സന്ദര്‍ശക പ്രവാഹം ഏഴിരട്ടി വര്‍ധിച്ച് ഖത്തര്‍

ദോഹ- കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഖത്തര്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഏഴിരട്ടി വര്‍ധന കാണിക്കുന്നതായി ഖത്തര്‍ ടൂറിസം. 2020ല്‍ 581,000 പേരും 2021ല്‍ 611,000 പേരും ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രം 316,000 പേരാണ് ഖത്തറിലെത്തിയത്. കോവിഡിന് മുമ്പുള്ള വര്‍ഷമായ 2019ലാകട്ടെ 2.1 മില്യന്‍ പേരായിരുന്നു രാജ്യത്തെത്തിയത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട് അടുത്ത പാദങ്ങളില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ ടൂറിസം ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ ബെര്‍തോള്‍ഡ് ട്രാങ്കലും ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ബാക്കറും പറഞ്ഞു.
ടൂറിസം മേഖലയിലെ ആറ് രംഗങ്ങളില്‍ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. ആക്ടീവ് ഹോളിഡേയ്സ്, റിലാക്സ് ആന്റ് റിജുവനേറ്റ്, സണ്‍ സീ ആന്റ് സാന്റ്, കള്‍ച്ചറല്‍ എന്‍തുസിയസ്റ്റ്സ്, ലക്ഷ്വറി സിറ്റി ബ്രേക്ക്സ്, റൊമാന്റിക്ക് ഗേറ്റ്വേയ്സ് എന്നിവയാണ് കുതിപ്പ് പ്രതീക്ഷിക്കുന്ന രംഗങ്ങള്‍.
നിലവില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവലും 96 മണിക്കൂര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ സൗകര്യങ്ങളും നല്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ 50 പുതിയ ഹോട്ടലുകള്‍ കൂടി ആരംഭിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് ഒന്നര മില്യന്‍ പേരെങ്കിലും ഖത്തറിലെത്തും. കോവിഡ് കാലത്ത് ടൂറിസം മേഖല നേരിട്ട  കടുത്ത പ്രതിസന്ധിക്ക് ശേഷം പുതിയ അധ്യായത്തിലേക്കാണ് തങ്ങള്‍ പ്രവേശിക്കുന്നതെന്നും അക്ബര്‍ അല്‍ബാക്കര്‍ പറഞ്ഞു.

Latest News