Sorry, you need to enable JavaScript to visit this website.

കെ- റെയില്‍ കല്ലിടല്‍ വീണ്ടും, നോമ്പെടുത്ത  ആള്‍ പോലീസ് മര്‍ദനത്തില്‍  ബോധരഹിതനായി  

തിരുവനന്തപുരം- ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി ഉദ്യോഗസ്ഥരെത്തിയത്. ഇതേത്തുടര്‍ന്ന് തടയാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉന്തിനും തള്ളിനുമിടെ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.  സംഘര്‍ഷത്തിനിടെ ഒരാള്‍ ബോധരഹിതനായി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. 
തിരുവനന്തപുരം മുരിക്കുംപുഴയിലും കല്ലിടാനായി ഉദ്യോഗസ്ഥരെത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ഒരുമാസത്തിന് ശേഷമാണ് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ ആരംഭിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണക്കിലെടുത്താണ്, പ്രതിഷേധ സാഹചര്യം ഒഴിവാക്കുക ലക്ഷ്യമിട്ട് സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.കെ റെയില്‍ കല്ലിടലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എത്ര കല്ലിട്ടാലും പിഴുതെറിയും. കല്ല് പിഴുതെറിയല്‍ നിയമലംഘനമെങ്കില്‍ ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. ഭൂമി നഷ്ടമാകുന്നവര്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 
 

Latest News