സൈനികച്ചെലവില്‍ കോവിഡ് കാലത്തും കുറവില്ല, ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂദല്‍ഹി- കോവിഡ് കാലത്തും രാജ്യങ്ങള്‍ പ്രതിരോധച്ചെലവിന് കുറവൊന്നും വരുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിരോധത്തിന് പണം ചെലവഴിച്ചതില്‍ യു.എസിനും ചൈനക്കും പിന്നില്‍ മൂന്നാമത് ഇന്ത്യയുണ്ട്.
സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ചാണിത്. 2021 ല്‍ 76.6 ബില്യണ്‍ ഡോളറാണ് പ്രതിരോധമേഖലക്കായി ഇന്ത്യ ചെലവഴിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 0.9 ശതമാനം വര്‍ധനവും 2012 നേക്കാള്‍ 33 ശതമാനം വര്‍ധനവുമാണ് ഇത്.

പ്രതിരോധമേഖലക്കനുവദിച്ച തുകയുടെ 64 ശതമാനവും തദ്ദേശ ആയുധനിര്‍മാണവ്യവസായമേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യ നീക്കി വെച്ചത്. ഇതിന്റെ ഫലമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മികച്ച ആയുധങ്ങള്‍ പ്രതിരോധമേഖലക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഇന്ത്യയുടെ ചൈന, പാകിസ്ഥാന്‍ തുടങ്ങിയ അതിര്‍ത്തികളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും മറ്റും കൈവശമുള്ള ആയുധങ്ങള്‍ ആധുനികവത്കരിക്കാനും ആയുധമേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കാനും ഇന്ത്യക്ക് പ്രേരണയേകിയതിന്റെ ഫലമായാണ് സൈനികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ തുക നീക്കി വെച്ചത്.

പ്രതിരോധമേഖലക്കായി 801 ബില്യണ്‍ ഡോളറാണ് 2021 ല്‍ യുഎസ് ചെലവഴിച്ചത്. 2020 നേക്കാള്‍ 1.4 ശതമാനത്തിന്റെ കുറവ് ചെലവിനത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ സൈനികചെലവ് 4.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 293 ബില്യണ്‍ ഡോളറാണ് ചൈന കഴിഞ്ഞ കൊല്ലം സൈനികാവശ്യങ്ങള്‍ക്കായി നീക്കി വെച്ചത്. റിപ്പോര്‍ട്ടനുസരിച്ച് സൈനികാവശ്യങ്ങള്‍ക്കായുള്ള ചെലവ് ആഗോളതലത്തില്‍ 0.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

 

Latest News