കോവിഡ് ബാധിച്ച് അമ്മ മരിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലെത്തിച്ചു, 74 പേര്‍ അറസ്റ്റില്‍

അമരാവതി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 74 പേരെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള 13 കാരിയെയാണ് കഴിഞ്ഞ എട്ടു മാസത്തിനിടെ പീഡിപ്പിച്ചത്. കോവിഡ് ബാധിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ദത്തെടുത്ത സ്ത്രീയാണ് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതെന്ന് പോലീസ് പറഞ്ഞു.  
അറസ്റ്റിലായ 74 പേരില്‍ പെണ്‍വാണിഭ റാക്കറ്റിന്റെ നടത്തിപ്പുകാരും കൂട്ടിക്കൊടുപ്പുകാരും ഇടപാടുകാരും ഉള്‍പ്പെടുമെന്ന് പോലീസ് പറഞ്ഞു. ആറ് പ്രതികള്‍ക്കായി ഗുണ്ടൂര്‍ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. ഇവരില്‍ ഒരാള്‍ ലണ്ടനിലാണെന്നാണ് സൂചന.

പെണ്‍കുട്ടിയെ വാങ്ങിയവര്‍ ആന്ധ്രാപ്രദേശിലെയും അയല്‍ സംസ്ഥാനമായ തെലങ്കാനയിലെയും വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ.സുപ്രജ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലേയും വേശ്യാലയങ്ങളിലേക്കാണ് പെണ്‍കുട്ടിയെ എത്തിച്ചത്.

2021 ജൂണില്‍ കോവിഡ് ബാധിച്ച് അമ്മ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍  പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സ്വര്‍ണ കുമാരിയാണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് പിതാവിന്റെ അനുമതിയില്ലാതെയാണ് പ്രതി കൂടെ കൊണ്ടു പോയത്. പിന്നീട് പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു.

ഓഗസ്റ്റില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ജനുവരിയിലായിരുന്നു ആദ്യ അറസ്റ്റ്.  
രണ്ട് ദിവസം മുന്‍പാണ് പോലീസിന് പെണ്‍കുട്ടിയെ  രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.  ദുരനുഭവം പോലീസിനോട് വിവരിച്ചതിനു പിന്നാലെ രണ്ടു ദിവസങ്ങള്‍ക്കിടെയാണ് നിരവധി പേരെ അറസ്റ്റ് ചെയ്തത്. ബി.ടെക് വിദ്യാര്‍ഥിയടക്കം പത്ത് പ്രതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഒരു കാറും 53 മൊബൈല്‍ ഫോണുകളും മൂന്ന് ഓട്ടോറിക്ഷകളും മൂന്ന് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.

 

Latest News