ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക പേഴ്‌സണൽ ആപ്ലിക്കേഷൻ അതുപയോഗിക്കുന്നവരുടെ കുടുംബ വിവരങ്ങൾ വരെ ചോർത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. യുസർമാരുടെ ഫോണിലെ ഓഡിയോ, വീഡിയോ, സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും കോൺടാക്ടുകൾ തുടങ്ങിയ വിവരങ്ങൾ രഹസ്യമായി ചോർത്തുന്ന നമോ ആപ്പ് ജിപിഎസിലൂടെ നിങ്ങളെവിടെയാണെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരുടെ മേൽ ചാരക്കണ്ണുള്ള ബിഗ് ബോസാണ് മോഡിയെന്നും #DeleteNaMoApp എന്ന ഹാഷ് ടാഗിട്ട ട്വീറ്റിൽ രാഹുൽ പറഞ്ഞു.
നമോ ആപ്പ് യൂസർമാരുടെ ഡാറ്റ ചോർത്തി അമേരിക്കൻ കമ്പനിക്ക് നൽകുന്നുവെന്ന് തെളിഞ്ഞതോടെയാണ് മോഡിക്കും ബിജെപിക്കുമെതിരെ ഡാറ്റാ മോഷണ യുദ്ധം ശക്തമാക്കി രാഹുൽ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഈയിടെ രാജ്യത്തെ 13 ലക്ഷം എൻ.സി.സി കേഡറ്റുകളുടെ വിവരം ആരാഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടി കുട്ടികളുടെ ഡാറ്റ വരെ ചോർത്താനാണ് മോഡിയുടെ ശ്രമമെന്നും കേഡറ്റുകളെ നമോ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
കഴിഞ്ഞ ദിവസം മറ്റൊരു ട്വീറ്റിലൂടെ നമോ ആപ്പിന്റെ ഡാറ്റാ മോഷണത്തിനെതിരെ രൂക്ഷ പരിഹാസവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. 'ഹായ്, എന്റെ പേര് നരേന്ദ്ര മോഡി. ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിങ്ങൾ എന്റെ ഔദ്യോഗിക ആപ്പിൽ സൈനപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ ഡാറ്റയും ഞാൻ അമേരിക്കൻ കമ്പനികളിലെ എന്റെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുന്നു,' എന്നായിരുന്നു രാഹുലിന്റെ പരിഹാസ ട്വീറ്റ്. ഈ വാർത്തകൾ മറച്ചു വച്ച് വലിയ സേവനം ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും പരിഹാസച്ചുവയോടെ രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ, കോൺഗ്രസിന്റെ കടന്നാക്രമണം നേരിടാൻ രാഹുലിനെ പരിഹസിച്ച് ബി.ജെ.പിയും രംഗത്തെത്തി. കോൺഗ്രസിന്റെ ഔദ്യോഗിക ആപ്പ് യുസർമാരുടെ ഡാറ്റ സിംഗപ്പൂരിലേക്ക് ചോർത്തുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ രംഗത്തെത്തി.






