ഹിന്ദു യുവവാഹിനി മിശ്രവിവാഹം തടഞ്ഞു, ലൗ ജിഹാദിന് കേസ്

മൊറാദാബാദ്- ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച്  മിശ്രവിവാഹം തടഞ്ഞ ശേഷം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍  പോലീസില്‍ ഏല്‍പിച്ചയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ലൗ ജിഹാദ് ആരോപിച്ച് ഒരു വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍.
മൊറാദാബാദ് ജില്ലാ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ ദമ്പതികളെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ബലമായി തടയുകയായിരുന്നു.
സ്ത്രീയെ തട്ടിക്കൊണ്ടുപോകുക, വിവാഹത്തിനു നിര്‍ബന്ധിക്കുക എന്നിവക്കുപുറമെ, സംസ്ഥാനത്തെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൊറാദാബാദ് സ്വദേശിയായ ഇയാള്‍ യുവതിയെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ടപ്പോള്‍ ഹിന്ദുവാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്ന് ഹിന്ദുത്വ സംഘടന ആരോപിച്ചു.
പഞ്ചാബിലെ ലുധിയാനയില്‍നിന്ന് ഒളിച്ചോടിയ ദമ്പതികള്‍ മൊറാദാബാദ് ജില്ലാ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോകുകയായിരുന്നു. ലുധിയാനയില്‍ നിന്ന് യുവതിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ദമ്പതികളെ സിവില്‍ ലൈന്‍ പോലീസിന് കൈമാറി.
യുവതിയെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി ലുധിയാന പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കൂടുതല്‍ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

Latest News