വിദ്യാലയങ്ങളില്‍ ലഹരി മരുന്ന് വിതരണം; കൊണ്ടോട്ടിയില്‍ രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി  - കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടത്തിവരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷറഫ് (30), കണ്ണൂര്‍ ചാലാട് സ്വദേശി കുഞ്ഞാമിനാസ് വീട്ടില്‍ സര്‍ഷാദ് (40) എന്നിവരെയാണ് കൊണ്ടോട്ടി ബസ്സ്റ്റാന്റ് പരിസരത്തുനിന്നു പിടികൂടിയത്.
അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ എട്ട് ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ ഇവരില്‍ നിന്നും കണ്ടെടുത്തു.
വിഷു, ഈസ്റ്റര്‍ ഉത്സവ ആഘോഷങ്ങള്‍ക്കിടെയുള്ള ചില്ലറ വില്‍പനക്കായി ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന്  കൊണ്ടുവന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ മുമ്പും സമാന രീതിയില്‍ മയക്കുമരുന്ന് കടത്തികൊണ്ടു വില്‍പന നടത്തിയിരുന്നതായി വിവരം ലഭിച്ചു. ഒരാഴ്ച മുമ്പ് എത്തിച്ച അര കിലോ ബ്രൗണ്‍ ഷുഗറുമായി രണ്ട് പേരെ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് കൊണ്ടോട്ടിയില്‍ നിന്നും പിടികൂടിയിരുന്നു. മയക്കുമരുന്നിന്റെ ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും, പ്രതികള്‍ക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നല്‍കിയവരെയും കുറിച്ചും  അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

 

Latest News