പെരുന്നാളിനുശേഷം നവാസ് ശരീഫ് പാക്കിസ്ഥാനില്‍ മടങ്ങിയെത്തുമെന്ന് പാര്‍ട്ടി നേതാവ്

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഈദുല്‍ ഫിതറിന് ശേഷം ലണ്ടനില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് പാക്കിസ്ഥാന്‍ മുസ്ലിം ലീഗിന്റെ-എന്‍ മുതിര്‍ന്ന നേതാവ് പറഞ്ഞു. രാജ്യത്തെ നിയമവും ഭരണഘടനയും അനുസരിച്ച് നവാസ് ശരീഫ് കേസുകള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് നിരവധി അഴിമതി കേസുകളില്‍ കുടുങ്ങിയതിനു പിന്നാലെ 2019 നവംബര്‍ മുതല്‍ ലണ്ടനിലാണ്.
ചികിത്സക്കായി നാലാഴ്ചത്തേക്ക് വിദേശത്തേക്ക് പോകാനാണ് ലാഹോര്‍ ഹൈക്കോടതി അദ്ദേഹത്തിനു അനുമതി നല്‍കിയിരുന്നത്.
 
ഈദിന് ശേഷം നവാസ് ശരീഫിനെ പാകിസ്ഥാനില്‍ കാണാം- പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ മന്ത്രിസഭയില്‍ അംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത പിഎംഎല്‍-എന്‍ നേതാവ് മിയാന്‍ ജാവേദ് ലത്തീഫ്  പറഞ്ഞു.

72 കാരനായ നവാസ് ശരീഫ് രാജ്യത്തെ  നിയമവും ഭരണഘടനയും അനുസരിച്ച് കേസുകള്‍ നേരിടും.  പാര്‍ട്ടിക്ക് കോടതിയില്‍ വിശ്വസമുണ്ടെന്നും അതിന്റെ വിധി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ അഴിമതിക്കേസുകളില്‍ കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെ,  നാലാഴ്ചയ്ക്കുള്ളില്‍ അല്ലെങ്കില്‍ അസുഖം ഭേദമായാലുടന്‍ വിചാരണ നേരിടാന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്ന് ലാഹോര്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയതിനു ശേഷമാണ് നവാസ് ശരീഫ് രാജ്യം വിട്ടിരുന്നത്.

 

Latest News