തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശ്രീകണ്ഠപുരം ചെരിക്കോട്ടെ ഉണ്ണി എന്ന കെ.പി.ജിതിന് (28) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജീവിതാവസാനംവരെ കഠിനതടവ് വിധിച്ചു. മൂന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെ പഠിക്കുന്ന കാലയളവില്‍ പെണ്‍കുട്ടിയെ പലപ്പോഴായി പീഡിപ്പിച്ചുവെന്നായിരുന്ന കേസ്.
വിവിധ വകുപ്പുകളില്‍ ജീവപര്യന്തം തടവ്, 10 വര്‍ഷം കഠിനതടവ്, 1.75 ലക്ഷം രൂപ നഷ്ടപരിഹാരം എന്നിങ്ങനെയും കോടതി വിധിച്ചു. സ്പെഷ്യല്‍ ജഡ്ജി സി.മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ കുട്ടിയുടെ ചെറുപ്രായത്തില്‍ത്തന്നെ മരിച്ചിരുന്നു. പിതാവിന്റെയും പിതാവിന്റെ അമ്മയുടെയും സംരക്ഷണയില്‍ കഴിയുമ്പോഴാണ് പലപ്പോഴായി പീഡിപ്പിക്കപ്പെട്ടത്. കേസ് വിചാരണസമയത്ത് പിതാവ് കൂറുമാറിയിരുന്നു. അധ്യാപകരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസുകളില്‍ അപൂര്‍വമായ വിധിയുണ്ടായത്. കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ശ്രീകണ്ഠപുരം സ്റ്റേഷന് അന്വേഷണ ഉദ്യോഗസ്ഥരായ കെ.എ.ബോസ്, വി.വി.ലതീഷ് എന്നിവരാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.






