റിയാദ് - പെരുന്നാൾ അവധിക്കാലത്ത് ദുബായ് സന്ദർശനം ആസൂത്രണം ചെയ്തവർക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കുകൾ. പെരുന്നാൾ അവധിക്കാലത്തെ കടുത്ത തിരക്ക് മുതലെടുത്ത് വിമാന കമ്പനികൾ ദുബായ് ടിക്കറ്റ് നിരക്കുകൾ രണ്ടിരട്ടിയിലേറെ വർധിപ്പിച്ചു. ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ് നിരക്ക് 5,000 റിയാലും ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 10,000 റിയാലും വരെയായാണ് കമ്പനികൾ ഉയർത്തിയത്.
പെരുന്നാൾ അവധിക്കാലത്ത് ദുബായ് യാത്രക്ക് കുടുംബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള ആവശ്യം വർധിച്ചതും ഒരു വർഷത്തിനിടെ വിമാന ഇന്ധന നിരക്ക് 128.5 ശതമാനം തോതിൽ ഉയർന്നതുമാണ് ദുബായ് ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ വർധിക്കാൻ കാരണമെന്ന് അൽഅറേബ്യ ട്രാവൽസിൽ നിന്നുള്ള തൗഫീഖ് അബുൽവഫാ പറയുന്നു. ഇന്ധന നിരക്ക് വർധിച്ചത് ടിക്കറ്റുകളിലുള്ള ഇന്ധന സർചാർജ് ഉയർത്താൻ വിമാന കമ്പനികളെ പ്രേരിപ്പിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന ഡിമാന്റ് ആണ് ദുബായ് യാത്രക്ക് ഇപ്പോഴുള്ളതെന്ന് നാദി അൽമുസാഫിർ കമ്പനി ഡയറക്ടർ ജനറൽ അബ്ദുറസാഖ് അൽസഹ്‌റാനി പറഞ്ഞു. ഇതാണ് ദുബായ് ടിക്കറ്റ് നിരക്കുകൾ വാണംവിട്ട പോലെ ഉയരാൻ കാരണം. കൊറോണ മഹാമാരിയുടെ തുടക്കം മുതൽ ആളുകൾ വിദേശ യാത്രകൾ നടത്തിയിട്ടില്ല. ഡിമാന്റ് വലിയ തോതിൽ വർധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
കുടുംബങ്ങളും വ്യക്തികളും അടക്കം എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്ന നിലക്ക് വൈവിധ്യമാർന്ന ടൂറിസം ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിൽ ദുബായ് വിജയിച്ചിട്ടുണ്ട്. പെരുന്നാൾ അവധിക്കാലം ചെലവഴിക്കാൻ ഈജിപ്തിലെ ശറമുശൈഖും കയ്‌റോയും ആളുകൾ തെരഞ്ഞെടുക്കുന്നുണ്ടെന്നും അബ്ദുറസാഖ് അൽസഹ്‌റാനി പറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഈ പെരുന്നാൾ അവധിക്കാലം കുടുംബ സമേതം വിദേശത്ത് ചെലവഴിക്കാൻ നിരവധി കുടുംബങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സമീപ സ്ഥലമെന്നോണം ദുബായ് ആണ് പലരും തെരഞ്ഞെടുക്കുന്നത്. മറ്റു രാജ്യങ്ങളിലെ സംഘർഷങ്ങളും ദുബായുടെ ആകർഷണീയത വർധിപ്പിക്കുന്നു.