ന്യൂദൽഹി- കർണാടക നിയമസഭയിലേക്ക് മെയ് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 15ന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ ഏഴിന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കും. ഏപ്രിൽ 24-നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. ഏപ്രിൽ 25ന് സൂക്ഷ്മപരിശോധന നടക്കും.
മുഴുവൻ മണ്ഡലങ്ങളിലും വി.വി.പാറ്റ് സംവിധാനം ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഓം പ്രകാശ് റാവത്ത് പറഞ്ഞു. കർണാടകയിൽ 4.96 കോടി വോട്ടർമാരാണുള്ളത്. മുഴുവൻ സ്ഥാനാർഥികളുടെയും ചിത്രം വോട്ടിംഗ് യന്ത്രത്തിൽ പതിക്കുമെന്നും കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് വേണ്ടി കേന്ദ്രസേനയെ വിന്യസിക്കും. മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കും. മുഴുവൻ ഇലക്ട്രോണിക് മാധ്യമങ്ങളും നിരീക്ഷിക്കും. കാലാവസ്ഥയും പരീക്ഷയും ഉത്സവങ്ങളും മറ്റും കണക്കാക്കിയാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമാണ് കർണാടക. ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിൽ അധികാരത്തിലേക്ക് വരാൻ സാധ്യതയുള്ള ഏക സംസ്ഥാനവും കർണാടകയാണ്. അതുകൊണ്ട് തന്നെ ഇരുപാർട്ടികളും ശക്തമായ പ്രചാരണങ്ങളുമായി കർണാടക പിടിക്കാൻ മാസങ്ങളായി കർണാടകയിൽ സജീവമാണ്. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെയും കർണാടക തെരഞ്ഞെടുപ്പിന്റെ ഫലം സ്വാധീനിക്കും. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുള്ളത്. സർക്കാറിന്റെ കാലാവധി മെയ് 28-നാണ് അവസാനിക്കുക.
നിലവിൽ പഞ്ചാബ്, കർണാടക, മിസോറാം, പുതുച്ചേരി എന്നിവടങ്ങളിൽ മാത്രമാണ് കോൺഗ്രസ് സർക്കാർ അധികാരത്തിലുള്ളത്. 21 സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം നടത്തുന്നു.
രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ളതാണ് കർണാടക തെരഞ്ഞെടുപ്പ്. രാഹുൽ അധ്യക്ഷനായ ശേഷം, കോൺഗ്രസ് അധികാരത്തിലുള്ള ഒരു സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. നിലവിലുള്ള സംസ്ഥാനം കൈവിട്ടുപോകാതിരിക്കേണ്ടത് രാഹുലിന്റെയും കോൺഗ്രസിന്റെയും ആവശ്യമാണ്. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ യു.പിയിലും വിജയം നേടി. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലാണ് കർണാടകയിൽ ബി.ജെ.പി കച്ചമുറുക്കുന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 85 ദിവസം നീണ്ടുനിന്ന ക്യാംപയിൻ കർണാടകയിൽ ബി.ജെ.പി നടത്തിയിരുന്നു. പ്രധാനമന്ത്രി മോഡി ഈ റാലിയിൽ പങ്കെടുക്കുകയും ചെയ്തു.






