിൽ ഏതൊക്കെ മൽസ്യങ്ങളാണ് ലഭിക്കുകയെന്നും എങ്ങനെയാണ് അതിന് തയാറാവേണ്ടതെന്നും ഇപ്പോൾ അബൂബക്കറിന് നന്നായറിയാം. കടലിൽ ഓരോ സ്ഥലങ്ങൾക്കും ഓരോ പേരുകളാണ് വിളിക്കുന്നത്. സൂപ്പർ മാർക്കറ്റ് എന്ന് വിളിക്കുന്ന സ്ഥലത്ത് എല്ലാതരം ചെറിയ മൽസ്യങ്ങളും ലഭിക്കും. കിംഗ്‌സ് പോട്ട് എന്ന സ്ഥലത്താണ് അയക്കൂറ പോലുള്ള വലിയ മീനുകൾ ലഭിക്കുക. ഖിർഖഫാൻ എന്നിടത്ത് നിന്നാണ് ഹമൂർ പോലുളള മീനുകൾ ലഭിക്കുക. കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും ഗൗരവമായി പരിഗണിച്ച് മാത്രമേ ഈ ഹോബിക്കിറങ്ങാവൂ. കടലിലെ ഓരോ അവസ്ഥകളും നിമിഷങ്ങൾക്കുള്ളിൽ മാറിമറിയാം. സുരക്ഷാ മുൻകരുതലുകൾ എല്ലാ ഘട്ടങ്ങളിലും പ്രധാനമാണ്. മീൻ പിടിക്കുന്നതിന്റെ ഹരം പറഞ്ഞറിയിക്കാനാവില്ല. എപ്പോഴാണെങ്കിലും മീൻ പിടിക്കാൻ കൂട്ടുകാർ വിളിച്ചാൽ അദ്ദേഹം റെഡിയാണ്. മിക്കവാറും സൗദി ബോർഡറിലുള്ള കടലിൽ നിന്നാണ് മീൻ പിടിക്കുക. ചൂണ്ടയിൽ പല തരത്തിലുള്ള ബിറ്റുകളും ഇരകളും ഉപയോഗിക്കും. നടക്കാവുന്നത്രയും കടലിലേക്ക് നടന്നാണ് മീൻപിടിക്കാറ്. കടലിലൂടെ നടക്കുന്നത് തന്നെ കാലിലെ മസിലുകളൊക്കെ ശക്തമാക്കും. ചിലപ്പോഴെക്കെ മീനുമായി മൽപ്പിടിത്തത്തിലേർപ്പെടേണ്ടി വരും. ആരോഗ്യവും ആനന്ദവും പ്രദാനം ചെയ്യുന്ന ഒരു ഹോബി എന്ന നിലക്കാണ് അദ്ദേഹം മീൻ പിടിക്കലിനെ കാണുന്നത്. മീൻ പിടിക്കുന്നതും അത് സുഹൃത്തുക്കൾക്ക് നൽകുന്നതുമൊക്കെ അദ്ദേഹത്തിന് പ്രത്യേകം സന്തോഷം നൽകുന്ന കാര്യമാണ്. നല്ല ഫ്രഷായ മീനുകൾ കഴിക്കാനും അദ്ദേഹത്തിന് നല്ല കമ്പമാണ്. ഫ്രഷ് മീൻ ചുട്ടും ഗ്രിൽ ചെയ്തും കഴിക്കുന്നത് ഏറെ രസകരമാണ്. മീൻ പിടിക്കുന്നത് ഹോബിയാക്കിയ ധാരാളം മലയാളികൾ ഖത്തറിലുണ്ട്. മല്ലു ഫിഷിംഗ് ഗ്രൂപ്പ് എന്ന പേരിൽ ഒരു വാട്‌സ് ആപ് കൂട്ടായ്മ തന്നെ നിലവിലുണ്ട്.

Latest News