മഞ്ജുവിന്റെ ഡാന്‍സ് മുടക്കാന്‍ ദിലീപ്  വിളിച്ചത് രാത്രി ഒന്നരയ്ക്ക് - ഭാഗ്യലക്ഷ്മി

തൃശൂര്‍- മഞ്ജു വാര്യര്‍ നൃത്തപരിപാടികളില്‍ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് തന്റെ വെളിപ്പെടുത്തലുകള്‍ മഞ്ജുവിന്റെ അനുവാദത്തോടെയാണെന്ന് ഭാഗ്യലക്ഷ്മി. താന്‍ കഴിഞ്ഞ ദിവസം മഞ്ജുവുമായി സംസാരിച്ചിരിന്നുവെന്നും അവര്‍ ഇക്കാര്യങ്ങള്‍ പുറത്ത് പറയാന്‍ അനുമതി നല്‍കിയെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ദിലീപിന് ഇഷ്ടമല്ലെന്നും പറയണമെന്ന് അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നതായി ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്ന ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞിരുന്നു. മഞ്ജുവിന്റെ നൃത്തപരിപാടി ഉത്സവത്തിന്റെ ഭാഗമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു. തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും മഞ്ജു തന്നോട് പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും മഞ്ജു ഏറ്റുവെന്നും ഭാഗ്യലക്ഷമി പറഞ്ഞു.


 

Latest News