Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന്  കുതിപ്പ് നൽകി ഹാഷ് ഫ്യൂച്ചർ

വിവര സാങ്കേതിക വിദ്യാ രംഗത്ത് കേരളത്തിന്റെ ഭാവി ശോഭനമാണെന്ന ശുഭസന്ദേശം നൽകിയാണ് കൊച്ചിയിൽ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചർ പര്യവസാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരെ ക്ഷണിച്ചു കൊണ്ടുവന്ന് കേരളത്തിന്റെ ഡിജിറ്റൽ ഭാവിക്ക് റോഡ് മാപ്പ് സൃഷ്ടിച്ചുവെന്നതാണ് ഹാഷ് ഫ്യൂച്ചറിന്റെ നേട്ടം. രാഷ്ട്രീയ-ഉദ്യോഗസ്ഥ അതിപ്രസരം ഒഴിവാക്കി പ്രൊഫഷണലുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ഉച്ചകോടി അങ്ങനെയും കേരളത്തിന് പുതിയൊരു മാതൃക നൽകി. ഹാഷ് ഫ്യൂച്ചറിന്റെ അമരത്ത് നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും ഒരു സർക്കാർ പരിപാടിയായി മാറാതെ സൂക്ഷിക്കാൻ അദ്ദേഹത്തിനും ഉപദേശകർക്കും കഴിഞ്ഞു. ഓരോ രംഗത്തു നിന്നും മികച്ചവരെ മാത്രം ക്ഷണിച്ചു കൊണ്ടുവരാൻ ശ്രദ്ധിച്ച സംഘാടകർ ഇടതുപക്ഷ അനുഭാവികളായ വിദഗ്ധരെയൊന്നും ഇവിടേക്ക് അടുപ്പിച്ചില്ലെന്നതും ശ്രദ്ധേയമായി.  പ്രതിനിധികളുടെ പ്രവേശനമടക്കം പൂർണമായും ഡിജിറ്റൽവത്കരിച്ച സംസ്ഥാനത്തെ ആദ്യ ഉച്ചകോടിയായിരുന്നു ഹാഷ് ഫ്യൂച്ചർ. 
ജീവിതത്തിന്റെ സമസ്ത മേഖലകളെയും എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്നാണ് ഹാഷ് ഫ്യൂച്ചർ ചർച്ച ചെയ്തത്. സാങ്കേതിക മുന്നേറ്റത്തിന് വഴിയൊരുക്കുന്നതിനൊപ്പം ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാങ്കേതിക വിദ്യയെ എങ്ങനെയെല്ലാം ഭാവിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും ഹാഷ് ഫ്യൂച്ചറിൽ വിവിധ സെഷനുകളിൽ നടന്ന ചർച്ചകൾ ഇഴ കീറി പരിശോധിച്ചു. 
മൊബൈൽ ആപ്ലിക്കേഷനുകൾ, നിർമിത ബുദ്ധി, ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ, ടെലിമെഡിസിൻ തുടങ്ങിയ നൂതന സങ്കേതങ്ങൾ വ്യാപകമാകുമ്പോൾ ചികിൽസയിൽ സുപ്രധാന സ്ഥാനത്ത് ഡോക്ടർക്കു പകരം രോഗിയായിരിക്കുമെന്ന് 'ആരോഗ്യത്തിൻെറയും സുസ്ഥിരതയുടെയും ഡിജിറ്റൽ ഭാവി' എന്ന വിഷയത്തിൽ ഹാഷ് ഫ്യൂച്ചറിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. 
ചികിൽസ ചെലവു കുറഞ്ഞതും കൂടുതൽ പേർക്ക് പ്രാപ്യവുമായിത്തീരുകയും ചികിൽസയെക്കാളേറെ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമെന്നും അവർ നിരീക്ഷിച്ചു. 
സാങ്കേതിക വിദ്യാധിഷ്ഠിതമായ ആധുനിക കാലത്ത് രോഗ ചികിൽസയിൽ ഡോക്ടർക്കൊപ്പം രോഗിക്കും തുല്യ പങ്കാളിത്തമുണ്ടാകുമെന്ന് ഹാവാർഡ് മെഡിക്കൽ സ്‌കൂൾ പ്രൊഫസർ ഡോ. അജിത് ജെ. തോമസ് പറഞ്ഞു.  സ്മാർട് ഫോണിൽത്തന്നെ കാർഡിയോ മൊബൈൽ, ബ്ലഡ് പ്രഷർ മോണിറ്റർ, ഗ്ലൂക്കോസ് മോണിറ്റർ എന്നിവ സജ്ജീകരിക്കാനാകുന്നതോടെ ചികിൽസയിൽനിന്ന് പ്രതിരോധത്തിലേക്കുള്ള മാറ്റമായിരിക്കും ആരോഗ്യ മേഖലയിലെ പുതിയ കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്ന ശേഷം ആശുപത്രിയിൽ പോകുന്നതിനു പകരം ഇവ നൽകുന്ന മുന്നറിയിപ്പുകളിൽനിന്ന് മുൻകരുതലുകൾ സ്വീകരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ടെലിമെഡിസിൻ വ്യാപകമാകുന്നതിലൂടെ ഗ്രാമീണ മേഖലയിലുള്ളവർക്കും വിദഗ്ധ ചികിൽസ എളുപ്പമാകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ചികിൽസാ ചെലവും സമയവും കുറയുകയും ഡോക്ടമാരുടെ കുറവ് പരിഹരിക്കപ്പെടുകയും ചെയ്യും. വിദഗ്ധരിൽനിന്ന് രണ്ടാം അഭിപ്രായം കേൾക്കുകയെന്നത് ഡോക്ടർമാർക്കും രോഗികൾക്കും എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.  
നിർമിത ബുദ്ധി ഉപയോഗിച്ച് പരിശോധനാ റിപ്പോർട്ടുകൾ ഡോക്ടറുടെയോ വിദഗ്ധൻെറയോ സഹായം കൂടാതെ പരിശോധിക്കാൻ കഴിയുമെന്നും ഗ്രാമീണ മേഖലയിൽനിന്ന് നഗരത്തിൽ ചികിൽസ തേടുന്ന രോഗിയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഇതിലൂടെ ലഘൂകരിക്കാനാകുമെന്നും ക്യൂർ.എഐ സിഇഒ പ്രശാന്ത് വാര്യർ പറഞ്ഞു. 
രാജ്യത്തെ ഡാറ്റ ദുരുപയോഗം തടയാൻ അടിയന്തരമായി നിയമ നിർമാണം നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.    ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ, ഡെൽ ഇഎംസി ഇന്ത്യ കൊമേഴ്‌സ്യൽ പ്രസിഡൻറും എംഡിയുമായ അലോക് ഓഹ്രീ, എൻട്രിൻസ്യ ഇങ്ക് സ്ഥാപകനും സിഇഒയുമായ ദേവദാസ് വർമ്മ, ന്യൂഫോട്ടോൺ ടെക്‌നോളജീസിൻെറ പ്രസിഡൻറും സിഇഒയുമായ രാംദാസ് പിള്ള, യുഎസ്ടി ഗ്ലോബൽ സിഇഒ സാജൻ പിള്ള, അമേരിക്കയിലെ ടെക്‌സാസിലെ എസ്എംയു എടി ആന്റ് ടി സെൻറർ ഫോർ വെർച്വലൈസേഷൻ ഡയറക്ടർ ഡോ. സുകു നായർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.     


ഡ്രൈവർ വേണ്ടാത്ത കാറും വ്യക്തിഗതമാക്കപ്പെട്ട വൈദ്യുത വാഹനങ്ങളും ബഹിരാകാശ ഗതാഗതവുമടക്കം  ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ചായിരിക്കും ഗതാഗത, യാത്രാ മേഖലകളുടെ ഭാവി നിശ്ചയിക്കപ്പെടാൻ പോകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയായിരിക്കും ഈ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്നതെങ്കിലും അതിനു പ്രേരക ശക്തിയാകാൻ പോകുന്നത് ഉപഭോക്താക്കളാണെന്ന് ഉച്ചകോടിയിൽ 'യാത്ര, ഗതാഗതം എന്നിവയിലെ ഡിജിറ്റൽ ഭാവി' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. വ്യക്തിഗതമായ അനുഭവങ്ങളും സുരക്ഷയും അടിസ്ഥാനമാക്കി വളരാനും വളർച്ച നിലനിർത്താനുമുള്ള ശ്രമങ്ങളുമാണ് ഈ മേഖലയിലെ വ്യവസായങ്ങളിൽനിന്നുണ്ടാകേണ്ടത്. 
വളരുന്ന ലോകത്ത് ഇന്നത്തെ നിലയിൽനിന്ന് എങ്ങനെയാണ് മാറിച്ചിന്തിക്കേണ്ടതെന്നു കണ്ടെത്തേണ്ടതുണ്ട്.     സ്വയം പ്രവർത്തക സംവിധാനങ്ങളും വർധിച്ച സുരക്ഷിതത്വവും വ്യക്തിഗത അനുഭവങ്ങളുമടക്കം യാത്രക്കാരനിലേയ്ക്കുള്ള കേന്ദ്രീകരണമായിരിക്കും ഇനി വരാൻ പോകുന്നതെന്ന് വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റൽ ആൻഡ് ഇന്നവേഷൻ ഓഫീസർ ക്രിസ്റ്റഫർ മ്യൂളർ പറഞ്ഞു. ഡ്രോണുകൾ മുതൽ ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ വരെ നിർമിക്കാൻ ശേഷിയുള്ളവർ ഈ വിപണിയിലേയ്ക്കു കടുന്നുവരുമെന്ന് അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ചീഫ് ഡേറ്റ ഓഫീസർ നടേഷ് മാണിക്കോത്ത് ചൂണ്ടിക്കാട്ടി. നല്ലൊരു സോഫ്‌റ്റ്വെയർ പരിശോധനാ സംവിധാനത്തിനു വേണ്ടി ഈ വ്യവസായം ഉറ്റുനോക്കുമ്പോൾ കേരളത്തിന് ഈ മേഖലയിൽ വൻ സാധ്യകളാണുള്ളതെന്ന് ഇന്നവേഷൻ ഇൻകുബേറ്റർ സിഇഒയും മാനേജിംഗ് പാർട്ണറുമായ ആൻറണി സത്യദാസ് ചൂണ്ടിക്കാട്ടി.
ഹാഷ് ഫ്യൂച്ചർ ലക്ഷ്യമിടുന്ന ഡിജിറ്റൽ പുരോഗതി യാഥാർഥ്യമാക്കാൻ പിന്തുണയുമായി ഒട്ടേറെ സാങ്കേതിക വിസ്മയങ്ങൾ അവതരിപ്പിച്ച് മലയാളി സ്റ്റാർട്ടപ്പുകൾ ഹാഷ് ഫ്യൂച്ചറിന്റെ ശ്രദ്ധ പിടിച്ചു പറ്റി. മനുഷ്യ സഹായവും കറൻസി ഇടപാടുകളുമില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വയം നിയന്ത്രിത സൂപ്പർ മാർക്കറ്റ് അവതരിപ്പിച്ച വാട്ട്അസെയ്ൽ, മൊബൈൽ ടച് സ്‌ക്രീനുകളും കാർ ഇൻഫൊടെയ്ൻമെന്റും ഏവിയേഷൻ പാനലുകളും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള റോബോട്ടിക് സംവിധാനവുമായി എത്തിയ ശാസ്ത്ര, സിനിമ തിേയറ്ററുകളും മാളുകളുമായി സഹകരിച്ച് വിശേഷാവസരങ്ങളിൽ ആശംസകൾ കൊണ്ട് പ്രിയപ്പെട്ടവരെ വിസ്മയിപ്പിക്കാൻ അവസരമൊരുക്കുന്ന ഹാഷ്ഹുഷ് സ്റ്റാർട്ടപ്പിന്റെ സംരംഭം, ഹോസ്പിറ്റാലിറ്റി, ബാങ്കിങ് മേഖലകളിൽ വ്യക്തികൾക്ക് സേവനം നൽകാൻ കഴിയുന്ന ഹിറോ എന്ന റോബോട്ട്,  കെട്ടിട നിർമാണ സാമഗ്രികൾ നിർമാണസ്ഥലത്ത് എത്തിക്കുകയും നിർമാണ സാമഗ്രികൾ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ 3 ഡി കാഴ്ച ഒരുക്കുകയും ചെയ്യുന്ന ബിൽഡ് നെക്സ്റ്റ് സ്റ്റാർട്ടപ്പ്, ആസ്റ്റർ ഡിഎം ഹെൽത് കെയർ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്ലോഹീൽ, ഹോളോ ലെൻസ്, രാജ്യത്ത് ആദ്യമായി സൗരോർജ യാത്രാ ബോട്ടുകൾ അവതരിപ്പിച്ച കൊച്ചിയിലെ നവാൾട്ട് സോളാർ ആന്റ് ഇലക്ട്രിക് ബോട്ട്‌സ്, സാങ്കേതിക മേഖലയിൽ കേരളത്തിന്റെ ഭാവി  സൂചിപ്പിക്കുന്ന 270 ഡിഗ്രി വീഡിയോ വാൾ, മൊബൈൽ ഫോണിലും ടാബ്‌സെറ്റിലും ടി വിയിലുമൊക്കെ ത്രീ ഡി വിപ്ലവം സാധ്യമാക്കുന്ന ത്രി ഡി സ്‌ക്രീൻ ഗാർഡ് തുടങ്ങിയവ ഹാഷ് ഫ്യൂച്ചറിന്റെ ശ്രദ്ധ പിടിച്ചു പറ്റി. 
ഹാഷ് ഫ്യൂച്ചർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. സിസ്‌കോ മാനേജിംഗ് ഡയറക്ടർ ഹരീഷ് കൃഷ്ണനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജിന് ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.  സംസ്ഥാനത്തെ 150 ഓളം വരുന്ന ചെറുകിട നെറ്റ്‌വർക്കിംഗ് ഹാർഡ്വെയർ സ്ഥാപനങ്ങൾക്ക് ഈ സഹകരണം പ്രയോജനപ്പെടുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ്,  ഐടി സെക്രട്ടറി എം. ശിവശങ്കർ അറിയിച്ചു. 
ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേക്കനിയടക്കം വൈജ്ഞാനിക മേഖലയിലെ പ്രമുഖരുമായും മുഖ്യമന്ത്രി ചർച്ച നടത്തി. അമേരിക്കയിലെ അഡ്വാൻസ്ഡ് ഇമേജ് സൊസൈറ്റി പ്രസിഡൻറ് ജിം ചാബിറുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ സ്റ്റാർട്ടപ് സ്ഥാപനങ്ങൾക്ക് നൂതന സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാനും അവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകാനും ധാരണയായി. ആഗോളാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ട മലയാളി സംരംഭമായ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനം ബൈജൂസ് ആപ്പിൻെറ സ്ഥാപകൻ ബൈജു രവീന്ദ്രനുമായി ഏപ്രിൽ ആദ്യവാരം മുഖ്യമന്ത്രി ചർച്ച നടത്തുമെന്ന് ശിവശങ്കർ അറിയിച്ചു. അടുത്ത ഹാഷ് ഫ്യൂച്ചറിന് കൊച്ചിയിൽ വീണ്ടും കാണാമെന്ന് പറഞ്ഞാണ് സമാപന സമ്മേളനം പിരിഞ്ഞത്. 
 

Latest News