റിയാദ് - റോഡിലൂടെ നടന്നുപോവുകയായിരുന്ന വനിതയുടെ വാനിറ്റി ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. കുടിയേറ്റ ഗോത്രക്കാരനായ വിദേശ യുവാവാണ് അറസ്റ്റിലായത്. മോഷ്ടിച്ച് കൈക്കലാക്കിയ കാറില്‍ സഞ്ചരിച്ചാണ് പ്രതി പിടിച്ചുപറി നടത്തിയത്. യെമനിയുടെ സഹായത്തോടെയാണ് മുഖ്യ പ്രതി പിടിച്ചുപറി നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് യെമനിയാണ് കാറോടിച്ചിരുന്നത്. മുഖ്യ പ്രതി ഡോര്‍ വിന്റോയിലൂടെ ശിരസ്സും കൈകളും പുറത്തേക്കിട്ട് ബാഗ് ശക്തിയില്‍ പിടിച്ചുവലിക്കുകയായിരുന്നു.
കേസിലെ കൂട്ടുപ്രതിയായ യെമനിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മുഖ്യ പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു. കാറിലെത്തിയ യുവാവ് വനിതയുടെ വാനിറ്റി ബാഗ് പിടിച്ചുപറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തലസ്ഥാന നഗരിയിലെ റോഡിലൂടെ രാത്രിയില്‍ ഒറ്റക്ക് നടന്നുപോകുന്നതിനിടെ പിന്നിലൂടെ കാറില്‍ എത്തിയാണ് പ്രതികള്‍ വാനിറ്റി ബാഗ് പിടിച്ചുപറിച്ചത്. ഇതിന്റെ ശക്തിയില്‍ വനിത നിലത്തു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിക്കുകയായിരുന്നു. കാറിലെത്തിയ സംഘം വനിതയുടെ വാനിറ്റി ബാഗ് പിടിച്ചുപറിക്കുന്നതിന്റെ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പിന്നീട് പുറത്തുവിട്ടു. മുഖ്യ പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത സുരക്ഷാ സൈനികരെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു.
الجاني في هذا المقطع "وافد نازح" .. و #تم_القبض عليه . pic.twitter.com/GRXQ0aHC8P
— عناد العتيبي (@ENAD_Alotaibi) April 20, 2022






