വീട്ടില്‍ വിളിച്ചുവരുത്തി തീ കൊളുത്തി; പൊള്ളലേറ്റ യുവാവും പെണ്‍കുട്ടിയും മരിച്ചു

പാലക്കാട്-  കൊല്ലങ്കോട് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവും പെണ്‍കുട്ടിയും മരിച്ചു.
പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തുകയായിരുന്നു.  ബാലസുബ്രഹ്മണ്യം (23),  ധന്യ (16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരുന്നു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളാണ് ഇരുവരും.
പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍  ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.  
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വെച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

Latest News