ലക്ഷദ്വീപിന്റെ രുചികൾ പലതും മലബാറിന് പ്രിയപ്പെട്ടതാണ്. ദ്വീപും കരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളം പോലെ ആഴമുണ്ട് അതിനും.
മലബാറിലെ മക്കയായ പൊന്നാനിയുടെ നോമ്പുകാല രുചികളിൽ ഒന്നായിരുന്നു മാസ്. ലക്ഷദ്വീപിൽ ചൂര മീൻ (ട്യൂണ)
പ്രത്യേക തരത്തിൽ സംസ്‌കരിച്ചതാണ് മാസ്. പ്രത്യേക ചൂടിൽ ആവിയിൽ പുഴുങ്ങി ഉണക്കിയെടുക്കുകയാണ് ചെയ്യുക.
ലക്ഷദ്വീപിലും മാലിദ്വീപിലുമെല്ലാം വ്യാപകമായ ഈ മീൻ പഴയ കാലം മുതലേ മലബാറിന്റെ തീരങ്ങളിലും പ്രചുരപ്രചാരത്തിലുണ്ട്. ചൂര പുഴുങ്ങി പ്രത്യേക തരത്തിൽ കഷ്ണങ്ങളാക്കി ഉണക്കിയെടുത്താണ് മാസ് ഉണ്ടാക്കുന്നത്. കാഴ്ചയിൽ ചെറിയ മരക്കഷ്ണം പോലെ തോന്നിക്കുന്ന ഇതിന് മറ്റു ഉണക്ക മത്സ്യങ്ങളെ പോലെ കൂടുതൽ ഉപ്പ് രുചിയോ രൂക്ഷമായ മണമോ ഇല്ല. ചൂര മത്സ്യ ബന്ധനത്തിനിടെ ബോട്ടിൽ വെച്ചു തന്നെ തിളച്ച എണ്ണയിൽ ടിന്നിലടച്ച് കയറ്റി അയക്കുന്ന ട്യൂണ മത്സ്യത്തിനും ലോകത്ത് പലയിടത്തും മികച്ച മാർക്കറ്റുണ്ട്. എന്നാൽ പ്രത്യേക പാക്കിംഗൊന്നുമില്ലാതെ എത്തുന്ന മാസിന് കാലങ്ങൾക്ക് മുമ്പേ വലിയ ഡിമാന്റാണ്. നോമ്പുകാലത്താണ് ഏറെ പ്രിയം.
മാസ് കൊണ്ടുള്ള കറികൾ നോമ്പുതുറ സമയത്ത് പത്തിരി, ദോശ തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും അത്താഴ സമയത്തെ ചോറിനും വിശേഷപ്പെട്ടതാണ്. പൊന്നാനിക്കാരുടെ നോമ്പുകാല വിഭവങ്ങളിൽ മാസ് ചമ്മന്തിക്കും കറിക്കുമെല്ലാം സവിശേഷ സ്ഥാനം തന്നെയുണ്ടായിരുന്നു. മാസും കൂട്ടിയരച്ച തേങ്ങാചമ്മന്തി അത്താഴത്തിന് പ്രധാനമായിരുന്നു. നോമ്പുകാലത്ത് മുരിങ്ങയിലയോടൊപ്പവും മാസ് കറി വെച്ചിരുന്നു.
അപൂർവമായി മാസ് ബിരിയാണിയും അടുക്കളകളിൽ ഒരുങ്ങി. അച്ചാറിട്ടും മറ്റും മാസിന്റെ രുചി ഭേദങ്ങൾ തീർത്തിരുന്ന ഓർമ പഴയ തലമുറക്ക് പങ്കുവെക്കാനുണ്ട്. നോമ്പുകാലത്ത് മാസിന് പൊന്നാനിയിൽ ആവശ്യക്കാരേറും.

ബേപ്പൂർ വഴിയാണ് പൊന്നാനിയിലേക്ക് മാസ് എത്തുന്നത്. പൊന്നാനി അങ്ങാടിയിലെ കണ്ടത്ത് വീട്ടിൽ കുഞ്ഞീന്റെയും ഹൽവക്കാരൻ കോയട്ടിയുടെയും കടകളിലാണ് മുൻകാലങ്ങളിൽ മാസ് വിറ്റിരുന്നത്. പഴയതു പോലെ ആവശ്യക്കാരില്ലെങ്കിലും ഇപ്പോഴും പലപ്പോഴും ഏറെ ശ്രമകരമായാണ് മാസ് വരുത്തിക്കുന്നത്. കഴിഞ്ഞ റമദാനിൽ കിലോക്ക് 700 രൂപയായിരുന്നു വില.
പൊന്നാനിയിലേക്കും മറ്റും മതപഠനത്തിന് എത്തിയിരുന്നവരും മാസ് കൊണ്ടു വന്നിരുന്നു. ദ്വീപിലെ മിനിക്കോയിയിൽ നിന്നാണ് പൊന്നാനിയിലേക്ക് പ്രധാനമായും മാസ് എത്തിയിരുന്നത്.
വിദേശ രാജ്യങ്ങളിലേക്കും കയറ്റിപ്പോകുന്നുണ്ട്. നാട്ടിൽ ലഭിക്കുന്ന ചൂര മാസിന് പോരെന്നാണ് പരിചയ സമ്പന്നരുടെ പക്ഷം. ദ്വീപിനോട് ചേർന്ന കടലിൽ നിന്ന് സുലഭമായി കിട്ടുന്ന ചൂരയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
വലിയ ചൂരമീനുകളെ നടു പിളർന്ന് തലയും കുടലും മുള്ളും നീക്കിയെടുത്താണ് മാസ് തയാറാക്കുന്നത്. പ്രത്യേക അനുപാതത്തിൽ കടൽജലവും ശുദ്ധജലവും ചേർത്തു തിളപ്പിച്ചാണ് മീൻ പുഴുങ്ങുന്നത്. നാലഞ്ച് മണിക്കൂർ പുക കൊള്ളിച്ച ശേഷം രണ്ടായി മുറിച്ച് ഉണക്കാൻ വെക്കും. ഒരാഴ്ചയെങ്കിലും ഉണക്കണം. വെയിലത്താണ് സാധാരണ ഉണക്കിയെടുക്കുക.
മാംസ ഭാഗത്തിന് ഇരുണ്ട തവിട്ടു നിറമായാൽ മാസ് റെഡിയായി. ദ്വീപിലെ കുടിൽ വ്യവസായമായും ഇത് ഉണ്ടാക്കുന്നു. വിദേശ രാജ്യങ്ങളിലേക്കടക്കം കയറ്റിപ്പോകുന്നുമുണ്ട്. ദ്വീപിൽ നിന്നുള്ള ചക്കര (ശർക്കര) ക്കും വലിയ പ്രിയമായിരുന്നു മലബാറിൽ. കുഴമ്പ് രൂപത്തിലാണ് ദ്വീപിച്ചക്കര. നോമ്പിന്റെ അവസാന നാളുകളിൽ പെരുന്നാളിനെ വരവേൽക്കുന്നതിനായി പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവുണ്ട്. അങ്ങനെ ഉണ്ടാക്കുന്ന അരീരപ്പം, ബിണ്ടി ഹൽവ എന്നിവയ്ക്ക് ദ്വീപിച്ചക്കര വ്യാപകമായി ചേർത്തിരുന്നു. കിലോക്ക് ആയിരത്തിലേറെയാണ് വില.






