മുംബൈയില്‍ 72 ശതമാനം പള്ളികളിലും ഉച്ചഭാഷിണി ശബ്ദം കുറവെന്ന് പോലീസ് സര്‍വേ

മുംബൈ- മുംബൈയില്‍ 72 ശതമാനം പള്ളികളിലും ഉച്ചഭാഷണികളില്‍ ശബ്ദം ഗണ്യമായി കുറച്ചാണ്  പ്രഭാത നമസ്‌കാരത്തിനായുള്ള ബാങ്കുവിളിക്കുന്നതെന്ന് പോലീസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ്  മുംബൈ പോലീസ് സര്‍വേ നടത്തിയത്. നഗരത്തിലെ പല പള്ളികളിലും സുബ്്ഹി ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നില്ലെന്നും പോലീസ് കണ്ടെത്തി.
മസ്ജിദുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്തുവെന്ന് മെയ് മൂന്നിനകം ഉറപ്പാക്കണമെന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെ സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. മെയ് മൂന്ന് കഴിഞ്ഞാല്‍ എം.എന്‍.എസ് പ്രവര്‍ത്തകര്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വെക്കുമെന്നാണ് ഭീഷണി.

രാജ് താക്കറെയുടെ പ്രസംഗത്തിന് മുമ്പാണ് കൂടുതല്‍ പള്ളികളില്‍ സര്‍വേ നടത്തിയത്.  ചിലയിടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷവും സര്‍വേ നടത്തിയെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തമെന്നും  ഏത് സാഹചര്യവും തടയാന്‍ പോലീസ് പൂര്‍ണ സജ്ജമാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വല്‍സ് പാട്ടീല്‍ പറഞ്ഞു.
പള്ളികളില്‍നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന രാജ് താക്കറെയുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
തെരഞ്ഞുടപ്പില്‍ വിജയിക്കുന്നതിനുമുള്ള മാര്‍ഗമായി ബിജെപി മഹാരാഷ്ട്രയിലും രാജ്യത്ത് എല്ലായിടത്തും വര്‍ഗീയ കലാപങ്ങളെ ഉപയോഗിക്കുകയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു.

 

Latest News