തിരുവനന്തപുരം- കഴക്കൂട്ടത്ത് റെയില്‍പാളത്തിന് സമീപം നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി. സ്റ്റേഷന്‍കടവ് സ്വദേശികളായ സന്തോഷ് (45), സുല്‍ഫി (43), ഷാജഹാന്‍ (45), അസ്സം സ്വദേശികളായ നാസിര്‍ റഹ്‌മാന്‍ (30), ഷാജഹാന്‍ (18) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി എട്ടു മണിയോടെ പട്രോളിംഗ് നടത്തുകയായിരുന്ന റെയില്‍വേ സംരക്ഷണ സേനയാണ് റെയില്‍വേ പാളത്തിനു സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയില്‍വേ പോലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെട്ടു.
ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തുമ്പ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് നാടന്‍ ബോബുകള്‍ നിര്‍വീര്യമാക്കി.
നാടന്‍ ബോംബുകള്‍ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയില്‍വേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റര്‍ ഭാഗത്ത് പരിശോധനയും നടത്തി. അതേസമയം, നിരവധി കേസുകളില്‍ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാനായിട്ടില്ല.