Sorry, you need to enable JavaScript to visit this website.

പെരുന്നാൾ ആവേശത്തിൽ മധുരിക്കുന്ന തെരുവ്‌

വടക്കൻ കേരളത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് കോഴിക്കോട്ടെ മിഠായിതെരുവ്. ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാൾ സീസണിൽ കേരളത്തിൽ തന്നെ ഏറ്റവും വലിയ ബിസിനസ് നടക്കുന്ന വ്യാപാര സിരാ കേന്ദ്രമാണിത്. പെരുന്നാൾ അടുപ്പിച്ച് നാലഞ്ച് ദിവസങ്ങളിൽ ഒരു വർഷത്തേക്കുള്ള വരുമാനമുണ്ടാക്കുന്ന അപൂർവം കടകളുമുണ്ട്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ മുതൽ മാനാഞ്ചിറ വരെ നീണ്ടു കിടക്കുന്ന കച്ചവട മേഖല. മൊയ്തീൻ പള്ളി റോഡ്, ഒയാസിസ് കോംപൗണ്ട്, കോയൻകോ ബസാർ, കിഡ്‌സൺ കോർണർ, കോർട്ട് റോഡ്, പി.എം താജ് റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ് എന്നീ അനുബന്ധ മേഖലകളിലായാണ് വ്യാപാര മേഖലയിലെ  നൂറുകണക്കിന് ഷോപ്പുകൾ. പെരുന്നാൾ ഷോപ്പിംഗിനെത്തുന്നവർ നിരാശരാവില്ലെന്നുറപ്പുള്ളതിനാൽ ദൂരദിക്കുകളിൽ നിന്ന് പോലും ആളുകളെത്തുന്നു. മിഠായിതെരുവിൽ എത്തിയാൽ മാത്രമേ ഉപഭോക്താക്കൾക്ക്  ഷോപ്പിംഗ് സംതൃപ്തി ലഭിച്ചിരുന്നുള്ളൂ. ചെറിയ പട്ടണങ്ങളിൽ വരെ ഷോപ്പിംഗ് മാളുകൾ വന്നതും കോഴിക്കോട്ടെ ടെക്‌സ്‌റ്റൈൽ ബിസിനസ് ഹൈലൈറ്റ്് മാളിലേക്കും മാവൂർ റോഡിലേക്കും പറിച്ചു നട്ടതൊന്നും ഒരു തരത്തിലും മിഠായിതെരുവിനെ ബാധിച്ചിരുന്നില്ല. കോഴിക്കോട് നഗരത്തിലെന്തെങ്കിലും കാര്യത്തിനെത്തുന്നവർക്കെല്ലാം പ്രത്യേക അനുഭൂതി പകരുന്ന അനുഭവമാണ് മിഠായിതെരുവിലൂടെയുള്ള നടത്തം. കാപ്പിപ്പൊടിയുടേയും മുല്ലയുടേയും അത്തറിന്റേയും പരിമളം നുകർന്ന് നടക്കാവുന്ന പുരാതന തെരുവ്. 


കോഴിക്കോട് നഗരം സാമൂതിരി വാണ കാലത്താണ് അറബിക്കച്ചവടക്കാരെ പോലെ ഗുജറാത്തികളും പാർസികളും മറ്റും ഇവിടെയെത്തുന്നത്. ഗുജറാത്തിൽ നിന്നെത്തിയ സേട്ടുമാരാണ് അഹമ്മദാബാദ്, സൂറത്ത്, ബോംബെ എന്നിവിടങ്ങളിലെ തുണി മില്ലുകളിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽസ് കോഴിക്കോട്ടെത്തിച്ചത്. അവർക്ക് സാമൂതിരി രാജാവ് മിഠായിതെരുവിൽ വ്യാപാരത്തിന് സൗകര്യമൊരുക്കുകയായിരുന്നു. അങ്ങനെയെത്തിയ പാർസി സമൂഹത്തിന് തെരുവിൽ ക്ഷേത്രവും ശ്്മശാനവുമൊക്കെയുണ്ട്. 
അഞ്ച് നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട് മിഠായിതെരുവിന്. 1960 ൽ എസ്.കെ പൊറ്റെക്കാട് എഴുതിയ തെരുവിന്റെ കഥ മിഠായിതെരുവ് പശ്ചാത്തലമാക്കിയുള്ളതാണ്. തെരുവിന്റെ കാമുകനായ എസ്.കെ വടക്കേ അറ്റത്തിരുന്ന് പുതിയ തലമുറയെ സദാ അനുഗ്രഹിക്കുന്നു. അടുത്തിടെ വിട പറഞ്ഞ കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ പടത്തലവൻ ടി. നസിറുദ്ദീന്റെ ബ്യൂട്ടി സ്റ്റോഴ്‌സും കാപ്പിപ്പൊടി സ്വാമിയെന്ന നടരാജന്റെ കോഫി വർക്‌സും തെരുവിലെ ലാൻഡ് മാർക്കുകളാണ്. നസിറുദ്ദീന്റെ ഷോപ്പ് മറ്റാരോ നടത്തുന്നു. കാപ്പിപ്പൊടി സ്വാമി കച്ചവടം മതിയാക്കി ഷോപ്പ് വിറ്റപ്പോൾ അതും തുണിക്കടയായി. ഇംഗ്ലീഷിലെ സ്വീറ്റ് മീറ്റ് സ്ട്രീറ്റാണ് മിഠായിതെരുവായി മാറിയത്. തെരുവിന്റെ സ്പന്ദനമറിഞ്ഞ എസ്.കെ പൊെറ്റക്കാട് പറയുന്നത് സായിപ്പിന്റെ അനുഭവത്തിൽ നിന്നാണ് ഈ പേര് വന്നതെന്നാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലത്ത് തെരുവിലെത്തിയ സായിപ്പ്് കടയിൽ ഡിസ്‌പ്ലേ ചെയ്ത ഹലുവ വാങ്ങി കഴിച്ചു. നല്ല ചുവന്ന കോഴിക്കോടൻ ഹൽവ. കക്ഷിക്ക് ഇത് നന്നായി പിടിച്ചു. കണ്ടാൽ മാംസം പോലെയുണ്ട്. ആരെങ്കിലും എന്താണ് കഴിച്ചതെന്ന് ചോദിച്ചാൽ പറയാൻ ഉത്തരവും കണ്ടുവെച്ചു. സ്വീറ്റ് മീറ്റ്. അങ്ങനെയാണ് ഹലുവക്കടകൾ ധാരാളമുണ്ടായിരുന്ന മിഠായിതെരുവിന് പേര് ലഭിച്ചത്. വടക്കേ അറ്റത്തെ ഏറ്റവും പഴയ കടകളിലൊന്നായ സി.പി.എ സ്റ്റോർ മുതൽ മധുരം വിളമ്പുന്ന കടകൾ നിരവധി. ഏത് ഗൾഫ് നഗരത്തിൽ ലഭിക്കുന്ന ഡൈ ഫ്രൂട്ട്‌സും സി.പി സ്റ്റോറിലുണ്ട്. 


ഞങ്ങൾക്ക് വേറെ ശാഖകളില്ല. പരസ്യത്തിലൂടെ ചർച്ചാ വിഷയമായ ( തൊട്ടു മുമ്പിൽ ഇതേ പേരിൽ വേറെയും സ്ഥാപനമുണ്ട്) ശങ്കരൻ ബേക്കറിയിലെ ഹലുവ വൈവിധ്യം ആരെയും അശ്ചര്യപ്പെടുത്തും. ഏത് ഫ്രൂട്ടും ശങ്കരൻ ബേക്കറിയിൽ ഹലുവയായി മാറും. എസ്. കൃഷ്ണ മഹാരാജും ഓറിയന്റൽ ബേക്കറിയും വെറൈറ്റി ഹലുവ ലഭിക്കുന്ന ബേക്കറികളാണ്. രാധാ കോംപൗണ്ടിലെ ആര്യഭവൻ ഹോട്ടലിന് 90 വർഷത്തെ പഴക്കമുണ്ട്.  വൈക്കം മുഹമ്മദ് ബഷീർ റോഡിലും ആര്യഭവന് ഇപ്പോൾ ശാഖയുണ്ട്.  മസാല ദോശയിൽ നമ്പർ വൺ ഈ ഭോജനശാലയാണ്. മുമ്പു കാലത്ത്് ബിരിയാണിക്ക്് പ്രശ്‌സതമായിരുന്ന ഭട്ഗലിൽ നിന്നെത്തിയ വട്ടക്കൊളി സായിപ്പുമാരുടെ ലക്കി ഹോട്ടൽ ഇപ്പോഴില്ല. ഏറ്റവും രുചികരമായ ഇഡ്‌ലി ലഭിച്ചിരുന്ന മോഡേൺ ഹിന്ദു ഹോട്ടലും ഇന്ദിരാഗാന്ധി വന്ന് ഭക്ഷണം കഴിച്ച ശാന്തഭവൻ ഹോട്ടലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഷഹിൻഷാ ഹോട്ടൽ ജ്വല്ലറിക്ക് വഴി മാറി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നതാണ് മിഠായിതെരുവിലെ കച്ചവട കേന്ദ്രങ്ങളുടെ സവിശേഷത. കിഡ്‌സൺ കോർണറിൽ സി.പി മെഡിക്കൽസ് എന്നൊരു ഷോപ്പുണ്ട്. നഗരത്തിന്റെ പല ഭാഗത്തുമായി ഡസൻ കണക്കിന് മെഡിക്കൽ സ്റ്റോറുകളുണ്ടെങ്കിലും തലമുറകളുടെ വിശ്വാസമാർജിച്ച കടയാണ് സി.പി സ്റ്റോർ. മരുന്ന് സംബന്ധിച്ച എല്ലാ സംശയങ്ങളും തീർത്തു കൊടുക്കുന്ന കടയുമ സി.പി സലീം സബ്സ്റ്റിറ്റിയൂട്ടുകളെ കുറിച്ചും ആബാലവൃദ്ധം കസ്റ്റമേഴ്‌സിന്  ക്ലാസെടുത്തു കൊടുക്കാറുമുണ്ട്.  


2017 ലാണ് മിഠായിതെരുവ് നവീകരിച്ചത്. അതിന് ശേഷം വാഹന ഗതാഗതം വിലക്കുകയും ചെയ്തു. ഇതൊരു തല തിരിഞ്ഞ പരിഷ്‌കാരമാണെന്നാണ് വ്യാപാരികൾ പറയുന്നത്.  നഗരത്തിൽ  ഉല്ലാസത്തിനും വിനോദത്തിനും സായാഹ്നം ചെലവഴിക്കാൻ മിഠായിതെരുവിൽ എത്തുന്ന  കുടുംബങ്ങൾക്കും കലാ പ്രേമികൾക്കുമായി വടക്കേ അറ്റത്ത്  എസ് കെ പൊറ്റക്കാട് ചത്വരമൊരുക്കുകയും ചെയ്തു. മലബാറിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രത്തിലേക്കുള്ള പ്രവേശനം വിലക്കിയാണ് പരിഷ്‌കാരം നടപ്പാക്കിയത്. ഇതിന്റെ ദുരന്ത ഫലമാണ് ജി.എച്ച് റോഡിലും പാളയത്തും എല്ലായ്‌പ്പോഴും അനുഭവപ്പെടുന്ന റോഡ് ബ്ലോക്ക്.  മിഠായിത്തെരുവിന്റെയും ചുറ്റുമുള്ള വാണിജ്യ കേന്ദ്രങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന് വാഹന നിരോധനം  പിൻവലിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഏതായാലും ഈ വക പരിഷ്‌കാരങ്ങൾ നടപ്പാക്കിയ ശേഷം മിഠായിതെരുവിലെ കാര്യങ്ങൾ അത്ര പന്തിയല്ല. കഴിഞ്ഞ അഞ്ച്് വർഷത്തോളമായി ഗതികേടിലാണ് കച്ചവടക്കാർ. 


നോട്ട് നിരോധനം മുതൽ  തുടങ്ങിയതാണ് പ്രതിസന്ധി. അതു കഴിഞ്ഞ് നിപ വന്നു. പെരുന്നാൾ ബിസിനസ് മുടങ്ങി. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ കോവിഡിന്റെ പേരിൽ ലോക്ഡൗൺ. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പെരുന്നാൾ സീസൺ അങ്ങനെയും പോയി. കഴിഞ്ഞ വർഷത്തെ കാര്യമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. വിഷു സീസണിൽ കാര്യങ്ങൾ മെച്ചപ്പെടുന്നുവെന്ന് കരുതി പെരുന്നാളിന് സ്റ്റോക്ക് ചെയ്തത്രയും വെറുതെയായി. ഇതിനിടയ്ക്കാണ് ഈ സീസണിൽ തെരുവ് വീണ്ടും സജീവമായത്.  മിഠായിതെരുവിലെ കച്ചവടക്കാർ കോവിഡിൽ കാലിടറിയതിനെ തുടർന്നാണ് ആപ്് സംവിധാനമുണ്ടാക്കിയത്. ദിവസം മുപ്പതിനായിരം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായിരുന്നവർക്ക് അയ്യായിരം രൂപ പോലും കിട്ടാതായി. ചില ദിവസങ്ങളിൽ കച്ചവടം തീരെ നടക്കാത്ത കടകളുമുണ്ടായി. ഇതോടെയാണ് വ്യാപാരികൾ ഓൺലൈൻ വിപണന രംഗത്തേക്ക് ചുവട് മാറ്റിയത്.  എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയാറാക്കിയത്.  നഗരപരിധിയിൽ രണ്ട് മണിക്കൂറിനകം സാധനങ്ങൾ കൈകളിലെത്തും. കടകളിലേതിന് സമാനമായി വിലപേശി വാങ്ങാനുള്ള സൗകര്യവും ഓൺലൈനിൽ ഉണ്ടാകുമെന്ന് പറഞ്ഞു തുടങ്ങിയ ആപ്പിന് മികച്ച പ്രതികരണം ലഭിച്ചില്ല. 
ഇത്തവണ വിഷു സീസണിൽ തന്നെ പെരുന്നാളിന്റെ കച്ചവടവും തുടങ്ങിയിരുന്നു മിഠായിതെരുവിൽ. അർധ രാത്രി 12 മണി വരെ നീളുന്ന ഷോപ്പിംഗ് തിരക്കാണ് എല്ലാ ദിവസവും. പെരുന്നാൾ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഓർഡർ സ്വീകരിക്കൽ നിയന്ത്രിക്കേണ്ടി വന്നുവെന്ന് മാതൃഭൂമിക്കടുത്ത് സ്ഥിതി ചെയ്യുന്ന ലുമിനസ് ടെയ്‌ലേഴ്‌സ് ഉടമ മുരളി പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷവും ആളുകൾ പുറത്തിറങ്ങാത്തത് പെരുന്നാൾ സീസൺ ബിസിനസിനെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.  മിഠായിതെരുവിന്റെ പഴയ കാല പ്രതാപം വീണ്ടെടുക്കാൻ കച്ചവടക്കാർ മുൻകൈയെടുത്ത് വ്യാപാരോത്സവം സംഘടിപ്പിച്ചിട്ടുണ്ട് ഇപ്പോൾ. 

Latest News