അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു, മനംനൊന്ത് ഭാര്യ കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി

മംഗളൂരു- വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. അപകടവിവരം അറിഞ്ഞ ഉടനെ തന്നെ യുവതി കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
മംഗളൂരു ഫയര്‍ഫോഴ്സില്‍ ഡ്രൈവറായി ജോലി ചെയ്ത ഗംഗാധര്‍ കമ്മാരയാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചത്. എന്‍ എച്ച് 66ല്‍ കുന്തികാനയില്‍ ശനിയാഴ്ച രാത്രി 8.50ഓടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനെ തന്നെ വിവരം വീട്ടുകാരേയും അറിയിച്ചു.

ഗംഗാധറിന്റെ ഭാര്യ റായ്ച്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവം അറിഞ്ഞയുടന്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം 32 കാരി തൂങ്ങിമരിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

 

Latest News