കൊണ്ടോട്ടി - സുപ്രീം കോടതി കനിവോടെ ഹജ് തീർത്ഥാടനത്തിന് അവസരം ലഭിച്ച കഴിഞ്ഞ വർഷത്തെ അഞ്ചാംവർഷക്കാരുടെ ലിസ്റ്റ് വൈകുന്നു. കേന്ദ്ര ഹജ് കമ്മറ്റിയിൽ നിന്നുളള ലിസ്റ്റ് ലഭിച്ചാൽ മാത്രമേ അവസരം ലഭിച്ചവരെക്കുറിച്ചുളള വ്യക്തത കൈവരികയുളളൂവെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു. പുതിയ ഹജ് മാനദണ്ഡപ്രകാരം തുടർച്ചയായി അപേക്ഷിക്കുന്ന അഞ്ചാം വർഷക്കാർക്ക് നേരിട്ട് അവസരം നൽകിയിരുന്നില്ല.ഇതോടെയാണ് കേരളത്തിൽ നിന്നുളള അഞ്ചാം വർഷക്കാർ സംഗമിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി കഴിഞ്ഞ 12 ന് അഞ്ചാം വർഷക്കാരുടെ പട്ടികയിലെ 65 നും 69 നും ഇടയിൽ വയസ്സ് പ്രയാമുളളവർക്ക് അനുമതി നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇവരുടെ ലിസ്റ്റ് ഇതുവരെ കേന്ദ്ര ഹജ് കമ്മിറ്റി സംസ്ഥാന ഹജ് കമ്മിറ്റിക്ക് നൽകിയിട്ടില്ല.
സുപ്രീം കോടതിയുടെ സത്യവാങ്മൂലത്തിൽ അഞ്ചാം വർഷക്കാരായി ഇന്ത്യയിൽ ആകെ 1965 പേർ മാത്രമാണുളളതെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചത്.കേരളം,ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അഞ്ചാം വർഷക്കാരുളളത്.ഇതിൽ കേരളത്തിൽ നിന്നാണ് അഞ്ചാം വർഷക്കാർ കൂടുതലുളളത്.9500 പേരിൽ ആയിരത്തോളം പേർ 65-69 പ്രായത്തിലുളളവരാണ്.ഒരുകവറിൽ ഒന്നിൽ കൂടുതൽ പേർ അപേക്ഷകരുണ്ടെങ്കിൽ നിശ്ചിത പ്രായപരിധിയിലുളള ഒരാൾക്ക് മാത്രമേ അവസരം കൈവരികയുളളൂ.ഇത് കവറിൽ ബാക്കിയാവുന്ന സ്ത്രീകളെയും ബാധിക്കും. മെഹ്‌റമില്ലാതെ സ്ത്രീകൾക്ക് ഒറ്റക്ക് തീർത്ഥാടനത്തിന് അനുമതിയില്ല. ഇത്തരം സാങ്കേതികത്വവും നിലനിൽക്കുന്നുണ്ട്.
ഹജിന് ഒന്നാം ഗഡു പണം അടക്കൽ, പാസ്‌പോർട്ട് സമർപ്പണം, രണ്ടു പരിശീലന ക്ലാസ്സുകൾ എന്നിവ പൂർത്തീകരിച്ചിട്ടും അഞ്ചാം വർഷക്കാരുടെ ലിസ്റ്റ് ഇതുവരെ എത്താത്തതും ആശങ്കക്കിടായാക്കുന്നുണ്ട്. സംസ്ഥാന ഹജ് കമ്മിറ്റി അവസരം കൈവന്നവരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്ര ഹജ് കമ്മിറ്റിയെ സമീപിച്ച് കാത്തിരിക്കുകയാണ്.