ന്യൂദല്‍ഹി- മോഡി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് ബി.ജെ.പി. മെയ് 26 നാണ് സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം. സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രകടന വിശദാംശങ്ങളും എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കാമെന്നതിനെക്കുറിച്ച തന്ത്രങ്ങള്‍ മെനയാന്‍ മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘം രൂപീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് സംഘം. സര്‍ക്കാരിന്റെ നേട്ടങ്ങളും നിറവേറ്റിയ വാഗ്ദാനങ്ങളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ സെക്ഷന്‍ 370 റദ്ദാക്കിയത്, സ്മാര്‍ട്ട് സിറ്റികളും അവയുടെ വികസനവും, നദികള്‍ ശുദ്ധീകരിക്കുന്നതിനായി കൊണ്ടുവന്ന നമാമി ഗംഗ പദ്ധതി, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്, തുടങ്ങിയ കാര്യങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ട്.
പകര്‍ച്ചവ്യാധിയുടെ സമയത്ത് പ്രതിപക്ഷം ജനങ്ങളുടെ മനോവീര്യം കുറച്ചപ്പോള്‍ ആളുകള്‍ അതിനെ അതിജീവിക്കുന്നുവെന്നും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നും ഉറപ്പാക്കി ലോകത്തിനു തന്നെ പ്രധാനമന്ത്രി മോഡി മാതൃകയായി. വാക്‌സിനേഷന്‍ മുതല്‍ റേഷന്‍ വരെ എല്ലാം ശ്രദ്ധിച്ചു- പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.






