വാഷിങ്ടണ്‍- മുന്‍ റഷ്യന്‍ ഇരട്ടച്ചാരനെ ബ്രിട്ടനില്‍ രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അമേരിക്ക 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടു. നയന്ത്രപ്രതിനിധികളെന്ന കവചം ഉപയോഗിച്ച് യു.എസില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ചാരന്മാരായിരുന്നു ഇവരെന്ന് യു.എസ് ഭരണകൂടം അറിയിച്ചു. ഇവരില്‍ യു.എന്നിലെ റഷ്യന്‍ പ്രതിനിധികളും ഉള്‍പ്പെടും. യു.എസില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണം അസ്വീകാര്യമാം വിധം വര്‍ധിച്ചതില്‍ റഷ്യയ്ക്ക് ശക്തമായ ഒരു സന്ദേശം നല്‍കാനാണ് ഈ നടപടിയെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി.
പുറത്താക്കപ്പെട്ട റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് യു.എസ് വിടാന്‍ ഒരാഴ്ചത്തെ സമയം നല്‍കിയിരിക്കുകയാണ്. സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് ചാരപ്രവര്‍ത്തന സംശയത്തിന്റെ നിഴലിലായതിനാലാണ് അടച്ചു പൂട്ടുന്നതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. യു.എസ് നാവിക സേനാ താവളത്തിനടുത്താണ് ഈ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്.
റഷ്യക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച ഏറ്റവും കടുത്ത നടപടിയാണിത്. വീണ്ടും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വഌദിമിര്‍ പുടിനെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചത്. എന്നാല്‍ ചാര പ്രവര്‍ത്തനം സംബന്ധിച്ച് ഒന്നും ഈ സംഭാഷണത്തില്‍ പരമാര്‍ശിച്ചിരുന്നില്ല.