Sorry, you need to enable JavaScript to visit this website.

1994, മറഡോണക്ക് ബൈ ബൈ

ഫുട്‌ബോളിന് വലിയ പാരമ്പര്യമില്ലാത്ത അമേരിക്കയിലായിരുന്നു 1994 ലെ ലോകകപ്പ്. പക്ഷെ കാണികളുടെ വൻ പിന്തുണയാണ് ടൂർണമെന്റിന് ലഭിച്ചത്.
ബെബെറ്റോയും റൊമാരിയോയും ഗോളടിച്ച ശേഷം താരാട്ട് ആഘോഷിക്കുന്നു. ബെബെറ്റോക്ക് അക്കാലത്താണ് കുഞ്ഞ് ജനിച്ചത്. 
ചാമ്പ്യന്മാരായ ബ്രസീൽ ടീം
ഗ്രീസിനെതിരെ ഗോളടിച്ച ശേഷം മറഡോണ. അസാധാരണ പെരുമാറ്റമാണ് ഉത്തേജക പരിശോധനയിലേക്ക് നയിച്ചത്. 

അമേരിക്ക, 17 ജൂൺ-17 ജൂലൈ, 1994

 

ഫുട്‌ബോൾ പാരമ്പര്യമില്ലാത്ത അമേരിക്കയിൽ 1994 ലെ ലോകകപ്പ് നടത്തിയത് ഏറെ ആശങ്കയോടെയായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ ഓപ്ര വിൻഫ്രി വേദിയിൽ വീണതും കിക്കോഫ് ചെയ്ത ഗായിക ഡയാന റോസിന് പന്ത് രണ്ടടി ദൂരെ നിന്നടിച്ചിട്ടും ഗോളാക്കാനാവാതിരുന്നതും അശുഭലക്ഷണമായി. പക്ഷെ റെക്കോർഡ് കാണികൾ വീക്ഷിച്ച, ആവേശകരമായ ലോകകപ്പായി അത്. അടുത്ത നാലു ലോകകപ്പിലും കൂടുതൽ മത്സരങ്ങളുണ്ടായിരുന്നു. എന്നിട്ടും കാണികളുടെ എണ്ണത്തിൽ അമേരിക്കൻ ലോകകപ്പിനെ മറികടക്കാൻ അവക്കായില്ല. 
യോഗ്യതാ റൗണ്ട് തന്നെ നാടകീയമായിരുന്നു. അവസാന നാലു ലോകകപ്പുകളിൽ മൂന്നിലും ഫൈനൽ കളിച്ച അർജന്റീന ഇത്തവണ ഉണ്ടാവില്ലെന്നു തോന്നി. അവസാന യോഗ്യതാ മത്സരത്തിൽ ബ്യൂണസ് ഐറിസിൽ കൊളംബിയയോട് 0-5 ന് തകർന്നതോടെ അർജന്റീനക്ക് പ്ലേഓഫിന്റെ വഴി തേടേണ്ടി വന്നു. വിരമിച്ച മറഡോണ തിരിച്ചുവന്നാണ് ഓസ്‌ട്രേലിയക്കെതിരായ പ്ലേഓഫിൽ അവരെ നൂൽപാലം കടത്തിയത്. ഹോം മത്സരം 1-0 ന് ജയിച്ചു, സിഡ്‌നിയിൽ 1-1 സമനില. 1950 നു ശേഷം ആദ്യമായി ബൊളീവിയ ലോകകപ്പിനെത്തി. ഇറാനെ ഏഴു ഗോൾ ത്രില്ലറിൽ തോൽപിച്ച് ഏഷ്യയിൽനിന്ന് സൗദി അറേബ്യ ആദ്യമായി യോഗ്യത നേടി. ആഫ്രിക്കയിൽ നിന്ന് നൈജീരിയയും ആദ്യമായി ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. യൂറോപ്പിൽ നിന്ന് ഏറ്റവും വലിയ അസാന്നിധ്യം ഇംഗ്ലണ്ടായിരുന്നു. ഗ്രീസ് ആദ്യമായി യോഗ്യത നേടി, റഷ്യയെന്ന പേരിൽ റഷ്യയും ആദ്യ ലോകകപ്പിനെത്തി. ഫൈനൽ റൗണ്ട് സ്ഥാനം ഫ്രാൻസ് കളഞ്ഞുകുളിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്. ഒരു ഘട്ടത്തിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായിരുന്നു അവർ. എന്നാൽ അവസാന മത്സരങ്ങളിൽ ഇസ്രായിലിനോടും ബൾഗേറിയയോടും തോറ്റു. 


ഇറ്റലിക്കും അർജന്റീനക്കും ബ്രസീലിനുമാണ് കിരീടസാധ്യത കൽപിക്കപ്പെട്ടത്. കൊളംബിയ ലോകകപ്പ് നേടുമെന്ന് പെലെ പ്രവചിച്ചു. സ്‌പെയിനും സ്വീഡനും മികച്ച ടീമുകളായിരുന്നു.
ഗ്രൂപ്പ് എ-യിൽ ജോർജി ഹാജിയുടെ റുമാനിയയായിരുന്നു ടീം. സ്വിറ്റ്‌സർലന്റും അമേരിക്കയും ഒപ്പം മുന്നേറി. പെലെ കിരീടം പ്രവചിച്ച കൊളംബിയ പുറത്തായി. അമേരിക്കക്കെതിരായ മത്സരത്തിൽ സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയൻ ഡിഫന്റർ ആന്ദ്രെ എസ്‌കോബാർ നാട്ടിൽ തിരിച്ചെത്തിയയുടനെ കൊല്ലപ്പെടുകയും ചെയ്തു. 
കെന്നത് ആൻഡേഴ്‌സന്റെയും തോമസ് ബ്രോലിന്റെയും മാർടിൻ ഡാലിന്റെയും സ്വീഡനായിരുന്നു ഗ്രൂപ്പ് ബി-യിലെ ശ്രദ്ധിക്കപ്പെട്ട ടീം. ബ്രസീലിനു പിന്നിലായി അവർ രണ്ടാം റൗണ്ടിലെത്തി. ഗ്രൂപ്പ് സി-യിൽ അദ്ഭുതമൊന്നും സംഭവിച്ചില്ല. ജർമനിയും സ്‌പെയിനും രണ്ടാം റൗണ്ടിലെത്തി. ഗ്രൂപ്പ് ഡി-യിൽ ഗ്രീസിനും നൈജീരിയക്കുമെതിരായ കളികളിൽ മറഡോണ തകർപ്പൻ ഫോമിലായിരുന്നു. 21 ലോകകപ്പ് മത്സരങ്ങളുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. എന്നാൽ ബൾഗേറിയക്കെതിരായ അവസാന മത്സരത്തിന് മുമ്പ് മറഡോണ ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ടു. ലഹരി പദാർഥങ്ങളും ഉത്തേജകങ്ങളും അടിച്ചതായി തെളിഞ്ഞതിനെത്തുടർന്നാണ് ഇത്. വണ്ണം കുറക്കാനുള്ള മരുന്നുകളും അടിച്ചിട്ടുണ്ടാവാം. നൈജീരിയയും ബൾഗേറിയയും അർജന്റീനയും രണ്ടാം റൗണ്ടിലെത്തി. ഗ്രൂപ്പ് ഇ-യായിരുന്നു നാടകീയം. ഇറ്റലിയെ അയർലന്റ് അട്ടിമറിച്ചു. മെക്‌സിക്കോയുമായി ഇറ്റലി സമനില വഴങ്ങുകയും ചെയ്തു. ഗ്രൂപ്പിലെ നാലു ടീമുകൾക്കും നാല് പോയന്റ് വീതമായിരുന്നു. ഗോൾവ്യത്യാസത്തിൽ നോർവെ പുറത്തായി. 
ഒന്നാന്തരം ടീമുമായാണ് സൗദി വന്നത്. ഗോളി മുഹമ്മദ് അൽദഇയയും മുഹമ്മദ് അൽഖിലൈവിയും മാജിദ് അബ്ദുല്ലയും യുവ താരം സാമി അൽജാബിറുമൊക്കെ ഒന്നിനൊന്ന് മികച്ചു നിന്നു. നെതർലാന്റ്‌സിനെതിരെ ഇടവേളയിൽ സൗദി മുന്നിലായിരുന്നു. ദഇയയുടെ അപൂർവ പിഴവാണ് തോൽവിക്ക് കാരണമായത്. ബെൽജിയത്തെയും മൊറോക്കോയെയും സൗദി തോൽപിച്ചു. നെതർലാന്റ്‌സിനും സൗദിക്കും ബെൽജിയത്തിനും ഗ്രൂപ്പ് ഇ-യിൽ ആറ് പോയന്റ് വീതമായിരുന്നു. 
സൗദി രണ്ടാം റൗണ്ടിലും ഉജ്വലമായി കളിച്ചെങ്കിലും സ്വീഡനോട് തോറ്റു. അർജന്റീനയെ റുമാനിയ അട്ടിമറിച്ചു. നെതർലാന്റ്‌സിനോട് തോറ്റ് അയർലന്റും ബ്രസീലിനോട് തോറ്റ് ആതിഥേയരായ അമേരിക്കയും പുറത്തായി. എക്‌സ്ട്രാ ടൈമിലാണ് മറ്റു രണ്ടു കളികൾ വിധിയായത്. എൺപത്തെട്ടാം മിനിറ്റ് വരെ പിന്നിലായ ശേഷം നൈജീരിയയെ ഇറ്റലി എക്‌സ്ട്രാ ടൈമിൽ തോൽപിച്ചു. എഴുപത്താറാം മിനിറ്റിൽ പത്തു പേരായിച്ചുരുങ്ങിയ ശേഷമാണ് ഇറ്റലി ഗോൾ മടക്കിയത്. മെക്‌സിക്കോയെ ബൾഗേറിയ ഷൂട്ടൗട്ടിൽ കീഴടക്കി. 
അതുവരെ വിരസമായി നീങ്ങിയ ലോകകപ്പിന് ക്വാർട്ടറിലാണ് ജീവൻ വെച്ചത്. സ്‌പെയിൻ സർവം മറന്ന് ആക്രമിച്ചെങ്കിലും ഇറ്റലിയോട് തോറ്റു. നെതർലാന്റ്‌സ്-ബ്രസീൽ മത്സരം രണ്ടാം പകുതിയിലെ അര മണിക്കൂറിൽ ത്രസിപ്പിക്കുന്നതായി. 3-2 ന് ബ്രസീൽ ജയിച്ചു. ക്വാർട്ടർ ഫൈനലിലെത്തിയ ഏറ്റവും ദുർബല ടീമെന്നു കരുതിയ ബൾഗേറിയ നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ വകവരുത്തി. റുമാനിയയുടെ കുതിപ്പ് ഷൂട്ടൗട്ടിൽ സ്വീഡന് മുന്നിൽ അവസാനിച്ചു. എൺപത്തെട്ടാം മിനിറ്റിലെ ഗോളിലാണ് റുമാനിയ കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്വീഡൻ രണ്ടാമത്തെ ഗോളടിച്ച് കളി ഷൂട്ടൗട്ടിലെത്തിച്ചത് കളി തീരാൻ അഞ്ച് മിനിറ്റുള്ളപ്പോഴും. സെമി ഫൈനലിൽ ഇറ്റലി റോബർടൊ ബാജിയോയുടെ രണ്ട് മനോഹര ഗോളിൽ ബൾഗേറിയയെ തോൽപിച്ചു. ബ്രസീൽ റൊമാരിയോയുടെ ഗോളിൽ സ്വീഡനെ കീഴടക്കി. കൊടുംചൂടിൽ നടന്ന ഫൈനൽ വിരസമായിരുന്നു. ഷൂട്ടൗട്ടിൽ ഇറ്റലിയുടെ രണ്ട് അതുല്യ കളിക്കാരായ ഫ്രാങ്കൊ ബറേസിയും  റോബർടൊ ബാജിയോയും കിക്കുകൾ തുലച്ചു. 


ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനും അമേരിക്ക സാക്ഷിയായി. അരങ്ങേറ്റക്കാരായ സൗദി അറേബ്യയുടെ സഈദ് ഉവൈറാനായിരുന്നു മാന്ത്രിക ഗോളിന്റെ ശിൽപി. ബെൽജിയത്തിനെതിരായ മത്സരത്തിൽ സ്വന്തം പകുതിയിൽ പന്ത് സ്വീകരിച്ച ഉവൈറാൻ നിരവധി എതിരാളികളെ വെട്ടിച്ചുകടന്ന് ഗോൾ നേടിയത് ശ്വാസമടക്കിയാണ് ലോകം വീക്ഷിച്ചത്. 1986 ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനെ വെല്ലുന്നതായിരുന്നു അത്. ബെൽജിയത്തെയും മൊറോക്കോയെയും തോൽപിച്ച സൗദി രണ്ടാം റൗണ്ടിലേക്ക് മുന്നേറുകയും ചെയ്തു. സ്വീഡനു മുന്നിലാണ് ആ കുതിപ്പ് അവസാനിച്ചത്. കിരീടം നേടുമെന്ന് പെലെ പ്രവചിച്ച കൊളംബിയ നിരാശപ്പെടുത്തിയെങ്കിലും അയർലന്റും സ്വീഡനും റുമാനിയയും ബൾഗേറിയയുമൊക്കെ ഒന്നാന്തരമായി കളിച്ച് കാണികളെ കൈയിലെടുത്തു. സ്വീഡനും ബൾഗേറിയയും സെമിയിലെത്തി.
പുതിയ കാലത്തിന്റെ ലോകകപ്പായിരുന്നു അത്. സോവിയറ്റ് യൂനിയൻ ഛിദ്രമായ ശേഷം റഷ്യയുടെ അരങ്ങേറ്റമായിരുന്നു അത്. പാവെൽ സെദ്രിനെ കോച്ചായി നിയമിച്ചതിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖ കളിക്കാർ വിട്ടുനിന്നത് റഷ്യക്ക് കല്ലുകടിയായി. ജർമനികൾ ഒന്നായതോടെ 1938 നു ശേഷമാദ്യമായി ഐക്യ ജർമനി ഒരു ടീമായി കളിച്ചു. സെൽഫ് ഗോളടിച്ചതിന്റെ പേരിൽ കൊളംബിയയുടെ ആന്ദ്രെ എസ്‌കോബാറിനെ പന്തയ മാഫിയ വെടിവെച്ചു കൊന്നതും പുതിയ കാലത്തിന്റെ സാക്ഷ്യമായി. ആദ്യ റൗണ്ടിൽ പുറത്തായി ടീം തിരിച്ചെത്തിയ ശേഷം ഒരു ബാറിലായിരുന്നു എസ്‌കോബാർ കൊല്ലപ്പെട്ടത്.
1982 നു ശേഷം ഏറ്റവുമധികം ഗോളുകൾ കണ്ട ലോകകപ്പായിരുന്നു ഇത്. എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിലൊരാൾ നാണം കെട്ട് ലോകകപ്പിൽനിന്ന് വിടവാങ്ങുന്നതിന് അമേരിക്ക സാക്ഷിയായി, തടി കുറക്കാനുള്ള ഉത്തേജക മരുന്നടി പിടിച്ചതോടെയാണ് മറഡോണ പുറത്താക്കപ്പെട്ടത്. 
യൂറോപ്യൻ ചാമ്പ്യന്മാരായ ഡെന്മാർക്കിനും ഇംഗ്ലണ്ടിനും ഫ്രാൻസിനും ആ ലോകകപ്പിന് യോഗ്യത നേടാൻ പോലുമായില്ല. ഹ്രിസ്റ്റൊ സ്റ്റോയ്ച്‌കോവിന്റെ ബൾഗേറിയയായിരുന്നു അദ്ഭുത ടീം. സെമിയിലേക്കുള്ള കുതിപ്പിനിടെ അവർ ചാമ്പ്യന്മാരായ ജർമനിയുടെ കഥ കഴിച്ചു. 
വിജയത്തിന് മൂന്നു പോയന്റ് നൽകിയ ആദ്യ ലോകകപ്പായിരുന്നു അത്. അയർലന്റിനോട് തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരെന്ന ബലത്തിൽ ഇറ്റലി രണ്ടാം റൗണ്ടിൽ കടന്നുകൂടി. രണ്ടാം റൗണ്ടിൽ അവർ കന്നിക്കാരായ നൈജീരിയയോട് തോൽക്കുന്നതിന് 90 സെക്കന്റ് അരികിലെത്തിയതായിരുന്നു. എന്നാൽ റോബർട്ടൊ ബാജിയോയുടെ ഗോൾ കളി എക്‌സ്ട്രാ ടൈമിലേക്കു നീട്ടി. എക്‌സ്ട്രാ ടൈമിൽ വീണ്ടും ബാജിയൊ സ്‌കോർ ചെയ്തു. ക്വാർട്ടറിൽ അവസാന വേളയിലെ ബാജിയോയുടെ ഗോളിൽ സ്‌പെയിനിനെ ഇറ്റലി മറികടന്നു. സെമിയിൽ ബൾഗേറിയക്കെതിരെയും രണ്ടു തവണ ബാജിയൊ ലക്ഷ്യം കണ്ടു. ഫൈനലിൽ ബാജിയൊ പക്ഷെ വില്ലനായി. ഷൂട്ടൗട്ടിലെ അവസാന കിക്ക് ബാജിയൊ കാലിഫോർണിയാ മാനത്തേക്ക് തൊടുത്തുവിട്ടു. കണ്ണീരോടെ ബാജിയൊ കളം വിടുന്നതാണ് ആ ഫൈനലിലെ ഏക അവിസ്മരണീയ രംഗം. 
കാമറൂണിനെതിരായ 6-1 ജയത്തിൽ റഷ്യയുടെ ഒലെഗ് സാലങ്കൊ അഞ്ചു ഗോൾ നേടി. അതേ മത്സരത്തിൽ ഗോളടിച്ച കാമറൂണിന്റെ റോജർ മില്ലയും റെക്കോർഡിട്ടു. 42 വയസ്സും ഒരു മാസവും എട്ടു ദിവസവുമുള്ള മില്ല പ്രായമേറിയ ഗോളടിക്കാരനായി. തുടർച്ചയായ മൂന്നാം ലോകകപ്പിലും മില്ല പ്രായമേറിയ ഗോളടിക്കാരനെന്ന റെക്കോർഡിട്ടു.


പതിനേഴുകാരനായ റൊണാൾഡോയെ ടൂർണമെന്റ് മുഴുവൻ ബ്രസീൽ റിസർവ് ബെഞ്ചിലിരുത്തി. സൗന്ദര്യം തുളുമ്പുന്ന പതിവ് കളി പുറത്തെടുത്തില്ലെങ്കിലും റൊമാരിയോയുടെയും ബെബെറ്റോയുടെയും കരുത്തിൽ ബ്രസീൽ ഒഴുക്കോടെ മുന്നേറുകയായിരുന്നു. ഈയിടെ പിറന്ന കുഞ്ഞിനെയോർമിപ്പിച്ച് കളിത്തൊട്ടിലാട്ടി ബെബെറ്റോ ഗോളുകൾ ആഘോഷിച്ചു. നെതർലാന്റ്‌സിനെതിരായ അവരുടെ ക്വാർട്ടർ ത്രസിപ്പിക്കുന്നതായിരുന്നു, 3-2 ന് ബ്രസീൽ ജയിച്ചു. സ്വീഡനെതിരായ സെമിയിൽ റൊമാരിയോ ബ്രസീലിന്റെ വിജയ ഗോൾ നേടി. 1970 ലെ സ്വപ്ന ഫൈനലിന്റെ ആവർത്തനമായിരുന്നു കലാശപ്പോരാട്ടം. ഒന്നാന്തരം ടൂർണമെന്റിന് പറ്റിയ ഫൈനലായിരുന്നു അത്. ഇറ്റലിയും ബ്രസീലും തമ്മിലുള്ള ഫൈനലിൽ തീപ്പാറുമെന്നു തോന്നി. പക്ഷെ ഒരു ഗോളവസരം പോലും പിറക്കാത്ത ഫൈനൽ ആന്റി ക്ലൈമാക്‌സായി. ഷൂട്ടൗട്ട് കണ്ട ആദ്യ ഫൈനലായിരുന്നു അത്. ടൂർണമെന്റിലെ മികച്ച കളിക്കാരിലൊരാളായ ബാജിയൊ തന്നെ നിർണായക കിക്ക് പാഴാക്കി. കാർലോസ് ആൽബർട്ടൊ പെരേരയുടെ കോച്ചിംഗിൽ, കാർലോസ് ഡുംഗയുടെ നായകത്വത്തിൽ ബ്രസീൽ നാലു തവണ ചാമ്പ്യന്മാരാവുന്ന ആദ്യ ടീമായി. രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ട ബ്രസീലിന്റെ എഫ്-1 സൂപ്പർ താരം അയേട്ടൺ സെന്നക്ക് അവർ ലോകകപ്പ് സമർപ്പിച്ചു.
ജഴ്‌സിയിൽ കളിക്കാരുടെ പേര് പ്രദർശിപ്പിച്ചു തുടങ്ങിയത് ഈ ലോകകപ്പിലായിരുന്നു. പോണ്ടിയാക് സിൽവർഡോമിലെ അമേരിക്ക-സ്വിറ്റ്‌സർലന്റ് മത്സരം ഇൻഡോർ സ്‌റ്റേഡിയത്തിലെ ആദ്യ ലോകകപ്പ് മത്സരമായി. യോഗ്യതാ റൗണ്ടിൽ ബ്രസീലിനെതിരായ മത്സരത്തിൽ റഫറിയെ കബളിപ്പിച്ച് ഗോളി റോബർടൊ റോഹാസ് വീഴ്ച അഭിനയിച്ചതിന് ചിലിയെ വിലക്കി. 
റഷ്യയുടെ ഒലെഗ് സാലങ്കോയാണ് ടോപ്‌സ്‌കോററായത്. ആറു ഗോൾ. അതിൽ അഞ്ചും കാമറൂണിനെതിരായ കളിയിലായിരുന്നു. 

ആതിഥേയർ: അമേരിക്ക, ചാമ്പ്യന്മാർ: ബ്രസീൽ
ടീമുകൾ: 24, മത്സരങ്ങൾ: 52
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 147
ടോപ്‌സ്‌കോറർ: ഒലെഗ് സാലങ്കൊ (റഷ്യ), ഹ്രിസ്റ്റൊ സ്റ്റോയ്ച്‌കോവ് (ബൾഗേറിയ, 6)
പ്രധാന അസാന്നിധ്യം: ഇംഗ്ലണ്ട്, ഫ്രാൻസ്
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: ഗ്രീസ്, നൈജീരിയ, സൗദി അറേബ്യ
ആകെ ഗോൾ 141 (ശരാശരി 2.71), കൂടുതൽ ഗോളടിച്ചത് സ്വീഡൻ (15)
മത്സരക്രമം: നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച റെക്കോർഡുള്ള നാല് മൂന്നാം സ്ഥാനക്കാരും പ്രി ക്വാർട്ടറിൽ. 

 

അറിയാമോ? 
-1994 ൽ സെമിയിലെത്തുന്നതിനു മുമ്പ് അഞ്ച് ലോകകപ്പുകളിൽ ഒരു കളി പോലും ജയിക്കാൻ ബൾഗേറിയക്ക് സാധിച്ചിരുന്നില്ല.
-യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനോട് സാൻ മരീനൊ 7-1 ന് തോറ്റു. ആദ്യം ഗോളടിച്ചത് സാൻ മരീനോയാണ്, എട്ടര സെക്കന്റാവുമ്പോഴേക്കായിരുന്നു ഗോൾ.
-കാമറൂണിനെതിരായ മത്സരത്തിൽ റഷ്യയുടെ ഒലെഗ് സാലെങ്കൊ അഞ്ചു ഗോളടിച്ചു. സ്വീഡനെതിരെ ഒരു പെനാൽട്ടി ഗോളും നേടി. ടൂർണമെന്റിലെ ടോപ്‌സ്‌കോററായി. പക്ഷെ ഈ ലോകകപ്പിനു ശേഷം റഷ്യൻ ടീമിലേക്ക് സാലെങ്കൊ തെരഞ്ഞെടുക്കപ്പെട്ടില്ല. അതേ മത്സരത്തിൽ ഗോളടിച്ച കാമറൂണിന്റെ റോജർ മില്ലയും റെക്കോർഡിട്ടു. 42 വയസ്സും ഒരു മാസവും എട്ടു ദിവസവുമുള്ള മില്ല പ്രായമേറിയ ഗോളടിക്കാരനായി. 
-മിഗ്വേൽ ആഞ്ചൽ നദാലായിരുന്നു സ്‌പെയിൻ പ്രതിരോധത്തിലെ ശക്തിദുർഗം. ടെന്നിസ് താരം റഫായേൽ നദാലിന്റെ അമ്മാവനാണ് ആഞ്ചൽ നദാൽ. റഫായേൽ നദാലിനെ പരിശീലിപ്പിക്കുന്നത് ആഞ്ചൽ നദാലിന്റെ ജ്യേഷ്ഠൻ ടോണിയും.
-റുമാനിയയുടെ മിഡ്ഫീൽഡർ യോർദൻ ലെച്‌കോവ് പ്രാദേശിക ക്ലബ് സ്ലിവനിലാണ് കരിയർ ആരംഭിച്ചത്. പിൽക്കാലത്ത് സ്ലിവൻ നഗരത്തിലെ മേയറായി അദ്ദേഹം.  

രാത്രിഞ്ചരൻ

രാവുകളാണ് എന്റെ കൂട്ടുകാർ എന്ന് പ്രഖ്യാപിച്ചിട്ടുള്ളയാണ് റൊമാരിയൊ ഫരിയ ഡിസൂസ. വിവാദങ്ങൾ എന്നും കൂട്ടാണ്. അച്ചടക്ക ലംഘനമാണ് കൈയിലിരിപ്പ്. പക്ഷെ പെനാൽട്ടി ബോക്‌സിൽ റൊമാരിയോയെ വെല്ലാൻ അധികമാർക്കുമാവില്ല. പുറത്ത് പ്രക്ഷുബ്ധനായ ഈ സ്‌ട്രൈക്കർ ബോക്‌സിൽ ബുദ്ധനെപ്പോലെ ശാന്തനാണ്. പെലെ കഴിഞ്ഞാൽ ബ്രസീലിനുവേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് റൊമാരിയൊ. 
1988 ലെ ഒളിംപിക്‌സിൽ ആറ് കളികളിൽ ഏഴ് ഗോളടിച്ച് ടോപ്‌സ്‌കോററായതോടെയാണ് റൊമാരിയൊ ശ്രദ്ധയിലേക്കു വന്നത്. അതോടെ ഡച്ച് വമ്പന്മാരായ പി.എസ്.വി ഐന്തോവൻ സ്വന്തമാക്കി. 1989 ൽ ഉറുഗ്വായ്‌ക്കെതിരായ കോപ അമേരിക്ക ഫൈനലിൽ മാരക്കാനായിൽ വിജയ ഗോളടിച്ചതോടെ ബ്രസീലുകാരുടെ പ്രിയ താരമായി. എന്നാൽ പരിക്കു കാരണം 1990 ലെ ലോകകപ്പിൽ മിക്കവാറും റിസർവ് ബെഞ്ചിലായിരുന്നു.
1993 ൽ ബാഴ്‌സലോണയിൽ ചേർന്നു. എന്നിട്ടും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ റൊമാരിയൊ ബ്രസീൽ ടീമിലുണ്ടായിരുന്നില്ല. തുടർച്ചയായ തിരിച്ചടികൾക്കൊടുവിൽ റൊമാരിയോയെ ടീമിലേക്ക് വിളിക്കാൻ കോച്ച് നിർബന്ധിതമായി. നിർണായക മത്സരത്തിൽ ഉറുഗ്വായ്‌ക്കെതിരെ രണ്ടു ഗോളടിച്ച് ബ്രസീലിന് യോഗ്യത നേടിക്കൊടുത്തു. റൊമാരിയൊ അവിടെ നിന്നില്ല. ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച ശേഷമേ ആ കുതിപ്പ് നിന്നുള്ളൂ. ആക്രമണത്തിന്റെ പതിവുശൈലി വിട്ട് ബ്രസീൽ പ്രായോഗികതയുടെ മധ്യമാർഗം സ്വീകരിച്ച ആ ലോകകപ്പിൽ ടീമിന്റെ കുന്തമുനയായിരുന്നു റൊമാരിയൊ. സ്വീഡനെതിരെ ഗ്രൂപ്പ് മത്സരത്തിലും സെമിയിലും സ്‌കോർ ചെയ്തു. കാമറൂൺ, റഷ്യ, നെതർലാന്റ്‌സ് ടീമുകൾക്കെതിരെയും ഗോളടിച്ചു. ടൂർണമെന്റിലെ  മികച്ച കളിക്കാരനും റൊമാരിയൊ ആയിരുന്നു.
1998 ൽ പരിക്കു കാരണം ലോകകപ്പ് നഷ്ടപ്പെട്ടു. 2001 ലും 2002 ലും ബ്രസീൽ ലീഗിലെ ടോപ്‌സ്‌കോററായ റൊമാരിയോയെ 2002 ലോകകപ്പ് ടീമിലെടുക്കാൻ കനത്ത സമ്മർദ്ദമുണ്ടായെങ്കിലും കോച്ച് ലൂയിസ് ഫെലിപ്പെ സ്‌കൊളാരി വിസമ്മതിച്ചു. പ്രൊഫഷനൽ ഫുട്‌ബോളിൽ ആയിരത്തിലേറെ ഗോളടിച്ചുവെന്നാണ് റൊമാരിയൊ അവകാശപ്പെടുന്നത്. 
1994 ലെ ലോകകപ്പിലെ മികച്ച കളിക്കാരനായിരുന്നു. ഫിഫ പ്ലയർ ഓഫ് ദ ഇയറുമായി. ഐന്തോവനുമൊത്ത് മൂന്നു തവണ ഡച്ച് ലീഗ് ചാമ്പ്യനായി. ഹ്രിസ്റ്റൊ സ്റ്റോയ്ച്‌കോവ്, പെപ് ഗാഡിയോള, മൈക്കിൾ ലൗഡ്രപ്, റൊണാൾഡ് കൂമാൻ, റൊമാരിയൊ തുടങ്ങിയവരുൾപ്പെട്ട ബാഴ്‌സലോണ ടീം 1993-94 ൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായി. ആ വർഷം റൊമാരിയൊ ലീഗിലെ ടോപ് സ്‌കോററുമായി. പലതവണ വിരമിക്കുകയും തിരിച്ചുവരികയും ചെയ്തു. 
റൊമാരിയൊ-റൊണാൾഡൊ റൊ-റൊ കൂട്ടുകെട്ട് പ്രശസ്തമാണ്. 1997 ലെ കോൺഫെഡറേഷൻസ് കപ്പിൽ ഓസ്‌ട്രേലിയക്കെതിരായ 6-0 വിജയത്തിൽ ഇരുവരും ഹാട്രിക് നേടി. 


 

Latest News