Sorry, you need to enable JavaScript to visit this website.

നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ വീട് വില്‍പനയ്ക്ക് 

തിരുവനന്തപുരം- മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ വീട് വില്‍പനയ്ക്ക്. നസീറിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ ഇരുനില വീടാണ് വില്‍പനയ്‌ക്കൊരുങ്ങുന്നത്. 1956 ല്‍ നസീര്‍ നിര്‍മിച്ച ഈ വീടിന് മകള്‍ ലൈലയുടെ പേര് ചേര്‍ത്ത് ലൈല കോട്ടേജ് എന്നാണ് പേരിട്ടിരുന്നത്. ചിറയിന്‍കീഴിലെ ആദ്യത്തെ ഇരുനിലമന്ദിരമാണ് ലൈല കോട്ടേജ്. ചലച്ചിത്ര നിര്‍മാതാവ് പി സുബ്രഹ്മണ്യത്തിന്റെ ചുമതലയിലാണ് ലൈല കോട്ടേജ് നിര്‍മിച്ചത്. നിലവില്‍ പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ ആണ് ലൈല കോട്ടേജ് ഉള്ളത്. ദേശീയപാതയില്‍ കോരാണിയില്‍ നിന്ന് ചിറയിന്‍കീഴിലേക്കുള്ള പാതയോരത്ത് ഇരുനിലയില്‍ 8 കിടപ്പുമുറികളാണ് വീടിനുള്ളത്. ഈ വീടിനും വസ്തുവിനും മാര്‍ക്കറ്റില്‍ കോടികള്‍ വില വരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം നസീര്‍ താമസിച്ചിരുന്നത് ഈ ലൈല കോട്ടേജിലാണ്.ഏറെക്കാലമായി ഈ വീട് പൂട്ടിയിട്ടിരിക്കുതയാണ്. നിരവധി പേര്‍ ഇപ്പോഴും വീട് കാണാനായി ഇവിടെ എത്താറുണ്ട്. പൂട്ടിയിട്ട വീട് ജീര്‍ണിച്ചു തുടങ്ങിയിട്ടുണ്ട്. വാതിലുകളും ജനാലകളും ചിതല്‍ കയറി ദ്രവിച്ചു. വീട്ടുവളപ്പില്‍ വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും ചവലകളും നിറഞ്ഞ് വളര്‍ന്ന നിലയിലാണ്. 'പ്രേം നസീര്‍' എന്നെഴുതിയ നെയിംബോര്‍ഡും വീടിന് മുന്നിലുണ്ട്. വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് നസീറിന് ഇതുവരെ ഒരു സ്മാരകമില്ലാത്തത് നേരത്തേയും പല സാസ്‌കാരിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നസീര്‍ വിടപറഞ്ഞിട്ട് 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അനശ്വരമായി നില്‍ക്കുകയാണ് നിത്യഹരിത നായകന്‍. ഒരുപിടി ഗിന്നസ് റെക്കോഡുകളും സ്വന്തമായുള്ള നസീര്‍ മലയാള സിനിമയുടെ ഐക്കണായിരുന്നു. മരിച്ച് കാലങ്ങള്‍ക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകന്‍, മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപം എന്നീ വിശേഷണങ്ങള്‍ ചേരുന്ന മറ്റൊരു നടനില്ല. 1951 ല്‍ ചിത്രീകരണമാരംഭിച്ച ത്യാഗസീമ എന്ന ചിത്രത്തിലായിരുന്നു നസീറിന്റെ തുടക്കം. എന്നാല്‍ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
നസീറിന്റെ കാലത്തെ മറ്റൊരു സൂപ്പര്‍താരമായിരുന്ന സത്യന്‍ മാഷിന്റേയും തുടക്കം ഈ സിനിമയിലൂടെയായിരുന്നു. രണ്ടാമതായി അഭിനയിച്ച 'മരുമകള്‍' എന്ന സിനിമയും പ്രതീക്ഷിച്ച പ്രതികരണം നേടിയില്ല. എന്നാല്‍ 1952 ല്‍ പുറത്തിറങ്ങിയ 'വിശപ്പിന്റെ വിളി' എന്ന ചിത്രം നസീര്‍ എന്ന നടനെ അടയാളപ്പെടുത്തി. പിന്നീട് നസീറിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സെറ്റില്‍ നിന്ന് സെറ്റിലേക്ക് ഓടി നടന്ന് നസീര്‍ അഭിനയിച്ചു. മലയാള സിനിമയ്ക്ക് വാണിജ്യത്തിന്റെ ഒരു ലോകം തുറന്ന് കൊടുക്കുന്നതില്‍ നസീര്‍ സിനിമകള്‍ കാരണമായി.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരു വര്‍ഷം നായകനായി അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ സംവിധായകന്റെ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം. 'മരുമകള്‍' മുതല്‍ 'ധ്വനി' വരെ 781 സിനിമകളിലാണ് പ്രേം നസീര്‍ അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


 

Latest News