യൂറോപ്പിലെ ടോപ് സ്‌കോറർക്കുള്ള പോരാട്ടം മുറുകുകയാണ്. അഞ്ച് മുൻനിര താരങ്ങളാണ് അവസാന പോരാട്ടത്തിലുള്ളത്.
മുഹമ്മദ് സലാഹ്
റോമയിൽ നിന്ന് ഈ സീസൺ ആദ്യത്തിൽ ലിവർപൂളിൽ എത്തിയതു മുതൽ ഈജിപ്തുകാരൻ ഉജ്വല ഫോമിലാണ്. പ്രീമിയർ ലീഗിൽ 30 മത്സരങ്ങളിൽ 28 ഗോളടിച്ചു. ലിവർപൂളിലെ ആദ്യ സീസണിൽ തന്നെ നിരവധി റെക്കോർഡുകൾ തകർത്താണ് സലാഹ് മുന്നേറുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ട്രാൻസ്ഫറുകളിലൊന്നായാണ് ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്. വെറും മൂന്നരക്കോടി പൗണ്ടിനാണ് റോമ സലാഹിനെ ലിവർപൂളിന് കൈമാറിയത്. സലാഹിന് വേണ്ടി ലോക റെക്കോർഡ് തകർക്കാൻ തയാറാണ് ഇപ്പോൾ റയൽ മഡ്രീഡും പി.എസ്.ജിയും ബാഴ്‌സലോണയുമൊക്കെ.
ലിയണൽ മെസ്സി
അഞ്ചു തവണ ലോകത്തെ മികച്ച കളിക്കാരനായി ഫിഫ തെരഞ്ഞെടുത്ത ലിയണൽ മെസ്സി മറ്റൊരു ഉജ്വല സീസണിലൂടെയാണ് മുന്നേറുന്നത്. സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ കിരീടമുറപ്പിച്ചു കഴിഞ്ഞു. മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ മറികടന്ന് ക്വാർട്ടറിലെത്താൻ ബാഴ്‌സലോണയെ സഹായിച്ചത്. സ്പാനിഷ് ലീഗിൽ 25 ഗോളായി മെസ്സിക്ക്. അഞ്ചാം തവണ യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി ചരിത്രം രചിക്കാനൊരുങ്ങുകയാണ് മെസ്സി.
എഡിൻസൻ കവാനി
നെയ്മാറും കീലിയൻ എംബാപ്പെയുമെത്തിയെങ്കിലും പാരിസ് സെയ്ന്റ് ജർമാനിൽ ഗോളടി വീരൻ എഡിൻസൻ കവാനി തന്നെ. ഫ്രഞ്ച് ലീഗിൽ ഉറുഗ്വായ് സ്‌ട്രൈക്കർ ഇതുവരെ 24 ഗോളടിച്ചു. ചാമ്പ്യൻസ് ലീഗിൽ നിന്ന് പി.എസ്.ജി പുറത്തായത് ഫ്രഞ്ച് ലീഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കവാനിയെ സഹായിക്കും.
സീറോ ഇമ്മോബിലെ
വരുന്ന ലോകകപ്പിന്റെ നഷ്ടങ്ങളിലൊന്നായിരിക്കും ഇമ്മോബിലെ. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്തതിനാൽ ലാസിയൊ താരത്തെ ലോകകപ്പ് വീക്ഷിക്കുന്നവർക്ക് നഷ്ടമാവും. ഇറ്റാലിയൻ ലീഗിൽ 24 ഗോളടിച്ച് ഉജ്വല ഫോമിലാണ് സ്‌ട്രൈക്കർ. ബോക്‌സിൽ ഇമ്മോബിലെയെ പോലെ അപകടകാരികളായ സ്‌ട്രൈക്കർമാർ കുറവാണ്.
ഹാരി കെയ്ൻ
ഇംഗ്ലണ്ടിന്റെയും ടോട്ടനം ഹോട്‌സ്പറിന്റെയും ഒമ്പതാം നമ്പറുകാരൻ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇതുവരെ 24 ഗോളടിച്ചു. ഗോളടി വീരനായി അറിയപ്പെടുന്ന കെയ്‌നിന് പ്രധാന തടസ്സം പരിക്കാണ്. ഏതാനും ആഴ്ചകൾ പരിക്കുമായി വിട്ടുനിൽക്കുകയാണ് കെയ്ൻ.
കഴിഞ്ഞ രണ്ട് സീസണിലും പ്രീമിയർ ലീഗിലെ ടോപ്‌സ്‌കോററാണ് കെയ്ൻ. ഇത്തവണ പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മുഹമ്മദ് സലാഹിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.






