അന്നൊരു പെരുന്നാൾ ഡ്രസ്സ് കിട്ടിയപ്പോൾ

ട്രൗസറും കുട്ടിക്കുപ്പായവും ഇട്ടിരുന്ന കാലത്തെ പെരുന്നാളിന് പൊലിമകൾ ഏറെ ആയിരുന്നു. പെരുന്നാൾ അടുത്തു എന്ന് കേട്ടാൽ പിന്നെ ഒന്നും പറയണ്ട, അത്രക്ക് സന്തോഷം നിറഞ്ഞ ദിവസമാകും. അതിന് പ്രധാന കാരണം പുത്തനുടുപ്പ് തന്നെയാണ്. ഒരു പുത്തൻ ട്രൗസറും കുപ്പായവും കിട്ടണമെങ്കിൽ പെരുന്നാൾ വന്നു ചേരണം. പട്ടിണിയിലൂടെ ജീവിച്ച ഒത്തിരി പേർക്ക് ആ ഓർമകൾ മായ്ച്ചു കളയാനാവില്ല. 
റമദാനിൽ  ഉമ്മയുടെ കൂടെ നോമ്പ് ഇല്ലെങ്കിലും നോമ്പ് തുറക്കുന്ന നേരത്ത് ഉമ്മയോട് ആകെ ചോദിക്കുന്ന കാര്യമാണ് എന്നാണ് പെരുന്നാൾ വരിക എന്ന്. അപ്പോൾ ഉമ്മ തലോടിക്കൊണ്ട് പറയും, ഉമ്മാടെ കുട്ടിക്കുള്ള ട്രൗസറും കുപ്പായവും ഉപ്പ വാങ്ങിത്തരും എന്ന്. ഞാനീ ചോദ്യം ദിവസവും ചോദിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു ഉപ്പ ഒരു നോമ്പ് ദിവസം എന്നെ അങ്ങാടിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു തുണിക്കടയിൽ കയറിയപ്പോൾ ഞാൻ ഉപ്പാനോട് ചോദിച്ചു, ഇന്നെന്തിനാ ഇവിടെ കയറിയത് എന്ന്, അപ്പോൾ ഉപ്പ പറഞ്ഞു ഡ്രസ്സെടുക്കാൻ എന്ന്, എനിക്കുള്ളത് എടുക്കാനാണ് എന്നെനിക്കറിയില്ലായിരുന്നു. അവിടെ കയറി ഉപ്പ എനിക്കുള്ള ഡ്രസ്സ് വേണം എന്ന് പറഞ്ഞപ്പോൾ ഒരു ട്രൗസറും കുപ്പായവും എടുത്തു, അപ്പോൾ ഇപ്പൊ എന്തിനാ ഡ്രസ്സ്, പെരുന്നാക്ക് അല്ലെ ഡ്രസ്സെടുക്കുക എന്ന് ചോദിച്ചത് ഇന്നും ഓർമയിൽ ഉണ്ട്. ഡ്രസ്സുകൾ എടുക്കാനാണ് പെരുന്നാൾ വരുന്നത് എന്നാണ് അന്നത്തെ അറിവ്. ഏതായാലും അതൊക്കെ എടുത്തു വീട്ടിൽ വന്നപ്പോൾ ഉമ്മയുടെയും വലിയുമ്മയുടെയും സന്തോഷം കാണണമായിരുന്നു. ഞാൻ അന്ന് ആ ഉടുപ്പുമായി ആദ്യം ചെന്നത് ഞങ്ങളുടെ തൊട്ട വീട്ടിൽ ഒരു വീട്ടുകാരായി താമസിക്കുന്ന വലിയുമ്മയുടെ ജ്യേഷ്ഠത്തി (ഉപ്പയുടെ മൂത്തമ്മ) യുടെ അടുത്തേക്കായിരുന്നു. നന്നായി വെറ്റില മുറുക്കുന്ന മൂത്തമ്മ എന്നെ വാരിയെടുത്തുകൊണ്ട് പെരുന്നാൾ ഡ്രസ്സ് ഇപ്പോൾ തന്നെ എടുത്തോ എന്ന് ചോദിച്ചു, അവരുടെ മകൻ അതായത് ഉപ്പയുടെ അനുജൻ, ഞാൻ വാപ്പാപ്പ എന്ന് വിളിക്കുന്ന എന്റെ താഹിറിന്റെ ഉപ്പ അന്നൊരു ചുമട്ട് തൊഴിലാളിയായിരുന്നു. വീട്ടിലേക്ക് വരുമ്പോൾ ഒന്നോ രണ്ടോ നാരങ്ങാ മിഠായിയുമായിട്ടാണ് വരാറ്. അതെനിക്കുള്ളതാവും. അന്ന്  അമ്മായി മൂത്ത മോളെ ഗർഭം ധരിച്ചിരിക്കുന്ന സമയമായതുകൊണ്ട് അവർക്കെല്ലാവർക്കും ഞാനാണ് പുന്നാര മോൻ. വാപ്പാപ്പ വീട്ടിലേക്ക് കയറി വന്നപ്പോഴാണ് ഞാൻ ഈ ഡ്രസ്സ് കാണിക്കാൻ ചെന്നത്. ഡ്രസ്സ് കണ്ടപ്പോൾ വാപ്പാപ്പക്കും അതിഷ്ടമായി, പോരാത്തതിന് വാപ്പപ്പയുടെ ഒരു ഓഫറും പെരുന്നാളിന് ഞാനും ഒന്ന് വാങ്ങിത്തരാം എന്ന്. പിന്നെ പറയേണ്ടതില്ലല്ലോ സന്തോഷം. അത് കഴിഞ്ഞ് പിന്നെ നേരെ പോയത് തൊട്ടടുത്ത സരോജിനി ചേച്ചിയുടെ അടുത്തേക്ക്, നടക്കാനാവുന്നതിന്റെ മുന്നെ എനിക്ക് ചോറ് തന്ന് വളർത്തിയ ചേച്ചിയെ കുറിച്ച് പറയുകയാണെങ്കിൽ കുറെ പറയാനുണ്ടാവും. ഉമ്മ പണിക്ക് പോവുമ്പോൾ എന്നെ അവരുടെ അടുത്താണ് നോക്കാൻ ഏൽപിക്കാറെന്ന് എന്നും ഉമ്മ പറയാറുണ്ട്. അവരുടെ അടുത്തേക്ക് ഡ്രസ്സ് കാണിക്കാൻ ചെന്നു. അവിടെ ചെന്നപ്പോൾ സരോജിനി ചേച്ചിയും അമ്മ  പാറുക്കുട്ടിയമ്മയും ഉണ്ട്. അവരുടെ മക്കളായ വിലാസിനി ചേച്ചിയും വസന്ത ചേച്ചിയും പിന്നെ മണിയേട്ടനും അവിടെ ഉണ്ടായിരുന്നില്ല. മണിയേട്ടൻ ഗൾഫിൽ പോയ സമയവും ചേച്ചിമാർ സ്‌കൂളിൽ പഠിക്കുന്ന കാലവും. രണ്ടു ചേച്ചിമാരും ദാവണി 
ഉടുത്താണ് നടക്കാറ്. അവർ അവിടെ ഇല്ലാത്തതുകൊണ്ട് അവരെ കാണിക്കാൻ കഴിയാത്തൊരു വിഷമം ഉണ്ടായിരുന്നു. 
അമ്മമ്മയോടും സരോജിനി ചേച്ചിയോടും ഈ സന്തോഷം പങ്കുവെച്ച് വീട്ടിലേക്കിറങ്ങാൻ നേരം ഉണ്ട് അച്ഛച്ഛൻവരുന്നു, രാവുണ്ണി അച്ഛച്ഛൻ അന്ന് പാടത്ത് ഒരു തുന്നൽ പീടിക നടത്തുകയായിരുന്നു. അച്ഛച്ഛനും കാണിച്ചു കൊടുത്തു ആ ഡ്രസ്സ്. അച്ഛച്ഛന് ഭയങ്കര സന്തോഷമായി.  മൂത്തമ്മാടെ വളപ്പിലൂടെയുള്ള എളുപ്പ വഴിയിലൂടെയാണ് എന്റെ കയറി ഇറക്കം. തിരിച്ചിറങ്ങുമ്പോൾ മൂത്തമ്മ കൂടെ പോന്നിരുന്നു. ഇതൊക്കെ കഴിഞ്ഞു വല്ലിമ്മ അപ്പോൾ തന്നെ പറഞ്ഞു;  ആമിനാത്താക്കും കൊണ്ടുപോയി കാണിച്ചു കൊടുത്തോ എന്ന്.  ആമിനാത്തയും അലവിക്കയും ആണ് അന്ന് അവിടെ ഉണ്ടായിരുന്നത്.  ഞങ്ങളുടെ തൊട്ടു പിറകിലെ വീട്ടിലായിരുന്നു അവരുടെ താമസം. അവരുടെ മക്കൾ എന്റെ കുഞ്ഞാക്കയും പാത്തയും ഇപ്പോൾ അവിടെ താമസിക്കുന്ന ഹനീഫയും. അവരൊക്കെ അന്ന് അങ്ങാടിയിൽ ജോലിക്ക് പോയിരുന്ന സമയമായതുകൊണ്ട് അവരെ കാണിക്കാൻ കഴിഞ്ഞില്ല, ആമിനത്താക്കും അലവിക്കാക്കും സന്തോഷമായി. അത് കണ്ട തൊട്ട അപ്പുറത്തെ മറിയാമുതാത്തയും വന്നു. അവർക്കും ഏറെ സന്തോഷമായി.  പിന്നെ തിരിച്ചു പോരുമ്പോൾ ആമിനത്താത്ത കൊടുന്നാക്കിത്തന്നു, അപ്പോൾ വലിയുമ്മയോട് അലവിക്ക വിളിച്ചു പറഞ്ഞു, ഇജ്ജാത്തുവേ.. അവൻ വലിയ കുട്ടിയാവാണ്. ട്രൗസറൊക്കെ മാറ്റാനായി, ഇനി തുണിയെടുക്കട്ടെ എന്ന്. ആ പെരുന്നാക്കുള്ള തുണിയുമായി ഇനി അവന്റെ വലിയുമ്മ വരും എന്നും പറഞ്ഞു. ഉമ്മയുടെ ഉമ്മ അന്ന് പട്ടാമ്പിയിലാണ് ഉണ്ടായിരുന്നത്. പട്ടാമ്പിയിൽ വലിയുമ്മാടെ ഒരു അമ്മാവന്റെ കൂടെ, കുട്ടിക്കാലത്ത് ഞാനും ഉമ്മയും അങ്ങോട്ടായിരുന്നു വിരുന്നു പോയിരുന്നത്. അന്ന് അവരുടെ മകന്റെ മകൻ അതും മുജീബ് തന്നെ, ഞങ്ങൾ ഒരേ സമപ്രായക്കാർ, ഒരുമിച്ചു കളിച്ചു വളർന്നവർ, ഇന്ന് അവൻ ഒറ്റപ്പാലം ആർ ടി ഒ ഓഫീസറായി ജോലി ചെയ്യുന്നു. അന്ന് അവന് അവന്റെ ഉപ്പ  ഡ്രസ്സെടുക്കുമ്പോൾ കൂടെ ഒരു ഡ്രസ്സെടുക്കാൻ  അവിടുത്തെ അമ്മായിയും പറയും. അങ്ങനെ അത് വലിയുമ്മാടെ അടുത്ത് കൊടുത്തു വിടും.  തുണി എടുക്കാൻ പ്രായമായപ്പോൾ ആദ്യമായി വലിയുമ്മയാണ് തുണി കൊടുന്നു തന്നത്. വലിയുമ്മ വന്നാൽ വലിയുമ്മാടെ കോന്തലയിൽ തൂങ്ങും. അതിൽ എന്റെ ഉപ്പയും രണ്ട് വല്ലിമാരും മൂത്തമ്മയും വപ്പാപ്പയും രാവുണ്ണി അച്ഛച്ഛനും, അമ്മമ്മയും, അലവിക്കയും ആമിനത്താത്തയും.  പട്ടാമ്പിയിലെ വല്ലിപ്പയും മുജിയുടെ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല.  ഓരോ പെരുന്നാൾ വരുമ്പോഴും ഓർമയിൽ നിന്നും മായാതെ തങ്ങി നിൽക്കുന്നവരുടെ കരുണ കൊണ്ട് ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു.
വീടിന് ചുറ്റുമുള്ള മൂത്തമ്മാടെ വീടും രാവുണ്ണി അച്ഛച്ഛൻന്റെ വീടും, അലവിക്കാന്റെ വീടും ഞങ്ങൾ താമസിക്കുന്ന വല്ലിമ്മയുടെ വീടുമൊക്കെ വൈക്കോൽ പുരകളായിരുന്നു. അവരുടെ കുഞ്ഞു നാളുകൾ അടുത്തടുത്ത ബന്ധം  പുലർത്താൻ അവർക്ക് കഴിഞ്ഞതു കൊണ്ടാവും അവരുടെ മക്കളും പേരക്കുട്ടികളും നല്ല സ്‌നേഹബന്ധത്തിലായിരുന്നു. അവരുടെ ഇടയിലുള്ള കുട്ടിക്കാലം ഈ ജീവിതകാലം മറക്കാൻ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ ആ വീടുകളിലൊക്കെ എന്ത് വിശേഷങ്ങൾ ഉണ്ടെങ്കിലും അന്നെനിക്ക് പെരുന്നാൾ തന്നെ. ഓരോ പെരുന്നാൾ വരുമ്പോഴും കിട്ടാൻ കാത്തിരുന്ന ഡ്രസ്സിനുള്ള വില പറയുകയാണെങ്കിൽ ഒത്തിരിയേറെയുണ്ട്. അപ്പോഴും ഒരു പെരുന്നാളിന് ആദ്യമായി തുണിയെടുത്തത് ഇന്നും മായാതെ കിടക്കുന്നു.

Latest News