ന്യൂദല്‍ഹി- കോവിഡ് വ്യാപനം കണക്കിലെടുത്ത് ഹോങ്കോംഗ് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും യാത്രക്കാര്‍ കുറഞ്ഞതും കാരണം എയര്‍ ഇന്ത്യ ഹോങ്കോങ്ങിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. നാളെയും ഏപ്രില്‍ 23 നും ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയതയാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചത്.
ശനിയാഴ്ച എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോങ്കോംഗ് അധികൃതര്‍ എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 24 വരെ നിരോധിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കിയവരെ മാത്രമേ ഹോങ്കോങ്ങില്‍ ഇറങ്ങാന്‍ അനുവദിക്കൂ.
എയര്‍ ഇന്ത്യയുടെ എ.ഐ316 ദല്‍ഹി-കൊല്‍ക്കത്ത- ഹോങ്കോംഗ് വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ക്കാണ് ഏപ്രില്‍ 16 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നത്.
കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജനുവരിയില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോംഗ് രണ്ടാഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായിരുന്നു നിരോധനം.






