കെന്റക്കി- പിരിമുറുക്കവും ഉത്കണ്ഠയും കൂട്ടുമെന്ന ജീവനക്കാരന്റെ മുന്നറിയിപ്പ് അവഗണിച്ച് ജന്മദിന പാര്‍ട്ടി ഒരുക്കി ഞെട്ടിച്ച കമ്പനി 4,50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.
കോവിഡ് പരിശോധനകള്‍ നടത്തുന്ന ഗ്രാവിറ്റി ഡയഗ്‌നോസ്റ്റിക്‌സില്‍ 2019 ല്‍ അനാവശ്യമായി സംഘടിപ്പിച്ച ജന്മദിന പാര്‍ട്ടി തന്റെ പരിഭ്രാന്തിക്ക് കാരണമായെന്നാണ് ജീവനക്കാരനായ കെവിന്‍ ബെര്‍ലിംഗ് ബോധിപ്പിച്ചത്.
വൈകല്യം കാരണം കമ്പനി തന്നോട് വിവേചനം കാണിച്ചുവെന്നും ബെര്‍ലിംഗ് വാദിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന കമ്പനിയുടെ വാദം കോടതി തള്ളി.
കമ്പനി എല്ലാ ജീവനക്കാരുടേയും ജന്മദിനങ്ങള്‍ ജോലി സ്ഥലത്ത് ആഘോഷിക്കാറുണ്ടെങ്കിലും വിഷാദവും ഉത്കണ്ഠയുമുള്ള തനിക്ക് പാര്‍ട്ടി വേണ്ടെന്ന് ബെര്‍ലിംഗ് മാനേജരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെന്റക്കിയിലെ കെന്റണ്‍ കൗണ്ടിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ പറയുന്നു.
പാര്‍ട്ടിയില്‍ സുഖകരമല്ലാത്ത ബാല്യകാല ഓര്‍മ്മകള്‍ തന്റെ ഉത്കണ്ഠ കൂട്ടുമെന്നും പരിഭ്രാന്തിക്ക് കാരണമാകുമെന്നുമാണ് ജീവനക്കാരന്‍ പറഞ്ഞിരുന്നത്.
ഇത് കണക്കിലെടുക്കാതെ കമ്പനി 2019 ഓഗസ്റ്റില്‍ അദ്ദേഹത്തിന് ഒരു സര്‍െ്രെപസ് പാര്‍ട്ടി നല്‍കുകയായിരുന്നു. പാര്‍ട്ടിയില്‍നിന്ന് ഇറങ്ങിപ്പോയ ബെര്‍ലിംഗ് കാറില്‍ ഇരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
അടുത്ത ദിവസത്തെ കമ്പനി മീറ്റിംഗില്‍ ബെര്‍ലിംഗിന്റെ നടപടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ബെര്‍ലിംഗ് സഹപ്രവര്‍ത്തകരുടെ സന്തോഷം കെടുത്തിയെന്നും ചെറിയ പെണ്‍കുട്ടിയെ പോലെ പെരുമാറിയെന്നുമായിരുന്നു ആരോപണം. ഈ മീറ്റിംഗ് രണ്ടാമത്തെ ആഘാതമായി. ഓഗസ്റ്റ് 8 നും 9 നും വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട കമ്പനി ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 11ന് പിരിച്ചുവിടുകയും ചെയ്തു.
വൈകല്യം കാരണം കമ്പനി വിവേചനം കാണിച്ചുവെന്നും തന്റെ അഭ്യര്‍ത്ഥന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്യായമായി പ്രതികാരം ചെയ്തുവെന്നുമാണ് ബെര്‍ലിംഗ് കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്.
രണ്ട് ദിവസത്തെ വിചാരണക്ക് ശേഷമാണ് കമ്പനി അദ്ദേഹത്തിന് 4,50,000 ഡോളര്‍ നല്‍കണമെന്ന് ജൂറി വിധിച്ചത്. മൂന്ന് ലക്ഷം ഡോളര്‍ വൈകാരിക ക്ലേശത്തിനും ഒന്നര ലക്ഷം ഡോളര്‍ നഷ്ടപ്പെട്ട വേതനത്തിനുമുള്ളതാണ്.
ജോലി സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിനാണ് ബെര്‍ലിംഗിനെ പിരിച്ചുവിട്ടതെന്നും അത് കമ്പനിയുടെ നയമാണെന്നും
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജൂലി ബ്രസീല്‍ പറഞ്ഞു.
ജീവനക്കാര്‍ ഈ കേസില്‍ ഇരകളാണെന്നും ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.
ഗ്രാവിറ്റി കമ്പനിയില്‍ ജീവനക്കാരന്‍ ആര്‍ക്കെങ്കിലും ഭീഷണി ഉയര്‍ത്തിയതിന് തെളിവില്ലെന്നും അദ്ദേഹത്തിന് പരിഭ്രാന്തി ഉണ്ടായി എന്നതു മാത്രമാണ് സംഭവമെന്നും ബെര്‍ലിംഗിന്റെ അഭിഭാഷകന്‍ ടോണി ബുച്ചര്‍ പറഞ്ഞു.
തെളിവുകളില്ലാതെ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകള്‍ അപകടകാരികളാണെന്ന് കരുതുന്നത് വിവേചനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.