സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും വാറ്റ് കുറക്കണമെന്ന് മോഡി, അപലപിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ഇന്ധന വിലയില്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) കുറക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ്.
കഴിഞ്ഞ വര്‍ഷം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച കേന്ദ്രം 26 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ഇന്ധന വില കുറക്കാന്‍ ആദ്യം സെന്‍ട്രല്‍ എക്‌സൈസ് നിരക്കാണ് കുറക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റേയും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 26 ലക്ഷം കോടി രൂപയാണ് മോഡി കരസ്ഥമാക്കിയത്.  ഇത് അദ്ദേഹം സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടില്ല. ജി.എസ്.ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് യഥാസമയം നല്‍കിയിട്ടില്ല. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറച്ച ശേഷമാണ് സംസ്ഥാനങ്ങളോട് വാറ്റ് കുറക്കാന്‍ ആവശ്യപ്പെടേണ്ടതെന്ന് പവന്‍ ഖേര പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്
കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ എസ് ഹൂഡ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News