Sorry, you need to enable JavaScript to visit this website.

കോവിഡ് മരണങ്ങള്‍ കണക്കാക്കിയ ലോകാരോഗ്യ സംഘടനാ രീതികളെയും ന്യൂയോര്‍ക്ക് ടൈംസിനേയും വിമര്‍ശിച്ച് ഇന്ത്യ

ന്യൂദല്‍ഹി- കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ കണക്കാക്കാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച രീതിയെക്കുറിച്ച് വിമര്‍ശനവുമായി ഇന്ത്യ. വിവിധരാജ്യങ്ങളില്‍ വ്യത്യസ്ത അളവുകോലുകള്‍ ഉപയോഗിച്ചാണ് ലോകാരോഗ്യ സംഘടന കോവിഡ് മരണ നിരക്കുകള്‍ കണക്കാക്കിയതെന്ന കുറ്റപ്പെടുത്തലാണ് ഇന്ത്യയിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തുന്നത്.
ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ആശയവിനിമയം നടത്തുകയാണെന്നും മാതൃക കൃത്യവും വിശ്വസനീയവുമാണെങ്കില്‍ എല്ലാ ടയര്‍ 1 രാജ്യങ്ങളിലും ഇതേ മാതൃക സ്വീകരിച്ച് ആധികാരികത ഉറപ്പാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ കോവിഡ് മരണ നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യ ലോകാരോഗ്യ സംഘടനയുമായി തര്‍ക്കിച്ച് റിപ്പോര്‍ട്ട് തടയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെതിരെയും ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കോവിഡിനെ തുടര്‍ന്ന് ലോകത്താകമാനം 15 ദശലക്ഷം പേര്‍ മരിച്ചുവെന്നാണ് പുറത്തുവന്നിട്ടില്ലാത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പരിശോധിച്ചാല്‍ മരിച്ചവരുടെ എണ്ണം ആറ് ദശലക്ഷം മാത്രം. അങ്ങനെയെങ്കില്‍ ഒന്‍പത് ദശലക്ഷം മരണങ്ങള്‍ രാജ്യങ്ങള്‍ പൂഴ്ത്തിയെന്നാണ് സൂചന. അതില്‍ മൂന്നിലൊന്നും അതായത് മൂന്ന് ദശലക്ഷത്തോളം മരണങ്ങള്‍ ഇന്ത്യയിലാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് നാല് ദശലക്ഷം പേരെങ്കിലും കോവിഡിനെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ കണക്കുകളെ കുറിച്ച് പറയുമ്പോഴും മറ്റ് രാജ്യങ്ങളുടെ ഏകദേശ കണക്കുകള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലോകാരോഗ്യ സംഘടന ടയര്‍ 1 രാജ്യങ്ങളില്‍ നിന്നും നേരിട്ട് ലഭിച്ച മരണ നിരക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെ ടയര്‍ 2 രാജ്യങ്ങളില്‍ ഗണിതശാസ്ത്ര മോഡലിംഗ് രീതിയാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇന്ത്യ മാത്രമല്ല ചൈന, ഇറാന്‍, ബംഗ്ലാദേശ്, സിറിയ, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ പലതും ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍ രീതിശാസ്ത്രത്തെക്കുറിച്ചും അനൗദ്യോഗിക ഡാറ്റാ സെറ്റ് ഉപയോഗത്തെക്കുറിച്ചും പ്രത്യേകമായ സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട കണക്കുകള്‍ നേടിയ ന്യൂയോര്‍ക്ക് ടൈംസ് മറ്റു രാജ്യങ്ങളുടെ കണക്കുകള്‍ പഠിക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും വലിയ രൂപത്തിലുള്ള ഒരു രാജ്യത്തെ വലുപ്പവും ജനസംഖ്യയും കുറവുള്ള മറ്റു രാജ്യങ്ങളുമായി സ്റ്റാറ്റിസ്റ്റിക്കല്‍ മോഡക്കല്‍ പ്രൊജക്ടുകള്‍ നിര്‍വഹിച്ചാല്‍ എങ്ങനെയാണ് യോജിക്കുകയെന്ന ചോദ്യവും ഇന്ത്യ ഉയര്‍ത്തുന്നുണ്ട്.
2021 നവംബര്‍ 17നും 2022 മാര്‍ച്ച് ര്ണ്ടിനും ഇടയില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ ആറ് കത്തുകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആശയവിനിമയ പരമ്പരകളിലൂടെ ഇന്ത്യയും മറ്റ് അംഗരാജ്യങ്ങളും തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിവിധ വെര്‍ച്വല്‍ മീറ്റിംഗുകളിലും പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു സമയത്തും രാജ്യത്തുടനീളം ഒരേപോലെ ആയിരുന്നില്ല. എന്നിട്ടും ഈ വ്യതിയാനം ലോകാരോഗ്യ സംഘടന പരിഗണിച്ചില്ലെന്നും ഇന്ത്യ പറയുന്നു. ഇന്ത്യയുടെ ഭിന്നാഭിപ്രായത്തിന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് 'തൃപ്തികരമായ പ്രതികരണം' ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

Latest News